കൂടൽമാണിക്യം തിരുവുത്സവം 2021 മാറ്റിവയ്ക്കാൻ ദേവസ്വം ഭരണസമിതിയും തന്ത്രിമാരും പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടക്കാരുടെ അഭിമാനമായ കൂടൽമാണിക്യം ക്ഷേത്രോത്സവം വൈപുല്യമുള്ള താന്ത്രിക ചടങ്ങുകൾക്കൊപ്പം പത്തുദിവസങ്ങൾ നീണ്ടു നിൽക്കുന്ന പതിനേഴാനകളും നൂറിൽപരം വാദ്യകലാകാരന്മാർ ഒരുക്കുന്ന മേളത്തിനും വിവിധ കഥകൾ പുലരുംവരെ ആടിത്തീർക്കുന്ന ഏഴു കഥകളി രാവുകൾക്കും പ്രസിദ്ധിയാർജ്ജിച്ചതാണ്. 
          ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയനൃത്തസംഗീതവാദ്യോത്സവവും സാംസ്ക്കാരിക ലോകത്തിൻ്റെ ശ്രദ്ധയാകർഷിച്ചതാണ്. കഴിഞ്ഞ ഒരുവർഷമായി ലോകത്തിൽ താണ്ഡവമാടുന്ന കോവിഡ് 19 മഹാമാരി നിയന്ത്രണവിധേയമായതായി തോന്നിയ സാഹചര്യത്തിലാണ് 2020 ലെ മാറ്റിവച്ച ഉത്സവവും 2021 ലെ ഉത്സവവും 2021 മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിൽ നടത്താൻ തീരുമാനമെടുത്തത്. 2020 ലെ മാറ്റിവച്ച ഉത്സവം ക്ഷേത്രത്തിനകത്തെ ചടങ്ങുകൾ സംബന്ധിച്ച് നിശ്ചയിക്കേണ്ട തന്ത്രിമാർ നിഷ്ക്കർഷിച്ച രീതിയിൽ ചടങ്ങുകൾ മാത്രമായി നടത്താനും നമ്മൾക്കായി. അതു നടന്നപ്പോൾ തിടമ്പേറ്റുന്ന ആനയ്ക്ക് പുറമെ ഉള്ളാനകൾ ഇരുപുറത്തും ചടങ്ങിന് മേളം നടത്താൻ ഒരു ചെറുസംഘവും നിയോഗിക്കപ്പെട്ടു. ആ ഉത്സവം കാണ്മാനും ക്ഷേത്രദർശനം നടത്താനും വിശേഷിച്ച് മാതൃക്കൽ തൊഴാനും ധാരാളം ഭക്തജനങ്ങൾ വന്നു. ക്ഷേത്രത്തിൻ്റെ നാലമ്പലത്തിനകത്ത് മാതൃക്കൽ ദർശന സമയത്തും, കലശങ്ങളുടെ സമയത്തും ധാരാളം പേർ തൊഴാൻ എത്തുമ്പോൾ മേൽശാന്തി, കീഴ്ശാന്തിമാർ, തന്ത്രിമാർ, മൂസ്, തീർത്ഥമാണി, വിളക്കുപിടിക്കാർ, അകമ്പടിക്കാർ, അവശ്യം വേണ്ട ക്ഷേത്രജീവനക്കാർ തുടങ്ങി അനവധി പേരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
2021 ഏപ്രിൽ 7നാണ് ആ ഉത്സവം കൊടിയിറങ്ങിയത്. അന്നത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നിന്ന് ഇന്ന് പതിന്മടങ്ങ് വർദ്ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ആശങ്കാകുലമായ വർധനയുമാണ് ഉണ്ടായിട്ടുള്ളത്. തന്മൂലം രാജ്യത്തെ ഏറ്റവും വിശേഷപ്പെട്ട മതപരമായ ചടങ്ങ് കുംഭമേള പോലും നിരോധിക്കുന്ന സാഹചര്യം ഉണ്ടായി. ലോകത്താകമാനവും നമ്മുടെ രാജ്യത്തും സംസ്ഥാനത്തും നിയന്ത്രണങ്ങൾ ഉചിതമായവിധം ഏർപ്പെടുത്തി. രണ്ട് ഉത്സവങ്ങൾ നടത്താൻ കൂടൽമാണിക്യത്തിന് ഭരണകൂടം ഒന്നിച്ചാണ് അനുമതി നൽകിയിരുന്നത്. അത് വിവിധ ദേവാലയങ്ങൾക്ക് നൽകിയിരുന്ന സമാനമായ അനുമതികൾ പിൻവലിച്ചതോടൊപ്പം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭരണകൂടം പിൻവലിക്കുകയുണ്ടായി.

