ബ്രഹ്മശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരി – കഥകളിയിലെ മഹാ പണ്ഡിതൻ

ബ്രഹ്മശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരി ( 1940 -2021) – കഥകളിയിലെ മഹാ പണ്ഡിതൻ കഴിഞ്ഞ ദിവസം അന്തരിച്ച കഥകളി ആചാര്യൻ ബ്രഹ്മശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയെ (82) ക്കുറിച്ചു പൊതുവെ പറയാറുള്ളതാണ് ഈ വിശേഷണം. അദ്ദേഹവുമായി ഇടപഴകിയിട്ടുള്ള ആരും ഇത് ശരിവെക്കുകയും ചെയ്യും. കഥകളിയിൽ നടൻമാർ ഏറെ ഉണ്ട്. എന്നാൽ പണ്ഡിതന്മാർ അധികമില്ല. പാണ്ഡിത്യം ആണ് മനോധർമത്തിന്‍റെ ആധാരം. സത്വഗുണവും ( ഉദാ: കുചേലൻ) താമസ ഗുണവും( ഉദാ: താടി വേഷങ്ങൾ) ഒരു പോലെ ശ്രീ നെല്ലിയോടിന് വഴങ്ങിയിരുന്നതും ഈ . പാണ്ഡിത്യം മൂലമാകണം ഒരിക്കൽ അദ്ദേഹം പറയുകയുണ്ടായിട്ടുണ്ട് മുഖസൗന്ദര്യം ഇല്ലാത്തതു മൂലമാണ് അദ്ദേഹം താടി വേഷങ്ങൾക്കനുയോജ്യനായതെന്നു. ” പൊക്കമില്ലായ്മയാണെന്‍റെ പൊക്കം” എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ സൗന്ദര്യമില്ലായ്മയാണ് ഒരു പക്ഷെ അദ്ദേഹത്തിന്‍റെ മഹത്വം. അല്ലെങ്കിൽ പ്രഗത്ഭനായ ഒരു ചുവന്നതാടി വേഷക്കാരനെ നമുക്ക് നഷ്ടപ്പെട്ടേനെ.

ഞാൻ അദ്ദേഹത്തിനെ നേരിട്ട് പരിചയപ്പെടുന്നത് 1980 ലാണ്, ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്‍റെ ഭാരവാഹിയായിരുന്ന കാലത്തു. ബാലി വിജയമായിരുന്നു കഥ. നെല്ലിയോടിന്‍റെ ബാലി. ഒരു നാലുമണി ആയിക്കാണും ഒരു മെലിഞ്ഞ മനുഷ്യൻ ഹാളിലേക്ക് കയറി വരുന്നു. കൈയിൽ ചെറിയൊരു ബാഗുമുണ്ട്. കണ്ടാൽ ബ്രാഹ്മണാണെന്നു അറിയാം. നിഷ്കളങ്കമായ പെരുമാറ്റം. കളി കാണാൻ ആരെങ്കിലും നേരത്തെ എത്തിയതാണെന്നാണ് കരുതിയത്. ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും പരമേശ്വരൻ (ചുട്ടി കലാകാരൻ) വന്നു ഭവ്യതയോടെ അദ്ദേഹത്തെ സ്വീകരിച്ചു. എന്നിട്ടു പരിചയപ്പെടുത്തി ” അറിയില്ലേ നെല്ലിയോട് തിരുമേനി” ഞാൻ ആകെ ആശ്ചയപ്പെട്ടു ഈ കൃശഗാത്രനാണോ ബാഹുബലിയായ ബാലിയെ അവതരിപ്പിക്കുന്നത്? സാധാരണയായി ചുവന്ന താടി കെട്ടുന്ന കലാകാരന്മാർ ആരോഗ്യദൃഢ ഗാത്രരായിട്ടാണ് കണ്ടിരിക്കുന്നത്. പക്ഷെ വേഷപ്പകർച്ച കൊണ്ട് അദ്ദേഹം അരങ്ങത്തു ഒരു ബാലിയായി മാറുകയായിരുന്നു.

കഥകളിയിൽ അതിസൂക്ഷ്മമായ കാര്യങ്ങൾക്കു പോലും പരിപൂർണത വരുത്താൻ അദ്ദേഹം ശ്രമിക്കുമായിരുന്നു. ഒരിക്കൽ പ്രഹ്ളാദ ചരിതം കഥ അരങ്ങേറുകയാണ്. നരസിംഹമാണ് ആശാന്റെ വേഷം. അന്ന് ഒരു ഫയർ വര്ക്സ്ൻടെ കടപ്പാടോടെ ഒരു ചെറിയ വെടിക്കെട്ട് തന്നെ ഒരുക്കിയിരുന്നു നരസിംഹാവതാര സമയത്തു പൊട്ടിക്കാൻ. അത് നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. “വെടിക്കെട്ട് ഗംഭീരമാക്കണം” എന്നാൽ ഒരു കാര്യം പറയട്ടെ. സാധാരണ ഹിരണ്യ കശിപു തിരശീലയിൽ വെട്ടുമ്പോഴേക്കും പടക്കം പൊട്ടി കഴിയും. അങ്ങിനെ അല്ല വേണ്ടതെന്നു എനിക്ക് തോന്നുന്നു. തിരശീലയിൽ വെട്ടുമ്പോൾ പന്തവും തെള്ളിയും കൊണ്ട് ഒരു ഭീകര അന്തരീക്ഷം സൃഷ്ടിക്കണം. അതിനു ശേഷം നരസിംഹം ആവിര്ഭവിക്കും. അപ്പോളാണ് വെടിക്കെട്ട് വേണ്ടത്. നാം അവതാരമല്ലേ ആഘോഷിക്കേണ്ടത്. ഇതെല്ലാം ഏതാനും സെക്കൻഡുകൾ കൊണ്ട് നടക്കുന്നതാണെങ്കിലും സന്ദർഭത്തിനു ഉചിതമായാൽ കാര്യങ്ങൾ ഭംഗിയായി.

കഥകളിപ്രേമികൾക്കു നെല്ലിയോട് ആശാനെക്കുറിച്ചു പറയേണ്ട ആവശ്യമില്ല ഓരോരുത്തർക്കും ഇത് പോലെ ഓരോ കഥകൾ പറയാൻ കാണും. അതാണ് ഒരു പക്ഷെ നെല്ലിയോടിന്‍റെ സമാനമില്ലാത്ത വ്യക്തിത്വവും അതാണ്.

ആചാര്യന്‍റെ ഓർമക്കുമുന്നിൽ സാഷ്ടാംഗ പ്രണാമം.

തയ്യാറിക്കയത്
കെ വി മുരളി മോഹൻ

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top