ഉണ്ണായി വാരിയർ സ്മാരക കലാനിലയം സർക്കാർ ഏറ്റെടുക്കണം – സർക്കാരിന് വിട്ടു നൽകാൻ കലാനിലയം പൊതുയോഗ തീരുമാനം സത്വരം ഉണ്ടാകണം – യുവകലാസാഹിതി

ഇരിങ്ങാലക്കുട : 65 വർഷം മുമ്പ് കഥകളി വിദ്യാലയമായി ഇരിങ്ങാലക്കുടയിൽ നളചരിതകർത്താവായ ഉണ്ണായി വാരിയരുടെ നാമധേയത്തിലുള്ള ഉണ്ണായിവാരിയർ സ്മാരക കലാനിലയം സർക്കാർ ഏറ്റെടുക്കണമെന്ന് യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പള്ളിപ്പുറം ഗോപാലൻ നായർ പ്രഥമ പ്രിൻസിപ്പലായി ആരംഭിച്ച കലാനിലയത്തിന് സാമ്പത്തിക പരാധീനതയുണ്ടായിരുന്നെങ്കിലും പ്രഗൽഭരായ അധ്യാപകരുടെ ശിക്ഷണത്തിൽ ഒന്നാന്തരം കലാകാരന്മാർ കഥകളി രംഗത്തെത്തിച്ച സ്ഥാപനമാണെന്ന് യോഗം വിലയിരുത്തി.

കലാനിലയത്തിൻ്റെ പ്രവർത്തനത്തിനാവശ്യമായ നൂറു ശതമാനം പണവും സംസ്ഥാന സർക്കാർ നൽകുന്ന ഗ്രാൻ്റിൽ നിന്നാണ് നടക്കുന്നത്. കഴിഞ്ഞ സർക്കാർ അധികാരത്തിൽ വന്നയുടനെ 25 ലക്ഷം ആയിരുന്ന ഗ്രാൻ്റ് അമ്പതുലക്ഷമാക്കി ഉയർത്തി. തോമസ് ഐസക്ക് അവതരിപ്പിച്ച അവസാന ബജറ്റിൽ ഒരു കോടി രൂപയാക്കിയതായി പ്രഖ്യാപനമുണ്ടായി.

എന്നാൽ കഴിഞ്ഞ രണ്ട് അധ്യയന വർഷമായി പുതിയ വിദ്യാർത്ഥികൾ ആരും ഇവിടെ ചേർന്നില്ല. താമസിച്ചു പഠിക്കേണ്ട വിദ്യാർത്ഥികൾക്ക് അതിന് കഴിയുന്നില്ല. ഓൺലൈൻ ക്ലാസ്സ്ന് സൗകര്യം സ്ഥാപനം ഒരുക്കിയതായി അറിയില്ല. ഏതാനും അധ്യാപകർ സ്വന്തനിലയ്ക്ക് പഠിപ്പിക്കുന്നത് മാത്രമാണ് നടക്കുന്നത്.

കലാനിലയത്തിൻ്റെ ഡിപ്ലോമ, PGD സർട്ടിഫിക്കറ്റുകൾ PSC യോ മറ്റ് സ്ഥാപനങ്ങളോ സ്വീകരിക്കുന്നില്ല എന്ന ദുരവസ്ഥ മുൻ വിദ്യാർത്ഥികൾ നേരിടുന്നു.

സർക്കാർ ബജറ്റിൽ പണം വകയിരുത്തിയിട്ടും അത് യഥാസമയം വാങ്ങി ജീവനക്കാർക്ക് മാസാമാസം ശമ്പളം നൽകാനും ഭരണ സമിതിക്ക് കഴിയുന്നില്ല എന്നും യോഗം വിലയിരുത്തി.

കഥകളിയുടെ രംഗത്ത് ഈ സ്ഥാപനത്തിൽ നിന്ന് സമീപഭൂതകാലത്തൊന്നും അർത്ഥവത്തായ എന്തെങ്കിലും സംഭാവന ഉണ്ടാകുന്നില്ല.