2021 ലെ ഉത്സവം ചടങ്ങുമാത്രമായി ഒന്നുകൂടി ഒതുക്കി നടത്താൻ കഴിയുമോ എന്ന് പരിശോധിക്കാൻ കൂടൽമാണിക്യം ദേവസ്വം ഭരണസമിതിയും തന്ത്രിമാരും വീണ്ടും യോഗം ചേർന്നു. പുതിയ സാഹചര്യത്തിൽ ആലോചിച്ചപ്പോൾ ഉത്സവം നടത്തുക അസാധ്യമാണെന്നു ബോദ്ധ്യപ്പെട്ടു. ക്ഷേത്രത്തിനകത്ത് മാത്യക്കൽ തൊഴൽ സമയത്തും കലശപൂജകളുടെ സമയത്തും ഭക്തരെ തീരെ പ്രവേശിപ്പിക്കാതെയിരുന്നാൽ പോലും അനവധിപേർ അടുത്തിടപഴകാതെ കഴിയില്ലെന്ന് ബോദ്ധ്യപ്പെട്ടു. അത്രയും പേർ ഒന്നിച്ച് കൂടുന്നത് ആശാസ്യമല്ല, നിയമവിരുദ്ധവുമാണ്.

കൂടാതെ ക്ഷേത്രത്തിനകത്ത് തൽസന്ദർഭങ്ങളിൽ പെരുമാറുന്ന തന്ത്രിമാർ, പരികർമ്മി ഉൾപ്പടെ നല്ലൊരു പങ്ക് ആൾക്കാർ വയോജനങ്ങളും ഹൈറിസ്ക് ഉള്ളവരും ആണ് എന്ന് ബോദ്ധ്യപ്പെട്ടു. നമ്മുടെ ക്ഷേത്രത്തിലെ തന്ത്രിമാരും വിളക്കുപിടി അകമ്പടിയായവരെയും ക്ഷേത്രം ജീവനക്കാരെയും പ്രവൃത്തിക്ക് എത്തുന്നവരെയും ഗുരുതരമായ അപത്തിലേക്ക് തള്ളി വിടുന്നവിധം ഉത്സവം നടത്തേണ്ടതില്ല എന്ന ഏകകണ്ഠമായ തീരുമാനം ആണ് യോഗത്തിൽ എടുത്തത്. ഭക്തജനങ്ങളെ പങ്കെടുപ്പിക്കാതെ ക്ഷേത്രം അടച്ചിട്ട് ഉത്സവം നടത്തുന്നത് അഭികാമ്യമല്ല എന്നും അഭിപ്രായം ഉണ്ടായി. പളളിവേട്ടക്കും ആറാട്ടിനും ക്ഷേത്രമതിൽക്കകത്തു നിന്ന് പുറത്തേക്ക് ഇന്നത്തെ അവസ്ഥയിൽ പോകാനും കഴിയില്ല. അപ്രകാരമിരിക്കെ ഉത്സവം ആരംഭിച്ചാലും പൂർത്തീകരിക്കാനാകാത്ത ദുരവസ്ഥ ഉണ്ടാകും.

ഇതെല്ലാം പരിഗണിച്ചാണ് അൽപം സാവകാശം എടുത്ത് രോഗവ്യാപനം കുറഞ്ഞ്, നല്ലൊരു പങ്ക് ജനങ്ങൾ വാക്സിനെടുത്ത് കുറച്ചുകൂടി ഭേദപ്പെട്ട സന്ദർഭത്തിൽ ജനങ്ങൾക്ക് ചെറിയ രീതിയിൽ എങ്കിലും പങ്കെടുക്കാനാകുന്ന വിധം ഉത്സവം നടത്തണമെന്ന് തീരുമാനിച്ചതായി ദേവസ്വം ചെയർമാൻ പ്രദീപ് യു മേനോൻ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top