കൈമുക്ക് മനയിൽ കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാടിൻ്റെ സഞ്ചയനത്തോട് അനുബന്ധിച്ച് നടന്നുവരുന്ന അപൂർവമായ ദശമം കൂത്ത് (ചുടലക്കൂത്ത്) അവതരണം : ഡോ. അപർണ നങ്ങ്യാർ – ഇപ്പോൾ തത്സമയം

കൊടകരക്കടുത്ത് കൈമുക്ക് മനയിൽ കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാടിൻ്റെ സഞ്ചയനത്തോട് അനുബന്ധിച്ച് ഭാഗവതം പുരാണത്തിലെ ദശമസ്കന്ധത്തിലെ കൃഷ്ണാവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ഭാഗമാണ് ദശമം കൂത്തിൽ അവതരിപ്പിക്കുന്നത്.

അതിരാത്രം ചെയ്തിട്ടുള്ള അക്കിത്തിരി മരിച്ചാൽ സഞ്ചയനത്തിന് അദ്ദേഹത്തിൻ്റെയും പത്നിയുടെയും മോക്ഷാർത്ഥം ആണ് ഇത് അവതരിപ്പിക്കുന്നത്. മരിച്ച അക്കിത്തിരിയുടെ ഗൃഹാങ്കണത്തിൽ പത്നിക്ക് കാണാൻ സൗകര്യപ്രദമായി കിഴക്ക് അഭിമുഖമായി പ്രത്യേക കണക്കിൽ കൂത്തമ്പലം പോലെ ശാല നിർമ്മിച്ച് അവിടെ അരങ്ങിനു മുന്നിലായി അസ്ഥി സ്ഥാപിച്ച് പിന്നെ അരങ്ങിൽ 3 ദിവസങ്ങളിലായി രാവിലേയും വൈകുന്നേരവുമായി ആറ് അരങ്ങുകളായി കൃഷ്ണാവതാരം മുതൽ സ്വർഗ്ഗാരോഹോണം വരെയുള്ള ഭാഗങ്ങൾ ശ്ലോകം ചൊല്ലി അഭിനയിക്കുന്നു. അസ്ഥി കൂത്തരങ്ങിന് മുന്നിൽ വച്ച് കൂത്തഭിനയിക്കുന്നത് കൊണ്ട് ഈ ദശമം കൂത്തിന് ചുടലക്കൂത്ത് എന്നും ഒരു പേര് പറഞ്ഞു വരുന്നു.

ഘൃതാചി എന്ന അപ്സരസ്ത്രിക്ക് ഒരു ശാപം കിട്ടിയെന്നും ശാപമോക്ഷമായി ലോഷ്ടതിരിയുടെ (അക്കിത്തിരിയുടെ ) സഞ്ചയനത്തോടനുബന്ധിച്ച് ദശമം അഭിനയിച്ചാൽ മോക്ഷം കിട്ടുമെന്നും അനുഗ്രഹിച്ചു. ഈ ഘൃതാചി വംശജരാണ് നങ്ങ്യാരമ്മമാർ എന്നും ഒരു ഐതീഹ്യം പറഞ്ഞു വരുന്നു. ഏകദേശം 300 കൊല്ലങ്ങൾക്ക് മുൻപ് അവതരിപ്പിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്ന ഈ കൂത്ത് 2014ൽ നന്തിക്കരയിലെ നടുവം മനയിലെ അക്കിത്തിരിപ്പാടിൻ്റെ സഞ്ജയനത്തോട് അനുബന്ധിച്ച് നടത്തിയിട്ടുണ്ട്.

പന്തൽ, കൈമുക്ക് തുടങ്ങിയ വൈദികന്മാരുടെ ഗ്രന്ഥങ്ങളിൽ നിന്ന് ലഭിച്ച ക്രമദീപികയും മറ്റു വിവരങ്ങളും ഉപയോഗിച്ച് കൂടിയാട്ട രംഗത്തെ ആചാര്യനായ അമ്മന്നൂർ കുട്ടൻ ചാക്യാർ അത് പോലെ മറ്റു സംസ്കൃത വേദ പണ്ഡിതന്മാർ എന്നിവരുമായി ആലോചിച്ചാണ് ഡോ. അപർണ നങ്ങ്യാർ ഇത് അവതരണ യോഗ്യമാക്കിത്തീർത്തത്.

ഇതിന് മുൻപ് നടുവം മനയിലും ഇപ്പോൾ കൈമുക്ക് മനയിലും അപർണ തന്നെയാണ് ഇത് അവതരിപ്പിക്കുന്നത് 2021 ആഗസ്റ്റ് 5 ,6, 7 തിയ്യതികളിൽ രണ്ടു നേരവുംഈ അവതരണങ്ങൾ നടക്കും സഞ്ജയനത്തെ തുടർന്ന് സമീപത്തുള്ള വിഷ്ണു ക്ഷേത്രത്തിൽ കൂടി അവതരിപ്പിക്കണം എന്നാലേ പൂർണ്ണമാവൂ എന്നുകൂടി ഗ്രന്ഥ വിധിയുണ്ട്.

അതിരാത്രം ചെയ്ത യജുർവേദികളായ ബോധയനൻമാർ മരിക്കുമ്പോൾ പത്നി ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ മാത്രം സഞ്ചയനത്തിന് ദശമം കൂത്ത് അവതരിപ്പിച്ചാൽ മതി അല്ലെങ്കിൽ വേണ്ട എന്നും വിധി ഉണ്ട്.

അവതരണം : ഡോ. അപർണ നങ്ങ്യാർ, മിഴാവ് : കലാമണ്ഡലം കെ പി നാരായണൻ നമ്പ്യാർ, താളം: ഇന്ദിര നങ്ങ്യാർ

ചിത്രങ്ങൾ കടപ്പാട് : സുന്ദർ നാരായണ സ്വാമി
Leave a comment

Top