ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും രാത്രികാലങ്ങളിൽ നാൽക്കാലികളെ മോഷ്ടിച്ച് വിൽക്കുന്ന സംഘം അറസ്റ്റിൽ

ഇരിങ്ങാലക്കുട : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും രാത്രികാലങ്ങളിൽ നാൽക്കാലികളെ മോഷ്ടിച്ച് വിൽക്കുന്ന സംഘത്തിനെ ഇരിങ്ങാലക്കുട ഡി.വൈ.എസ്സ്. പി രാജേഷ് .ടി. ആറിന്‍റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട പോലീസ് ഇൻസ്പെക്ടർ അനീഷ് കരീമും സംഘവും പിടികൂടി. വെള്ളാങ്ങല്ലൂർ താമസിക്കുന്ന വൈപ്പിൻ സ്വദേശി മങ്ങാട്ടു പറമ്പിൽ കുക്കു എന്ന് വിളിക്കുന്ന ബിബിൻ (33 ) , അഴീക്കോട് പേബസാർ സ്വദേശി പുത്തൻചിറ വീട്ടിൽ സലാം (37), വൈപ്പിൻ വളപ്പ് മാലിപ്പുറം ബീച്ച് സ്വദേശികളായ ആലത്തറ വീട്ടിൽ ജപ്പാൻ കുഞ്ഞ് എന്ന് വിളിക്കുന്ന ജോബി (39 ) , നിരത്തിത്തറ വീട്ടിൽ ചാക്കോച്ചി എന്ന് വിളിക്കുന്ന ഷിബു (44 ) , മാട്ടുമ്മൽ വീട്ടിൽ ചുമ്മാർ എന്ന് വിളിക്കുന്ന സുബൈർ (44 ) എന്നിവരാണ് പിടിയിലായത് .

പകൽ സമയങ്ങളിൽ കറങ്ങി നടന്ന് എളുപ്പത്തിൽ വണ്ടിയിൽ കയറ്റി കൊണ്ടുപോകാൻ കഴിയുന്ന പോത്തുകളെയും എരുമകളെയും കണ്ടെത്തിയ ശേഷം രാത്രി വാഹനവുമായി വന്ന് ഉരുക്കളെ കടത്തി കൊണ്ടു പോകുന്നതാണ് ഇവരുടെ പതിവ് രീതി. അഞ്ചു പേരും ചേർന്ന് ഉരുക്കളെ പൊക്കി വണ്ടിയിലിട്ട് ഷീറ്റിട്ട് മൂടിയാണ് ഇവർ കൊണ്ടു പോകുന്നത്. ക്യാമറയിൽ പതിയാതിരിക്കാൻ ഇവർ അതി വേഗതയിലാണ് വാഹനം ഓടിക്കാറ്. പോത്ത് അഴിഞ്ഞു പോയതാണെന്നു കരുതി ഉടമസ്ഥർ പലരും പരാതി നൽകാത്തത് ഇവർക്ക് ഗുണകരമായിരുന്നു. കരൂപ്പടന്നയിൽ നിന്നും രണ്ടു എരുമകളെ ഒന്നിച്ച് മോഷ്ടിച്ചതാണ് സംശയത്തിനിടയാക്കി ഉടമസ്ഥർ പരാതി നൽകാൻ കാരണമായത്. പ്രതികളെ ചോദ്യം ചെയ്തതിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മോഷ്ടിച്ചതായി അറിയാൻ കഴിഞ്ഞു. ഇവർ മോഷണത്തിനായി ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. എസ് ഐ മാരായ ക്ലീറ്റസ് , ശ്രീനി, ജിഷിൽ , മനു, എ.എസ്.ഐ മാരായ ജോയ് , ജഗദീഷ്, സീനിയർ സി.പി.ഓ ഉമേഷ്, സി. പി.ഓ മാരായ അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a comment

Top