കൂടൽമാണിക്യം ഉത്സവം: ആനകളുടെ പരിശോധന നടന്നു, കൊടിപ്പുറത്ത് വിളക്ക് പ്രദക്ഷിണങ്ങൾക്ക് 3 ആന

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഉത്സവത്തിന്‍റെ  ചടങ്ങുകളുടെ ഭാഗമായുള്ള പ്രദക്ഷിണങ്ങൾക്ക് പങ്കെടുക്കുന്ന ആനകൾക്കുള്ള വനം വകുപ്പിന്‍റെയും മൃഗസംരക്ഷണ വകുപ്പിന്‍റെയും പരിശോധനകൾ തിങ്കളാഴ്ച കൊട്ടിലാക്കലിൽ നടന്നു. കൂടൽമാണിക്യം മേഘാർജ്ജുനൻ, കുട്ടംകുളങ്ങര അർജുനൻ, അന്നമനട ഉമാ മഹേശ്വരൻ എന്നി 3 ആനകളാണ് തിങ്കളാഴ്ച രാത്രി 9 മണിക്ക് ശേഷം നടക്കുന്ന കൂടൽമാണിക്യം കൊടിപ്പുറത്ത് വിളക്ക് പ്രദക്ഷിണങ്ങൾക്ക് പങ്കെടുക്കുന്നത്.

മൃഗ സംരക്ഷണ വകുപ്പിലെ ഇരിങ്ങാലക്കുട പോളി ക്ലിനിക്കിലെ സീനിയർ വെറ്റെർനറി സർജ്ജൻ ഡോ. ബാബുരാജ് ടി.എ, അസിസ്റ്റന്റ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ചേർപ്പ് സുരേഷ് പി.ഡി, മുരിയാട് വെറ്റെർനറി സർജ്ജൻ ടൈറ്സൺ പിൻഹീറിയോ, കാറളം വെറ്റെർനറി സർജ്ജൻ ഡോ. സിജോ ജേക്കബ്, കാട്ടൂർ വെറ്റെർനറി സർജ്ജൻ കിരൺ മേനോൻ, ഡോ. ഷിബു കെ വി. എന്നിവർ ആനകളെ പരിശോധിച്ച്‌ റ്റാഗുകൾ നൽകി. ദിവസവും പരിശോധനകൾ നടക്കും. ആനകളുടെ ഇൻഷുറൻസ്, ഹെൽത്ത് സർട്ടിഫിക്കറ്റ് മൈക്രോ ചിപ്പ് വിവരങ്ങൾ എന്നിവയും ആനയുടെ പൊതുവായ ആരോഗ്യസ്ഥിതിയും ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ചു.

തീർത്ഥക്കര എഴുന്നളിപ്പിന് ആനയുടെ പാദങ്ങൾക്ക് ചൂട് ഒഴിവാക്കാൻ താഴെപാകിയ കരിങ്കലുകൾക്കു മുകളിൽ കട്ടിയുള്ള ചാക്ക് നനച്ചു ഇടും. ആനകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന എൽ ഇ ഡി ബീം ലൈറ്റുകൾ, ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന പീപ്പി, നീളമുള്ള ബലൂണുകൾ, ഹേലിക്യാം എന്നിവ ക്ഷേത്രത്തിനകത്തും പരിസരങ്ങളിലും നിരോധിച്ചിട്ടുണ്ട് . മൃഗസംരക്ഷണ വകുപ്പിന്‍റെ  കീഴിൽ പ്രത്യേക സ്‌ക്വാഡ് ആനകളെ പരിശോധിക്കാനായി ഉണ്ടാകും. ജനങ്ങളെ ആനകളുടെ ഇടയിൽ നിന്ന് മാറ്റിനിർത്തും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top