മറ്റ് കഥകളി സ്ഥാപനങ്ങളിൽ ഡിഗ്രി, PG, MPhil, ഡോക്ടറേറ്റ് കോസുകൾ ഉള്ളപ്പോൾ അതൊന്നും ലഭിക്കാൻ ശ്രമിക്കാതെ ഡിപ്ളോമ മാത്രമേ ഇവിടെ ഇന്നും പഠിക്കാനാകൂ എന്നതും മാറണമെന്നും പുതിയ കോഴ്സുകൾ വേണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

കലാനിലയത്തിൻ്റെ കോഴ്‌സുകൾക്ക് അംഗീകാരം ലഭിക്കാൻ ഇരിങ്ങാലക്കുടയിൽ സ്ഥാപിതമാകുമെന്ന് കരുതുന്ന കാലടി സംസ്കൃത സർവ്വകലാശാലയുടെ സെൻ്റർ പ്രയോജനപ്പെടുത്തി സ്ഥാപനത്തിൻ്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താതെ കോഴ്സുകൾ അഫീലിയേഷൻ ലഭ്യമാക്കുവാൻ സർക്കാർ നടപടിയെടുക്കണം.

കലാനിലയത്തിൽ ഒരു വർഷം ജീവനക്കാരുടെ ശമ്പളം, വിദ്യാർത്ഥി സ്റ്റൈപ്പൻ്റ് മറ്റാവശ്യങ്ങൾ എന്നിവയ്ക്ക് വേണ്ടതായ ചിലവ് മുഴുവൻ സർക്കാർ ആണ് വഹിക്കുന്നത് എന്നതിനാൽ ഭരണവും ശമ്പളവിതരണവും നേരിട്ട് സർക്കാർ ഇടപെട്ട് ചെയ്യുകയാണ് വേണ്ടത് എന്ന് യോഗം ആവശ്യപ്പെട്ടു.

കലാനിലയം തിരുകൊച്ചി ചാരിറ്റബിൾ സംഘ നിയമപ്രകാരം ഉള്ളതാകയാൽ കലാനിലയം പൊതുയോഗം ചേർന്ന് സ്ഥാപനം സർക്കാർ ഏറ്റെടുക്കുന്നത് സമ്മതമാണെന്ന് തീരുമാനിച്ച് ആ വിവരം സർക്കാറിന് നൽകിയാൽ മാത്രമേ സുഗമമായി സ്ഥാപനം സർക്കാർ അധീനതയിൽ എത്തൂ എന്നതിനാൽ അതിനാവശ്യമായ നടപടി കലാനിലയം ഭരണ സമിതി ഉടൻ എടുക്കണമെന്ന് യോഗം ആവശ്യം ഉന്നയിച്ചു.

ഇരിങ്ങാലക്കുടയിലേയും പരിസരത്തെയും കലാസാംസ്കാരിക പ്രവർത്തകരിൽ നിന്ന് ഭരണമികവും അർപ്പണബോധവുമുള്ളവരെ ഉൾക്കൊള്ളിച്ച് ഭരണസമിതി ഉണ്ടാക്കണമെന്ന് സർക്കാർ ഏറ്റെടുക്കുമ്പോൾ വ്യവസ്ഥ ഉണ്ടാക്കാൻ ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തിൻ്റെ സത്വര പൂർത്തീകരണത്തിന് ഇരിങ്ങാലക്കുട MLA യുടെ സക്രിയമായ ഇടപെടലും കലാനിലയം അംഗങ്ങളും ഭരണസമിതിയുടെ പൂർണ്ണ പിന്തുണയും ഉണ്ടായാൽ എന്ന് മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് കെ.കെ കൃഷ്ണാനന്ദ ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ വി.എസ് വസന്തൻ, റഷീദ് കാറളം, കെ.സി ശിവരാമൻ, രാജേഷ് തമ്പാൻ , വർധനൻ പുളിക്കൽ എന്നിവർ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top