സുജിത്ത് കൊലപാതക കേസിലെ പ്രതി മിഥുൻ ആത്മഹത്യാ ശ്രമത്തിനിടയിൽ പോലീസ് പിടിയിൽ : ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ഇരിങ്ങാലക്കുട : നഗരമദ്ധ്യത്തിൽ അതിദാരുണമായി വധിക്കപ്പെട്ട കൊരുമ്പിശ്ശേരി പുതുക്കാട്ടിൽ സുജിത് കൊലപാതക കേസിലെ പ്രതി മിഥുൻ ആത്മഹത്യാ ശ്രമത്തിനിടയിൽ പോലീസ് പിടിയിൽ. ഗുരുതരാവസ്ഥയിൽ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചു പിന്നീട് വിദഗ്ധ ചികിത്സക്കായി മിഥുനെ തൃശൂർ ജൂബിലിലെ ആശുപതിയിലേക്ക് മാറ്റി. . ശനിയാഴ്ച പുലർച്ചെയാണ് മിഥുനെ കൈത്തണ്ട മുറിച്ച് ചോര വാർന്ന നിലയിൽ എടക്കുളം എസ് എൻ നഗറിനു സമീപത്തെ പറമ്പിൽ കണ്ടത്. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കൊല്ലപ്പെട്ട സുജിത്തിന്റെ ബന്ധുവായ പെൺകുട്ടിയെ മിഥുൻ നിരന്തരം ശല്യം ചെയ്യുന്നതിനെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് മിഥുൻ സുജിത്തിനെ ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോ പേട്ടയിൽ വച്ച് കഴിഞ്ഞ ഞായറാഴ്ച കമ്പി വടികൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയത്. മിഥുൻ പെൺകുട്ടിയുടെ സഹോദരന് ഒരു ആത്മഹത്യ കുറിപ്പ് വാട്സ്ആപ്പിൽ പുലർച്ചെ അയച്ചതിനു ശേഷമാണു ആത്മഹത്യക്കു ശ്രമിച്ചതെന്ന് ഇരിങ്ങാലക്കുട ഇൻസ്‌പെക്ടർ ഓഫ് പോലീസ് സുരേഷ് കുമാർ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു .

“അറിഞ്ഞു കൊണ്ട് ചെയ്തതല്ല പറ്റിപോയി, ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റാണ് ആ തെറ്റിന് എന്റെ ജീവനല്ലാതെ വേറൊന്നും തരാനില്ല എനിക്ക് …. ” എന്നു തുടങ്ങുന്ന ആത്മഹത്യാ കുറിപ്പിൽ , താൻ ഒരിക്കലും ആ പെൺകുട്ടിയെ ശല്യം ചെയ്തിട്ടില്ലെന്നും പറയുന്നു. മിഥുൻ ആത്മഹത്യക്ക് ശ്രമിക്കുമെന്ന് തങ്ങൾക്ക് സൂചനയുണ്ടായിരുനെന്നും പോലീസ് പറയുന്നു. കേരളത്തിന് പുറത്തു പോയ മിഥുനെ അവിടെ വച്ച് പിന്തുടർന്നെന്നും, ഇതിനു ശേഷം കഴിഞ്ഞ രാത്രി ഇരിങ്ങാലക്കുട തിരിച്ചെത്തിയതായി മനസിലാക്കിയതായും പോലീസ് പറയുന്നു. വിദഗ്ധ ചികിത്സക്കായി മിഥുനെ തൃശൂർ ജൂബിലിലെ ആശുപതിയിലേക്ക് മാറ്റി.

Leave a comment

Leave a Reply

Top