ദേവസ്വത്തിന് തൃപ്പടിദാനമായി കൈമാറിയ കാടുപിടിച്ചു കിടന്നിരുന്ന വടക്കേക്കര തറവാട് നവീകരിക്കുന്നു

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കൈമാറിയ കിട്ടിയ വടക്കേക്കര തറവാടും സ്ഥലവും നവീകരിക്കാനുള്ള പ്രാരംഭ പരിപാടികൾ ആരംഭിച്ചു. ശനിയാഴ്ച രാവിലെ മുതൽ ജെ സി ബി ഉപയോഗിച്ച് കാടും പടലും നീക്കി . കെട്ടിടത്തിന്‍റെ ഓടുമേഞ്ഞ മേൽക്കൂര പൂർണമായും നശിച്ചു. ഇവമാറ്റി പരമ്പരാഗത രീതിയിൽ ട്രസ് വർക്ക് ചെയ്തു ഓഡിറ്റോറിയമാക്കി മാറ്റുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു. വാഹന പാർക്കിങ്ങിനുള്ള സ്ഥലമായും ഉപയോഗിക്കാം .

ഒരു കാലത്ത് പ്രതാപത്തിന്‍റെയും പ്രശസ്തിയുടെയും ഉന്നതിയിലായിരുന്ന പ്രശസ്തമായ വടക്കേക്കര തറവാട് ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കൈമാറിയ പറമ്പ് ഇന്ന് ദേവസ്വം തിരിഞ്ഞ് നോക്കാത്ത അവസ്ഥയിലാണ്. പറമ്പിലുള്ള കെട്ടിടം തകര്‍ന്ന് വീണുകൊണ്ടിരിക്കുന്നു. പറമ്പ് കാടുകൊണ്ട് മൂടി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായിരിക്കുകയാണ്. പ്രശസ്ത വ്യവസായിയായ അറ്റ്‌ലസ് ജ്വല്ലറി രാമചന്ദ്രന്‍ ജനിച്ചുവളര്‍ന്നത് ഈ തറവാട്ടിലായിരുന്നു. അദ്ദേഹത്തിന്‍റെ അച്ഛന്‍ കമലാകരമേനോന്‍, ജ്യേഷ്ഠന്‍ കരുണാകരമേനോന്‍, ഇവരുടെ അമ്മയായ ഇരിങ്ങാലക്കുട ഗേള്‍സ് ഹൈസ്‌കൂളില്‍ മലയാളം പണ്ഡിറ്റായിരുന്ന വടക്കേക്കര ജാനകിയമ്മ, അവരുടെ മകള്‍ തൃശ്ശൂര്‍ ഡി.ഇ.ഒ ആയിരുന്ന വടക്കേക്കര രുഗ്മിണിയമ്മ, ഇരിങ്ങാലക്കുടയിലെ ആദ്യത്തെ വനിത കൗണ്‍സിലറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതും ഇരിങ്ങാലക്കുടയിലെ ആദ്യത്തെ ബിഎ,ബിഎല്‍ പാസായി വനിതാ വക്കീലുമായ വടക്കേക്കര ലക്ഷ്മിക്കുട്ടിയമ്മ തുടങ്ങിയവരെല്ലാം ഈ തറവാട്ടുമണ്ണില്‍ ലയിച്ചുപോയിട്ടുള്ളവരാണ്. അവസാനകാലത്ത് വടക്കേക്കര ജാനകിയമ്മ 60 സെന്‍റ്ഭൂമി ശ്രീകൂടല്‍മാണിക്യസ്വാമിക്ക് ആധാരം എഴുതി തൃപ്പടിദാനം ചെയ്ത ഭൂമിയാണ് ഇന്ന് ദേവസ്വത്തിന്‍റെ കൈവശമുള്ളത്.

ആറ് കോടി രൂപ വിലമതിക്കുന്ന സ്ഥലമാണിത്. ശ്രീ തച്ചുടകൈമളിന്‍റെ ഭരണസമയത്ത് ദേവസ്വത്തിന്‍റെ എല്ലാവിധ സഹായത്തേടുകൂടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങുന്നതിനുവേണ്ടി അന്നത്തെ ടൗണ്‍ എന്‍.എസ്.എസ് കരയോഗം സെക്രട്ടറിയായിരുന്ന വടക്കേക്കര ചന്ദ്രശേഖരമേനോന്‍റെ നേതൃത്വത്തില്‍ ഇന്നു കാണുന്ന കെട്ടിടം പണിയുകയും ഈ തറവാടിന്‍റെ പൂമുഖത്തുവച്ച് ഭദ്രദീപം തെളിയിച്ച് സ്‌കൂള്‍ തുടങ്ങുകയും ചെയ്തു. പിന്നീട് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഇ.എ.കൃഷ്ണന്‍റെ കാലത്ത് സ്‌കൂള്‍ ഒഴിഞ്ഞ് പോയപ്പോള്‍ ഈ കെട്ടിടം കല്ല്യാണമണ്ഠപമാക്കുകയും നല്ല വരുമാനം ദേവസ്വത്തിനു നേടി തന്നിരുന്നതുമാണ്. എന്നാല്‍ മാറി മാറി വന്ന കൂടല്‍മാണിക്യം ദേവസ്വം രാഷ്ട്രീയ ഭരണസമിതികളുടെ അനാസ്ഥയും അശ്രദ്ധയും മൂലം ദേവസ്വത്തിന്‍റെ മറ്റു സ്വത്തുക്കള്‍ പോലെ ഇതും ഇന്നു കാണുന്നരീതിയില്‍ നാശോന്മുഖമായി.

Leave a comment

  • 18
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top