ചുമട്ടുതൊഴിലാളിയായിരുന്ന നെടുമ്പക്കാരൻ ജോൺസൺ ചേട്ടന്‍റെ കാശുക്കുടുക്കയിലെ സമ്പാദ്യമായ 8651 രൂപ വാക്സിൻ ചലഞ്ചിലേക്ക്

പട്ടേപ്പാടം : നെടുമ്പക്കാരൻ ജോൺസൺ ചേട്ടൻ ഇരിങ്ങാലക്കുട മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായിരുന്നു. രോഗബാധിതനായതിനാൽ കഴിഞ്ഞ ഇരുപത് വർഷമായി പണിക്ക് പോകാറില്ല. ഭാര്യ റോസിലി കൂലിവേല ചെയ്താണ് കുടുംബം പുലരുന്നത്. മൂന്ന് സെന്റ് സ്ഥലത്തൊരു കിടപ്പാടം.

ഇന്ന് രാവിലെ ജോൺസൺ ചേട്ടന്റെ ഒരു വിളി:

‘ എന്റെ കൈയിലൊരു കാശുക്കുടുക്കയുണ്ട്. അതിൽ മരുന്ന് വാങ്ങാൻ റോസിലി സ്വരുക്കൂട്ടിയ കുറച്ചു പൈസയുണ്ട്. അത് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് അയച്ചു കൊടുക്കണം. ഇത്രടം വന്ന് അത് വാങ്ങണം.’

എന്താ പറയുക! മനുഷ്യന്റെ ശബ്ദത്തിന് ഇത്രയും ദ്രവീകരണ ശക്തിയുണ്ടോ? ഉള്ളൊന്ന് പിടഞ്ഞു പോയി.

‘ ജോൺസൺ ചേട്ടാ ഇപ്പോൾ അത് വേണോ?’ തിരിച്ചു ചോദിച്ചു.

‘ വേണം. എന്റെയും റോസിലിയുടെയും തീരുമാനമാണ് . ഇപ്പോഴല്ലെങ്കിൽ പിന്നെഎപ്പഴാ ഇങ്ങനെ ഒരു പുണ്യകർമ്മം ചെയ്യുക? ‘

ഞങ്ങൾ അരുണൻ മാഷ് എം.എൽ.എയെ വിവരമറിയിച്ചു. അദ്ദേഹo വന്നു. പഞ്ചായത്ത് പ്രസിഡൻറ് ധനീഷ്യം എൻ.കെ. അരവന്ദാക്ഷൻ മാഷും കൂടെയുണ്ടായിരുന്നു. കാശുക്കുടുക്ക ഏറ്റുവാങ്ങി. തുറന്ന് എണ്ണി നോക്കി. 8651 രൂപ !

അരുണൻ മാഷ് പറഞ്ഞു:

‘ ഈ സംഖ്യയുടെ മൂല്യം തിട്ടപ്പെടുത്താനുള്ള അളവ് കോലൊന്നും നമ്മുടെ കൈവശം ഇല്ല കേട്ടോ’

ജോൺസൺ ചേട്ടന്റെ അടുത്തെത്താൻ നമ്മളൊക്കെ ഇനിയും എത്രയെത്ര കാതം ഓടണം…!

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top