കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ അംഗുലീയാങ്കം കൂത്ത് ആരംഭിച്ചു

ഇരിങ്ങാലക്കുട : ശ്രീ.കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ എല്ലാവർഷവും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടന്നുവരുന്ന അംഗുലീയാങ്കം കൂത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരംഭിച്ചു. പാരമ്പര്യ അവകാശമുള്ള അമ്മന്നൂർ കുടുംബത്തിലെ അമ്മന്നൂർകുട്ടൻ ചാക്യാരുടെ കാർമ്മിത്വത്തിലാണ് കൂത്ത് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കൂത്ത് പുറപ്പാടിൽ, സീതയെ കാണാൻ സമുദ്രം കടന്ന് ലങ്കയിലെത്തിയ ഹനൂമാന്റെ വേഷം കെട്ടി ഉപദേശവഴിയ്ക്ക് അമ്മന്നൂർ രജനീഷ് ചാക്യാർ അവതരിപ്പിച്ച്, നമ്പ്യാരുടെ കുത്തുവിളക്കിന്റെ അകമ്പടിയോടെ സംഗമേശസന്നിധിയിൽ നടക്കൽ ചെന്ന് മണിയടിച്ച് തൊഴുത് പ്രാർത്ഥിച്ച് മേൽശാന്തിക്ക് ദക്ഷിണ നൽകി പ്രദക്ഷിണം വച്ച് കൂത്തമ്പലത്തിൽ മടങ്ങിയെത്തുന്നതോടെ കൂത്ത് പുറപ്പാട് അവസാനിക്കുന്നു.

പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന അംഗുലീയാങ്കം കൂത്തിൽ ഹനൂമാന്റെ സീതാദർശനവും, ശ്രീരാമന്റെ അംഗുലീയപ്രദാനവും, ചൂഡാമണി സ്വീകരണവും, ലങ്കാദഹനവും ഉൾപ്പെടുന്നു. വർഷംതോറും കർക്കിടകമാസത്തിൽ നടക്കുന്ന അംഗുലീയാങ്കം കൂത്ത് ഭക്തജനങ്ങൾ അഭീഷ്ടസിദ്ധിക്കും, സൽസന്താനലബ്ധിക്കും വഴിപാടായും നേർന്ന് നടത്തിവരുന്നുണ്ട്. രാമചന്ദ്രൻ നമ്പ്യാർ, ഇന്ദിര നങ്ങ്യാർ എന്നിവരും പങ്കെടുത്തു. ആഗസ്റ്റ് 2ന് രക്ഷോവധത്തോടെ അംഗുലീയാങ്കം കൂത്ത് അവസാനിയ്ക്കും.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top