ശനി, ഞായർ ദിവസങ്ങളിൽ അത്യാവശ്യ സർവീസുകൾ മാത്രം: മുഖ്യമന്ത്രി

ഏപ്രിൽ 24, 25 തീയതികളിൽ സംസ്ഥാനത്ത് അത്യാവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി.
കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ ഈ ദിവസങ്ങളിൽ നടത്താൻ അനുമതിയുണ്ട്. എന്നാൽ 75 പേർ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്

ഏപ്രിൽ 24, 25 തീയതികളിൽ സംസ്ഥാനത്ത് അത്യാവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ യാത്രകളാകെ തടസപ്പെടുത്തി ലോക്ക്ഡൗൺ അന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ ഈ ദിവസങ്ങളിൽ നടത്താൻ അനുമതിയുണ്ട്. എന്നാൽ 75 പേർ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്.

50 ശതമാനം സർക്കാർ ജീവനക്കാർക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തും. മറ്റു ജീവനക്കാരെ കോവിഡ് നിയന്ത്രണങ്ങൾക്ക് ജില്ലാ കളക്ടർമാർക്ക് ഉപയോഗിക്കാം. സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം നടപ്പാക്കാൻ സ്ഥാപന മേധാവികൾ ശ്രദ്ധിക്കണം. 24ന് സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് അവധിയായിരിക്കും. എന്നാൽ ആ ദിവസം നടക്കേണ്ട ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് മാറ്റമില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ മുഖേന മാത്രം ക്‌ളാസുകൾ നടത്തണം. ട്യൂഷൻ ക്ലാസുകളും സമ്മർ ക്യാമ്പുകളും നിർത്തിവയ്ക്കണം. ബീച്ചുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ കോവിഡ് പ്രൊട്ടോക്കോൾ പൂർണമായി പാലിക്കണം. പോലീസും സെക്ട്രൽ മജിസ്‌ട്രേറ്റുമാരും ഇത് ഉറപ്പാക്കണം.

രാത്രികാല നിയന്ത്രണങ്ങൾ തുടരും. എന്നാൽ ഭക്ഷണവിതരണത്തിന് തടസമുണ്ടാകാതെ ശ്രദ്ധിക്കണം. രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും സ്വകാര്യ ആശുപത്രി പ്രതിനിധികളുടെയും യോഗം ഉടൻ വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു താലൂക്കിൽ ഒരു സി. എഫ്. എൽ. ടി. സിയെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കും. രോഗികൾ വർധിക്കുന്നതനുസരിച്ച് സി. എഫ്. എൽ. ടി. സികളുടെ എണ്ണം കൂട്ടും. 35 ശതമാനത്തിലധികം കോവിഡ് വ്യാപനം ഉണ്ടാകുന്ന സ്ഥലങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. കോവിഡ് വ്യാപനം നിരീക്ഷിക്കുന്നതിനായി ടാസ്‌ക്ക് ഫോഴ്‌സ് രൂപീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമായ ഓക്‌സിജൻ ലഭ്യമാണ്. സർക്കാർ, സ്വകാര്യ മേഖലകളിലെ ആശുപത്രികളിലും ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a comment

Top