
കല്ലേറ്റുംകര : സാധാരണ റെയിൽവേ യാത്രക്കാർക്ക് ഗുണകരമാകുന്ന രീതിയിൽ ഷൊർണൂരിൽ നിന്നും ഇപ്പോൾ പുലർച്ചെ 3.30 ന് പുറപ്പെടുന്ന മെമു ട്രെയിൻ 6:30 ന് ആകണമെന്ന് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേർസ് അസ്സോസിയേഷൻ അധികാരികളോട് ആവശ്യപ്പെട്ടു. ഇപ്പോൾ രാവിലെ 4:40 ന് മെമു ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലൂടെ കടന്നു പോകുന്നത്. എറണാകുളം ഭാഗത്തേക്കുള്ള ജോലിക്കാരായ സ്ഥിരം യാത്രക്കാർക്ക് ഈ സമയം ഒട്ടും ഉപകാരപ്രദമല്ല. സമീപ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്കും ഈ സമയം പ്രയോജനപ്രദമല്ല.
യാത്രക്ലേശം അനുഭവപ്പെടുന്ന ഈകാലത്ത് രാവിലെ 9 :30ഓടെ എറണാകുളത്ത് എത്തുന്ന രീതിയിൽ മെമു ട്രെയിൻ സമയമാറ്റം നടത്തണമെന്ന് പാസഞ്ചേർസ് അസ്സോസിയേഷൻ തൃശൂർ എം പി ടി എൻ പ്രതാപൻ, ഇരിങ്ങാലക്കുട എം.എൽ.എയും മന്ത്രിയുമായ പ്രൊഫ ആർ ബിന്ദു എന്നിവരോടും റെയിൽവേ അധികൃതരോടും ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേർസ് അസ്സോസിയേഷൻ പ്രസിഡന്റ് ഷാജു ജോസഫിൻ്റെ അധ്യക്ഷത വഹിച്ചു. ബിജു പനകുടൻ, സുഭാഷ് പി.സി, ജോഷ്വാ ജോസ് എന്നിവർ സംബന്ധിച്ചു.