വായോധികരായ ദമ്പതികളുടെ സംരക്ഷണമുറപ്പാക്കാൻ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ ഇടപെടൽ

ഇരിങ്ങാലക്കുട : സ്വന്തം സ്ഥലത്തേക്കുള്ള വഴി നിഷേധിച്ചതിനെത്തുടർന്ന് വായോധികനായ രാജൻ (67),പൊയ്യ വില്ലേജിൽ, കിടപ്പാടമില്ലാതെ പീടിക തിണ്ണയിൽ അന്തിയുറങ്ങുന്ന വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഓ ആയ എം.എച്ച്.ഹരീഷ്, തൃശൂർ എ.ഡി.എം റെജി.പി.ജോസഫ് എന്നിവർ അടിയന്തിരമായി വിഷയത്തിൽ ഇടപെടുകയായിരുന്നു.

വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ കോവിഡ് കാലത്ത് വയോജനക്ഷേമത്തിനായി പ്രത്യേകം പ്രവർത്തിച്ചു വന്നിരുന്ന സാമൂഹ്യനീതി വകുപ്പ് വയോക്ഷേമ കോൾ സെന്റർ വഴിയും, ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ്, പൊയ്യ വില്ലേജ് ഓഫീസർ എന്നിവരിൽ നിന്നും അടിയന്തിര റിപ്പോർട്ട്‌ തേടിയിരുന്നു.

വിഷയത്തിൽ അടിയന്തിര അന്വേഷണം നടത്തുകയും കോവിഡ് കാലഘട്ടത്തിൽ വായോധികന്റെ സംരക്ഷണം മുൻനിർത്തി ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ എം.എച്ച്.ഹരീഷ് സ്വമേധയാ പരാതി എടുക്കുകയുമായിരുന്നു.

വർഷങ്ങൾക്കു മുന്നേ സ്വകാര്യ വ്യക്തിയിൽ നിന്നും നാലു സെന്റ് ഭൂമി വിലകൊടുത്തു വാങ്ങിയിരുന്നു. ഇവിടെ വെച്ചു കെട്ടിയ ഷെഡ്‌ഡിലാണ് രാജനും ഭാര്യ ഉഷയും താമസിച്ചിരുന്നത്. ഏക മകളെ വിവാഹം കഴിപ്പിച്ചയച്ചു. താമസിച്ചിരുന്ന ഷെഡ് തകർന്നു വീണ അവസ്ഥയും, വാങ്ങിയ ഭൂമിയിൽ വഴി ഇല്ലാത്ത സാഹചര്യവും ഈ ദമ്പതികളെ ദുഖത്തിലാഴ്ത്തി. സ്വന്തമായി കിടപ്പാടം ഇല്ലാതായപ്പോൾ ഭാര്യ ഉഷ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറുകയും രാജൻ പ്ലാവിൻമുറിയിലെ പീടിക തിണ്ണയിൽ കഴിഞ്ഞു വരികയുമായിരുന്നു.

ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഓ ആയ എം.എച്ച്. ഹരീഷിന്റെ നേതൃത്വത്തിൽ പൊയ്യ വില്ലേജ് ഓഫീസർ അനിൽകുമാർ. ടി.എസ്, ആർ.ഡി.ഓ ജൂനിയർ സൂപ്രണ്ട് പൂക്കോയ. ഐ.കെ, സാമൂഹ്യനീതി വകുപ്പ് ടെക്നിക്കൽ അസിസ്റ്റൻറ് മാർഷൽ .സി. രാധാകൃഷ്ണൻ, സെക്ഷൻ ക്ലാർക്ക് കസ്തുർബായ്.ഐ.ആർ എന്നിവരടങ്ങുന്ന സംഘം ദമ്പതികളുടെ സ്ഥലം നേരിട്ട് സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

കോവിഡ് രൂക്ഷമാവുന്നതിന് മുന്നേ ജോലിക്ക് പോയിരുന്ന രാജന് വരുമാനം നിലയ്ക്കുകയും നിലവിൽ ബന്ധുക്കളുടെവീട്ടിലോ മറ്റോ നിൽക്കാനുള്ള സാഹചര്യം ഇല്ലാതാവുകയും ചെയ്തു. ബന്ധുക്കളും, ഏക മകളുമായി ബന്ധപ്പെട്ടു സംസാരിച്ചു എങ്കിലും താമസിക്കാൻ ഇടമില്ലാത്ത ഇവരുടെ അവസ്ഥക്ക് പരിഹാരം കാണാൻ ആയിരുന്നില്ല. വഴി സൗകര്യമില്ലാതെയുള്ള രാജന്റെ ഭാര്യ ഉഷയുടെ പേരിലുള്ള ഭൂമിയിൽ വഴിത്തർക്കം സംബന്ധിച്ചു കോടതിയിൽ കേസ് ഉള്ളതായും പറയുന്നു.

ജില്ലാ സാമൂഹ്യനീതി ഓഫീസർ അസ്ഗർഷാ. പി.എച്ച് ന്റെ നിർദ്ദേശപ്രകാരം ഓർഫനേജ് കൗൺസിലർമാരായ മാർഗരറ്റ് പാട്രിക്സൺ, ദിവ്യ അബീഷ് എന്നിവരുടെ ശുപാർശയാൽ രാജനും ഭാര്യക്കും താമസിക്കാവുന്ന പുനരധിവാസ കേന്ദ്രങ്ങൾ കണ്ടെത്തുകയും വായോധികരായ ദമ്പതികളുടെ സന്നദ്ധത തേടുകയുമായിരുന്നു. ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ. സി. രാധാകൃഷ്ണൻ ഇവരുടെ ജീവിതസാഹചര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വിശദമായ റിപ്പോർട്ട് ആർ.ഡി.ഓ യ്ക്ക് സമർപ്പിച്ചിരുന്നു.

വയോജനക്ഷേമം മുൻനിർത്തി സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് ഇരിഞ്ഞാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഓ, എം.എച്ച്.ഹരീഷ്, ദമ്പതികളായ രാജനെയും ഭാര്യ ഉഷയെയും താത്കാലികമായി കൊടുങ്ങല്ലൂർ കൊന്നച്ചുവടുള്ള ദയ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിലേക്ക് പുനരധിവസിപ്പിക്കുന്നതിന് നിർദ്ദേശം നൽകിയിരിക്കുകയാണ്. കോവിഡ് പരിശോധനകൾക്ക് ശേഷം ഇവരെ സ്ഥാപനത്തിൽ പ്രവേശിപ്പിക്കും.

വയോധികരുടെ ഭൂമിയിലേക്കുള്ള വഴിതർക്കം പരിഹരിക്കുന്നതിനായി സാധ്യമാകുന്ന അനുരഞ്ജന ശ്രമവും നടക്കുന്നുണ്ട്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top