കനാൽ ഹൗസ് തകർച്ച: ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണം, തകർന്ന ഭാഗങ്ങൾ പുനർനിർമ്മിച്ച് സംരക്ഷണം ഉറപ്പാക്കണം – മാള പൈതൃക സംരക്ഷണ സമിതി

17-ാം നൂറ്റാണ്ടിലെ അവശേഷിക്കുന്ന അപൂർവം ഡച്ചു നിർമ്മിതികളിലൊന്നായ കൊടുങ്ങല്ലൂരിലെ കനാൽ ഹൗസ് തകർന്നു വീണതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും തകർന്ന ഭാഗങ്ങൾ പഴയ രീതിയിൽ പുനർനിർമ്മിച്ച് സംരക്ഷണം ഉറപ്പാക്കണമെന്നും മാള പൈതൃക സംരക്ഷണ സമിതി അധികൃതരോട് ആവശ്യപ്പെട്ടു. അതോടൊപ്പം മുസിരിസ് പദ്ധതിയിൽ ഉൾപ്പെടുത്തി തുടങ്ങി വച്ചിട്ടുള്ള പദ്ധതികളെല്ലാം അടിയന്തിരമായി പൂർത്തീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ക്ഷേത്രത്തിനു സമീപം കനോലി കനാലിൻ്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ചരിത്ര സ്മാരകമായ കനാൽ ഹൗസിൻ്റെ മുമ്പിൽ മുസിരിസ് പൈതൃക പദ്ധതി അധികൃതർ സ്ഥാപിച്ച മനോഹരമായ ഒരു സൈൻ ബോർഡു കാണാം. കനാൽ ഹൗസ് ” ഡച്ചു സ്മാരക ” മാണെന്നും’ ” നിലവിൽ മുസിരിസ് പൈതൃക പദ്ധതിയിലെ പ്രധാന സ്മാരകമായി നിലനിറുത്തിയിരിക്കുന്നു” വെന്നും സൈൻ ബോർഡിൽ രേഖപ്പെടുത്തി കാണുന്നു.

ഇക്കഴിഞ്ഞ ജൂൺ ഒന്നാം തീയതി ഈ ചരിത്ര സ്മാരകത്തിൻ്റെ ഭാഗങ്ങൾ തകർന്നു വീണിരിക്കുന്നു. നമ്മുടെ ചരിത്ര സ്മാരകങ്ങൾ – വിശിഷ്യാ സർക്കാർ ഉടമസ്ഥതയിലുള്ള സ്മാരകങ്ങൾ – നേരിടുന്ന അവഗണനയുടെ നേർ ചിത്രമാണ് ഇവിടെ കാണാനാകുന്നത്. രണ്ടു നിലകളിലായി ഏകദേശം 4000 ച. അടി വിസ്തീർണ്ണമുള്ള കനാൽ ഹൗസ് 17 -ാം നൂറ്റാണ്ടിലെ അവശേഷിക്കുന്ന അപൂർവം ഡച്ചു നിർമ്മിതികളിലൊന്നാണ്. ചരിത്ര പ്രാധാന്യത്തോടൊപ്പം വാസ്തുകലാപ്രാധാന്യവും ഇതിനുണ്ട്.

കെട്ടിടത്തോടൊപ്പം 40 സെൻ്റ് സ്ഥലവും കനാൽ ഹൗസിൻ്റെതായി സർക്കാരിൻ്റെ കൈവശമുണ്ടു്. തൊട്ടടുത്തുള്ള തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന കൊച്ചി രാജാക്കന്മാർ ഈ ബംഗ്ലാവു് വിശ്രമ മന്ദിരമായി ഉപയോഗിച്ചിരുന്നത്രേ. പിന്നീടത് കനോലി കനാൽ വഴി കടന്ന പോകുന്ന ജല വാഹനങ്ങളിൽ നിന്നു ടോൾ പിരിക്കുന്നതിനുള്ള കനാൽ ഹൗസായി മാറുകയാണുണ്ടായത്. കാലക്രമത്തിൽ ജല ഗതാഗതത്തിൻ്റെ പ്രാധാന്യം കുറഞ്ഞതോടു കൂടി കനാൽ ഹൗസ് പ്രവർത്തനരഹിതമാവുകയും അറ്റകുറ്റപ്പണികൾ നടത്താതെ അവഗണിക്കപ്പെടുകയും ചെയ്തു.

ജീർണ്ണാവസ്ഥയിലായിരുന്ന കനാൽ ഹൗസിൻ്റെ സംരക്ഷണവും നവീകരണവും മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിക്കിട്ടിയതോടു കൂടി കനാൽ ഹൗസിൻ്റെ ദുരവസ്ഥ അവസാനിച്ചുവെന്ന തോന്നലുണ്ടായത്. രണ്ടു കോടിയോളം രൂപ ഇതിനായി സർക്കാർ അനുവദിക്കുകയും ചെയ്‌തു. പദ്ധതിയുടെ ഇംപ്ലിമെൻ്റേഷൻ ഏജൻസിയായ ഇൻകെൽ (INKEL) 2019 സെപ്തംബറിൽ ഒരു വർഷത്തെ കാലാവധി അനുവദിച്ചുകൊണ്ട് ഒരു കരാറുകാരന് നിർമ്മാണച്ചുമതല നൽകുകയും ചെയതു.


