വോട്ടെണ്ണല്‍ : എട്ട് മണിയ്ക്ക് സ്‌ട്രോങ്ങ് റൂമുകള്‍ തുറക്കും, ഇരിങ്ങാലക്കുടയിൽ രണ്ടു മണ്ഡലങ്ങളുടെ വോട്ടെണ്ണൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിലെ വോട്ടെണ്ണൽ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലും, പുതുക്കാട് മണ്ഡലത്തിലെ വോട്ടെണ്ണൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലും നടക്കും. മെയ് 2ന് രാവിലെ എട്ടിന് സ്‌ട്രോങ്ങ് റൂമുകള്‍ തുറക്കും. തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തില്‍ വരണാധികാരിയാണ് സ്‌ട്രോങ്ങ് റൂം തുറക്കുക. തുടര്‍ന്ന് യന്ത്രങ്ങള്‍ വോട്ടെണ്ണുന്ന ഹാളിലേക്ക് കൊണ്ടു പോകും. വോട്ടെണ്ണലിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്ന പ്രഖ്യാപനമാണ് വോട്ടെണ്ണുന്ന ഹാളിലെ ആദ്യ നടപടി.

ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. അരമണിക്കൂറിനുശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ എണ്ണി തുടങ്ങും . 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്ന ശേഷിക്കാര്‍ തുടങ്ങി വീടുകളില്‍ ഇരുന്ന് ചെയ്ത വോട്ടുകള്‍, തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വോട്ട്, സര്‍വീസ് വോട്ടര്‍മാരുടെ ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകള്‍ ( ഇ.റ്റി.പി.ബി.) എന്നിവയാണ് പോസ്റ്റല്‍ വോട്ടിങ് വിഭാഗത്തില്‍ വരുന്നത്. ഇത്തവണ ഇതുനു പതിവിൽ കൂടുതൽ സമയമെടുക്കും.

കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, മൈക്രോ നിരീക്ഷകന്‍, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ വോട്ടെണ്ണല്‍ ഹാളില്‍ ഉണ്ടായിരിക്കും. വോട്ടിംഗ് യന്ത്രങ്ങളില്‍ യാതൊരുവിധ തിരിമറിയും നടന്നിട്ടില്ലെന്ന് ഇവര്‍ പരിശോധിച്ചതിനു ശേഷം പ്രശ്‌നരഹിതമായുള്ള യന്ത്രങ്ങള്‍ വോട്ടെണ്ണലിനായി ക്രമീകരിക്കും. യന്ത്രങ്ങളില്‍ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടെങ്കില്‍ അവ വരണാധികാരിയെ ഏല്‍പ്പിക്കും. പ്രശ്‌നരഹിതമായിട്ടുള്ള യന്ത്രങ്ങള്‍ എല്ലാം എണ്ണിയതിനു ശേഷം പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയ യന്ത്രങ്ങള്‍ നിരീക്ഷകനും വരണാധികാരിയും ചേര്‍ന്ന് പുന:പരിശോധിച്ചതിനു ശേഷം മാത്രമേ വോട്ടെണ്ണലിനായി പരിഗണിക്കുകയുള്ളൂ.

വോട്ടെണ്ണല്‍ സംബന്ധിച്ച് സ്ഥാനാര്‍ഥികളുടെ പക്ഷത്തു നിന്നും ഏതെങ്കിലും പരാതി ഉണ്ടായാല്‍ വരണാധികാരി അവ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും. വോട്ടെണ്ണലിന്റെ അന്തിമ ഫലം ഫോം 20ലാണ് തയ്യാറാക്കുക. എന്‍കോര്‍ ആപ്ലിക്കേഷന്‍ വഴിയാണിത്. ഓരോ ടേബിളിലും ഓരോ റൗണ്ടിലും പൂര്‍ത്തിയാക്കിയ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ഫല പ്രഖ്യാപനം. ഓരോ റൗണ്ടിലും പൂര്‍ത്തീകരിച്ച വോട്ടുകള്‍ ചേര്‍ത്ത് അന്തിമ ഫലപ്രഖ്യാപനം നടത്തും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top