പ്രാണവായുവിനായി ഒരു ഫോൺകോൾ… വയോക്ഷേമ കോൾസെന്ററിന്‍റെ ഇടപെടലിൽ ആളൂരിലെ വയോധികന് അടിയന്തര പ്രശ്ന പരിഹാരം

ആളൂർ : ചൊവാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് സാമൂഹ്യനീതി വകുപ്പ് വയോക്ഷേമ കോൾ സെന്ററിലേക്ക് അത്യാവശ്യ കോൾ വരുന്നത്. ഒക്സിജൻ കോൺസൻട്രേറ്റർ പ്രവർത്തന രഹിതമായതോടെ ശ്വാസംമുട്ട് അനുഭവപ്പെടുകയും നിസ്സഹായാ വസ്ഥയിലാവുകയും ചെയ്ത തോട്ടപ്പിള്ളി ആൻറണി (94) എന്ന വയോധികന്റെ കോൾ ആണ് അടിയന്തിര സഹായമഭ്യർത്ഥിച്ച് വയോക്ഷേമ കോൾസെന്റർ വോളന്റീയറും അധ്യാപികയുമായ ജിസ ഐസക്കിന്റെ കാതുകളിൽ എത്തിയത്.

ഉടൻ തന്നെ വയോക്ഷേമ കോൾ സെന്ററിൽ നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകുകയും പ്രശ്നം പരിഹരിക്കുകയുമായിരുന്നു. കോൾസെന്റർ വോളന്റീർമാരായ ജിസ ഐസക്, സഞ്ജയ്‌.ടി.എസ് എന്നിവർ സമയോചിതമായി ഇടപെട്ട് വിഷയം ആളൂർ പഞ്ചായത്ത്‌ വാർഡ് മെമ്പർ, ഓക്സിജൻ കണ്ട്രോൾ റൂം, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

റിട്ടയേർഡ് ആർമിക്കാരനായ തോട്ടപ്പിള്ളി ആൻറണി (94), ഗ്രേസി ആന്റണി(86) എന്നിവർ മക്കൾ അടുത്തില്ലെങ്കിലും സഹായത്തിനായി ഒരു ഹോം നേഴ്സിനെ നിർത്തി ആളൂരുള്ള വീട്ടിൽ കഴിഞ്ഞു വരികയാണ്. ഇന്ന് രാവിലെ മുന്നറിപ്പില്ലാതെ ഉണ്ടായ കറൻ്റ്കട്ട് മൂലം ഓക്സിജൻ നൽകിയിരുന്ന യന്ത്രം ഇൻവെർട്ടറിൽ ദീർഘനേരം പ്രവർത്തിച്ചുവെങ്കിലും മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ ഓക്സിജൻ കോൺസെൻട്രേറ്റർ പ്രവർത്തനരഹിതമാവുകയും ആന്റണിക്ക് ശ്വാസതടസം നേരിടുകയുമായിരുന്നു. കൂടാതെ ഒക്സിജന്റെ സ്റ്റോക്ക് കുറവും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഇദ്ദേഹത്തിന് ശ്വസനസംബദ്ധമായ അസുഖം, ഹൃദ്രോഗം എന്നിവയ്ക്ക് ചികിത്സ തേടുന്ന വ്യക്തിയും, ഭാര്യയും അനാരോഗ്യത്താൽ സംസാരിക്കാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിൽ ആണെന്നും അറിയുന്നു.

വിഷയം വയോക്ഷേമ കോൾ സെന്ററിൽ അറിയിപ്പ് ലഭിച്ചതോടെ ഓക്സിജൻ ദൗർലഭ്യത സംബന്ധിച്ച് ജില്ലയിലെ ഓക്സിജൻ കണ്ട്രോൾ റൂമിൽ അറിയിക്കുകയും ഉചിതനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. വായോധികരുടെ ഈ നിസ്സഹായാവസ്ഥയിലുള്ള ഇടപെടലിനായി വാർഡ് 21 മെമ്പർ ശ്രീ.പ്രഭാകരൻ, കെ.എസ്.ഇ.ബി അധികൃർ എന്നിവർക്ക് നിർദ്ദേശം നൽകിയത് പ്രകാരം ഇവർ ഉടനടി സ്ഥലത്തെത്തി വിഷയം മനസിലാക്കി മുടങ്ങിപ്പോയ സംവിധാനം പുനസ്ഥാപിക്കുകയും ചെയ്തു.

സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന വയോക്ഷേമ കോൾ സെന്ററിന്‍റെ ഇടപെടലിൽ ഏറെ സന്തോഷമുണ്ടെന്നും, ഹോംനേഴ്സ് കൂടെയുണ്ടെങ്കില്ലും പെട്ടെന്നുണ്ടായ സംഭവത്തിൽ ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കുമ്പോഴാണ് മുമ്പ് വായോക്ഷേമ കോൾ സെൻ്ററിൽ വിളിച്ചത് ഓർമ്മവന്നതെന്നും ആ നമ്പറിലേക്ക് വീണ്ടും വിളിയ്ക്കാൻ പ്രചോദനമായതെന്നും ആന്റണി പറഞ്ഞു.

കോവിഡ് മഹാമാരിക്കാലത്ത് വയോജനക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന വയോക്ഷേമ കോൾസെന്റർ വഴി നിരവധി ഇടപെടലുകൾ നടത്താൻ സാധിച്ചിട്ടുണ്ട് എന്നും സാമൂഹിക പ്രതിബദ്ധതയോടെ നല്ല പ്രവർത്തനം തുടരുകയും ചെയുന്ന എല്ലാ വയോക്ഷേമ കോൾ സെന്റർ ടീം അംഗങ്ങളെയും അഭിനന്ദിക്കുന്നതായും ജില്ലാ സാമൂഹ്യനീതി ഓഫീസർ അസ്ഗർഷ. പി.എച്ച് അറിയിച്ചു.

വായോക്ഷേമ കോൾ സെന്റർ 0487 2224050 (കോവിഡ് പശ്ചാത്തലത്തിൽ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേകം പ്രവർത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിന് കീഴിലെ താത്കാലിക കോൾ സെന്റെർ ആണ് )

Leave a comment

Top