ആദ്ധ്യാത്മിക പ്രഭാഷണം സോപാന നൃത്തത്തിലൂടെ അവതരിപ്പിച്ച് മങ്കൊമ്പ് രാജീവ്കൃഷ്‌ണ

പുല്ലൂർ : പുല്ലൂർ ശിവ വിഷ്ണു ക്ഷേത്രത്തിൽ ഫെബ്രുവരി 9- ാം തിയ്യതി മുതൽ 19- ാം തിയ്യതി വരെ നടക്കുന്ന നവീകരണ കലശത്തോടനുബന്ധിച്ച്  നടന്ന മങ്കൊമ്പ് രാജീവ്കൃഷ്ണയുടെ സോപാന നൃത്തം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. വേദാന്തചിന്തയുടെ പശ്ചാത്തലത്തിൽ കാലികവിഷയങ്ങളെ വിചിന്തനം ചെയ്തുകൊണ്ടുള്ള പ്രഭാഷണവും കഥകളിമുദ്രകളും നാട്യശാസ്ത്രാനുസാരിയായ അഭിനയവും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന കലാരൂപമാണ് സോപാനനൃത്തം. പരിപൂർണ്ണമായും സമീപം എത്തിക്കുന്നത് എന്ന സോപാന ശബ്ദത്തിന്റെ അർത്ഥമനുസരിച്ച് കാണികളെ അവനവന്റെ അരികിലെത്തിക്കുവാൻ തികച്ചും പര്യാപ്തമാണ് സോപാനനൃത്തത്തിലെ പ്രഭാഷണവും അതിനോടനുബദ്ധമായി അവതരിപ്പിക്കുന്ന നൃത്തവും. രാജീവ് മങ്കൊമ്പ് സ്വന്തമായി രൂപകൽപന ചെയ്തതാണ്ഈ സോപാനനൃത്തം എന്ന ഈ ആദ്ധ്യാത്മിക പ്രഭാഷണ നൃത്തരൂപം.

ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിൽ ജനിച്ച രാജീവ് കൃഷ്‌ണ സ്കൂൾ കോളേജ് വിദ്യാഭ്യാസാനന്തരം ഹരി ദ് കാശി എന്നിവിടങ്ങളിൽ നിന്ന് സംസ്‌കൃതത്തിൽ ഉപരിപഠനം നേടി തുടർന്ന് പയ്യന്നൂരിൽ രാമന്തളി കൃഷ്‌ണപണിക്കരുടെ കീഴിൽ ഗുരുകുല രീതിയിൽ 10 വർഷം സംസ്‌കൃതവും വേദാന്തവും സ്വായത്തമാക്കി. ചമ്പക്കുളം മോഹനൻകുട്ടി മാസ്റ്റർ നൃത്തവും നെടുമുടി നാണുനായർ, മങ്കൊമ്പ് ശിവശങ്കരപ്പിള്ള, എന്നി ഗുരുനാഥന്മാർ കഥകളിയും കലാമണ്ഡലം പ്രഭാകരൻ മാസ്റ്റർ തുള്ളലും അഭ്യസിപ്പിച്ചു. 14 വർഷം കോളേജ് അദ്ധ്യാപകനായിരുന്നു. ഹരി സാധനസദൻ ആശ്രമത്തിലെ സ്വർഗീയാസ്വാമി ഗണേശാനന്ദപുരിയും പയ്യന്നൂർ പോത്താങ്കണ്ടം ആനന്ദഭവനം ആശ്രമത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതിയും ചെങ്ങന്നൂർ ചെറിയനാട് എഴുന്തോളിൽ മഠത്തിൽ സതീശൻ ഭട്ടതിരിയും ആദ്ധ്യാത്മിക ഗുരുക്കൻ മാരാണ്.

തൃപ്രയാർ ക്ഷേത്രം തന്ത്രി തരണനെല്ലൂർപടിഞ്ഞാറെ മന ബ്രഹ്മശ്രീ പദ്മനാഭൻ നമ്പൂതിരിപ്പാടിന്‍റെ മേൽനോട്ടത്തിൽ ക്ഷേത്രം തന്ത്രി നഗര മണ്ണുമന ബ്രഹ്മശ്രീ ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഫെബ്രുവരി 9 – ാം തിയ്യതി മുതൽ 11 ദിവസത്തെ താന്ത്രിക ചടങ്ങുകളാണ് പടിയൂർ മന വക പുല്ലൂർ ദേവസ്വം ശിവ വിഷ്ണു ക്ഷേത്രത്തിൽ നടത്തപ്പെടുന്നത്. നവീകരണ കലശത്തോട് അനുബന്ധിച്ച് എല്ലാ ദിവസവും അന്നദാനവും, അദ്ധ്യാത്മികപ്രഭാഷണം, തിരുവാതിരക്കളി, സംഗീതാർച്ചന, സോപാന നൃത്തം, തബല, തരംഗ്, തായമ്പക, ഭക്തി ഗാനമേള, തുടങ്ങി കലാപരിപാടികളും നടത്തുന്നു.

Leave a comment

  • 14
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top