വോട്ടെണ്ണൽ: രാഷട്രീയ പാർട്ടികളും ജനങ്ങളും നിർദേശങ്ങൾ കർശനമായി പാലിക്കണം

വോട്ടെണ്ണൽ ദിവസം കർഫ്യൂ നിലവിലുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ പുറത്തിറങ്ങാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ല. ആഹ്ളാദ പ്രകടനങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ എന്നിവയ്ക്കും നിരോധനമുണ്ട്. മെയ് 2, 3, 4 തിയ്യതികളിൽ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിന് കടുത്ത നിയന്ത്രണം തുടരുമെന്നും കലക്ടർ

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വോട്ടെണ്ണൽ ദിവസമായ മെയ് 2 ന് ജില്ലയിലാകെ നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാഭരണകൂടം. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ എസ് ഷാനവാസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ആഹ്ളാദ പ്രകടനമുണ്ടാവില്ലെന്നും പാർട്ടി പ്രവർത്തകർ അന്നേ ദിവസം അനാവശ്യമായി പുറത്തിറങ്ങില്ലെന്നും കൂട്ടം കൂടില്ലെന്നും രാഷ്ടീയ പാർട്ടി പ്രതിനിധികൾ കലക്ടർക്ക് ഉറപ്പു നൽകി.

വോട്ടെണ്ണൽ ദിവസം കർഫ്യൂ നിലവിലുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ പുറത്തിറങ്ങാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ല. ആഹ്ളാദ പ്രകടനങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ എന്നിവയ്ക്കും നിരോധനമുണ്ട്. മെയ് 2, 3, 4 തിയ്യതികളിൽ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിന് കടുത്ത നിയന്ത്രണം തുടരുമെന്നും കലക്ടർ അറിയിച്ചു.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പോളിങ് ഏജൻ്റുമാരായി ചുമതലയുള്ളവർ നിർബന്ധമായും ആർ ടി പി സി ആർ അല്ലെങ്കിൽ ആൻ്റിജൻ ടെസ്റ്റുകൾ നടത്തിയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. നിശ്ചയിക്കപ്പെട്ട പോളിങ് ഏജൻ്റുമാർക്ക് പരിശോധനയിൽ കോവിഡ് പോസിറ്റീവാകുന്ന സാഹചര്യത്തിൽ റിസർവ് പോളിങ് ഏജൻ്റുമാരെയും ഉപയോഗപ്പെടുത്താം. ഇവരും കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങണം.

പോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്മാർക്ക് ഇന്ന് (ഏപ്രിൽ 30) അതത് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആൻ്റിജൻ പരിശോധന നടത്തുമെന്നും ഇതിൽ പോളിങ് ഏജൻ്റുമാർക്ക് പങ്കെടുക്കാമെന്നും കലക്ടർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ അറിയിച്ചു.

വിവിധയിടങ്ങളിൽ കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവിടങ്ങളിൽ അവശ്യ സർവീസുകൾ മാത്രമേ പാടുള്ളൂവെന്നും കലക്ടർ വ്യക്തമാക്കി. യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാർ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a comment

Top