കൊറോണ ലോക് ഡൗണിനെ തുടർന്ന് 2020 മാർച്ചിൽ നിറുത്തിവച്ചതാണെന്നു പറയുന്ന പണി ഇപ്പോഴും പുനരാംരംഭിച്ചിട്ടില്ല. ഇതിനിടയിലാണ് ഇക്കഴിഞ്ഞ ആഴ്ചയിൽ കനാൽ ഹൗസിൻ്റെ ഭാഗങ്ങൾ തകർന്നു വീണതു്. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിൻ്റെ മേൽക്കൂരയിലെ ഓട് ( Tiles) മുഴവൻ ഇറക്കി വച്ച ശേഷമാണ് പണി നിറുത്തിവച്ചത്. മേൽക്കൂരയിലെ നശിച്ചു പോയ മരത്തിനു പകരം മര ഉരുപ്പടികൾ തയ്യാറാക്കി വയ്ക്കാതെയാണ് മേൽക്കൂര ഓടുകൾ ഇറക്കിവച്ചതത്രേ.

ഒന്നര വർഷം കനാൽ ഹൗസ് മഴയും വെയിലുമേറ്റ് “സംരക്ഷിക്കപ്പെട്ട ” ശേഷമാണ് നിലംപതിച്ചതെന്നർത്ഥം. ചുറ്റും കാടുപിടിക്കുകയും ചെയ്തിട്ടും ഉത്തരവാദപ്പെട്ടവർ തിരിഞ്ഞു നോക്കിയില്ലെന്നു വേണം വിചാരിക്കാൻ. ഇതില്പരം ഗുരുതരമായ വീഴ്ചയെന്തുണ്ടാകാനാണ്? കരാറുകാരനെ നിയന്ത്രിക്കാൻ ഇൻകെലിനും അവരെ നിയന്ത്രിക്കാൻ മുസിരിസ് പദ്ധതിക്കും അതിനു മുകളിൽ ടൂറിസം വകുപ്പിനും അധികാരമുണ്ടെന്നാണു് മനസ്സിലാക്കുന്നത്. കനാൽ ഹൗസ് തകർന്നുവീണെന്ന പത്രവാർത്തയെ തുടർന്ന് എന്തെല്ലാമോ നടപടികൾ എടുക്കുന്നതായി അറിയുന്നു. കരാറുകാരൻ്റെ മാത്രം വിഴ്ചയായി പ്രശ്നം ഒതുക്കി തീർക്കാനാണ് അധികൃതരുടെ ശ്രമമെന്നു തോന്നുന്നു.

ഇൻകെലിൻ്റെയും കരാറുകാരൻ്റെയും ലക്ഷ്യം സാമ്പത്തിക ലാഭം മാത്രമാണെങ്കിൽ ചരിത്ര സ്മാരകങ്ങളെ അവയുടെ തനിമ നിലനിറുത്തി ഭാവി തലമുറയ്ക്കു വേണ്ടി സംരക്ഷിക്കുകയാണ് മുസിരിസ് പൈതൃക പദ്ധതിയുടെ ലക്ഷ്യം. കരാർ വ്യവസ്ഥ പാലിച്ചുകൊണ്ടു പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ മുസിരിസ് പദ്ധതി അധികൃതർ തയ്യാറാകേണ്ടതാണ്. ഒരിക്കൽ നശിച്ചുപോയാൽ വീണ്ടെടുക്കാൻ കഴിയാത്തതാണ് ചരിത്രത്തിൻ്റെ തിരുശേഷിപ്പുകൾ എന്ന കാര്യം വിസ്മരിക്കരുത്.

2020 ഫെബ്രുവരി 7 ന് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു കൊണ്ടു് അന്നത്തെ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞത് ‘നിലവിലുള്ള മുസരിസ് പൈതൃക പദ്ധതികളെല്ലാം 2021 മാർച്ചിൽ പൂർത്തിയാക്കു’ മെന്നാണ്. പൂർത്തിയാകാത്ത പദ്ധതികൾ ഇനിയുമുണ്ടു്.

എല്ലാ കാലതാമസത്തിനും കാരണം കൊറോണയും ലോക്ഡൗണുമല്ല. മുസിരിസ് സൈൻ ബോർഡിൻ്റെ ഉള്ളടക്കത്തോടും മുൻ ധനമന്ത്രിയുടെ പ്രസ്താവനയോടും നീതി പുലർത്തുന്ന നടപടികൾ മുസിരിസ് പദ്ധതി അധികൃതരിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും ഉണ്ടാകണം എന്ന് മാള പൈതൃക സംരക്ഷണ സമിതി.പ്രസിഡണ്ട് പ്രൊഫ.സി.കർമ്മചന്ദ്രൻ, സെക്രട്ടറി പി.കെ.കിട്ടൻ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top