വോട്ടെടുപ്പ് രാവിലെഏഴുമുതൽ രാത്രി ഏഴുവരെ, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബൂത്തുകൾ

വോട്ടെടുപ്പ് രാവിലെ 7 മുതൽ രാത്രി 7 വരെയാണ്.
വൈകീട്ട് 6 മുതൽ 7 വരെ കോവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ അവസരം നൽകും

വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയാണ്. വൈകീട്ട് ആറുമുതൽ ഏഴുവരെ കോവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ അവസരം നൽകും. ജില്ലയില്‍ എം ത്രീ സീരീസിലുള്ള ആധുനിക സാങ്കേതിക വിദ്യയിലുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. തകരാറിലാകുന്ന യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കുന്നതിനും പരിശീലനം ലഭിച്ച എഞ്ചീനിയര്‍മാരുടെയും ജീവനക്കാരുടെയും പ്രത്യേക ടീം ഉണ്ടാകും.


കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ബൂത്തുകളും സ്റ്റേഷനുകളും ക്രമീകരിച്ചിട്ടുണ്ട്. ബൂത്തുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓരോ ബൂത്തിലേക്കും കോവിഡ് പ്രോട്ടോകോള്‍ ഓഫിസർ ഉണ്ടാകും. ബൂത്തുകളിലേക്ക് ആവശ്യമായ മാസ്‌കുകളും ഗ്ലൗസുകളും എത്തിക്കും. ബൂത്തിലെത്തുന്ന വോട്ടറുടെ ശരീരതാപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കില്‍ മൂന്ന് തവണ താപനില പരിശോധിക്കും. ഏതെങ്കിലും ഒരു തവണ താപനില കുറവാണെങ്കില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കും. മൂന്ന് തവണയും കൂടുതലാണെങ്കില്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുമുള്ളവര്‍ക്കുള്ള വോട്ടിംഗ് സമയത്ത് മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂ. ഇതിനായി ടോക്കണ്‍ നല്‍കും.


കുടിവെള്ളം, വൈദ്യുതി, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാ പോളിങ് സ്റ്റേഷനുകളിലും ഉറപ്പു വരുത്തിയിട്ടുണ്ട്. മണ്ഡലത്തിൽ 4 മാതൃകാ പോളിങ് സ്റ്റേഷനുകളും സജ്ജമാണ്. വരി നിൽക്കേണ്ടി വന്നാൽ ഊഴമെത്തുന്നതുവരെ വിശ്രമിക്കുന്നതിന് ടോക്കൺ സംവിധാനം, മുലയൂട്ടൽ മുറി, വിശ്രമസ്ഥലം തുടങ്ങിയ സൗകര്യങ്ങളാണ് മാതൃക സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്നത്. ഒരു വനിതാ സൗഹൃദ ബൂത്തും സജ്ജമാണ്.


പോളിംഗ് ബൂത്തുകളിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ക്യൂ ഉണ്ടാകും. ഭിന്നശേഷിക്കാർക്കും എൺപതിന് മുകളിൽ പ്രായമുള്ളവർക്കും പ്രത്യേക പരിഗണന നൽകും. ക്യൂവിൽ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് നിൽക്കേണ്ട സ്ഥലം മുൻകൂട്ടി മാർക്ക് ചെയ്യും. വോട്ടർമാർ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വളണ്ടിയർമാരെയും നിയോഗിക്കും.


നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് സെക്ടര്‍ തലത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിന് സെക്ടര്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് സെക്ടര്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഓരോ ബൂത്തിലും 1000 വോട്ടര്‍മാരില്‍ അധികരിക്കാതെയുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top