നിരവധി മോഷണകേസുകളിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : നിരവധി മോഷണകേസിലെ പ്രതിയും ഏഴോളം സ്റ്റേഷനുകളിൽ വാറണ്ട് നിലവിലുള്ളയാളുമായ മാള മഠത്തുംപടി സ്വദേശി വാഴക്കൂട്ടത്തിൽ വീട്ടിൽ സന്തോഷിനെ (42 വയസ്) റൂറൽ എസ്.പി.ജി. പൂങ്കുഴലി ഐ.പി. എസിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈഎസ്.പി. ബാബു കെ.തോമസിൻ്റെയും മാള ഇൻസ്പെക്ടർ വി. സജിൻ ശശിയുടെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. മാളയിലെ ഒരു കളവു കേസിന്റെ അന്വേഷണത്തിനിടെയാണ് സന്തോഷ് പിടിയിലായത്. 2019 ൽ പേരാമംഗലം സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ മേഷണത്തിനെത്തിയ ഇയാളും സംഘവും മോഷണ ശേഷം വീടിന്റെ ഗെയ്റ്റ് തന്നെ എടുത്തു മാറ്റി കാറും മോഷ്ടിച്ചു കൊണ്ടുപോയ ആളാണ്. അവസാനം ജയിലിൽ നിന്ന് ഇറങ്ങി രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഏറണാകുളം ജില്ലയിലെ ആലുവ, പറവൂർ,ചെങ്ങമനാട്, മാള,കൊരട്ടി, ചാലക്കുടി ആളൂർ, പേരാമംഗലം സ്റ്റേഷനുകളിൽ ഇയാൾക്ക് വാറണ്ട് ഉണ്ട്.

സാമ്പാളൂർ പള്ളിയിലും തുമ്പൂർ പള്ളിയിലും മോഷണം നടത്തിയതിന് ഇയാൾക്ക് കേസുണ്ട്. കൂടാതെ നിരവധി ഭണ്ഡാരമോഷണവും വ്യാപാരസ്ഥാപനങ്ങളിൽ മോഷണവും വാഹനമോഷണവും നടത്തിയിട്ടുള്ളയാളാണ്. പല സ്ഥലങ്ങളിലും മാറി മാറി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മഫ്തിയിലെത്തിയാണ് പോലീസ് സംഘം ഇയ്യാളെ കസ്റ്റഡിയിലെടുത്തത്.എസ്. ഐ. മധു, എ എസ്.ഐ.മാരായ ഒ എച്ച് ബിജു, സുധാകരൻ, സീനിയർ സി.പി.ഒ.മാരായ ഇ.എസ്. ജീവൻ, മിഥുൻ കൃഷ്ണ, കെ.എസ് ഉമേഷ്, സോണി സേവ്യർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ശിക്ഷ കഴിഞ്ഞിറങ്ങായാൽ യാത്ര ചെയ്യാൻ ബൈക്കും മോഷ്ടിക്കും. ചെറുപ്പം മുതലേ മോഷണം തുടങ്ങിയ സന്തോഷ് പോലീസ് പിടിച്ച് ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങി പിന്നീട് ഒളിവിൽ പോയി മോഷണം നടത്തി ജീവിക്കുന്നയാളാണ്. ഓരോ തവണ ജയിലിൽ നിന്ന് ഇറങ്ങുമ്പോഴും യാത്ര ചെയ്യാൻ വാഹനങ്ങൾ മോഷ്ടിക്കുന്ന ശീലം ഇയാൾക്കുണ്ട്. ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ കുത്തിപ്പൊളിച്ച് പല തവണ ജയിലിൽ പോയിട്ടുണ്ട്.

Leave a comment

Top