കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് കൊടിയേറി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‍റെ കൊടിയേറ്റം കിഴക്കേനടയില്‍ വലിയ ബലിക്കല്ലിനോട് ചേര്‍ന്നുള്ള കൊടിമരത്തില്‍ ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി നിർവഹിച്ചു. പതിവുള്ള പഞ്ചാരിമേളത്തിന്‍റെയും ആനകളുടെയും കലകളുടെയും പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിന് വിപിരിതമായി കോവിഡ് നിയന്ത്രണങ്ങൾ മൂലം മാറ്റിവെച്ച 2020ലെ കൂടൽമാണിക്യം തിരുവുത്സവം ഇപ്പോൾ ചടങ്ങുകൾ മാത്രമായി മാർച്ച് 28 ഞായറാഴ്ച മുതൽ ഏപ്രിൽ 7 വരെയാണ് ആഘോഷിക്കുന്നത്.

താന്ത്രിക ചടങ്ങുകളാല്‍ പവിത്രമായ ക്ഷേത്രത്തില്‍ പാണിയും തിമിലയും ചേങ്ങിലയും ചേര്‍ന്ന് സൃഷ്ടിച്ച നാദലയത്തില്‍ മന്ത്രങ്ങള്‍ ആവാഹിച്ചാണ് കൊടിയേറ്റ കർമ്മങ്ങൾ നടന്നത്. ഭക്തജനങ്ങളും ദേവസ്വം ഭാരവാഹികളും ഇതിന് സാക്ഷിയായി. ശ്രീകോവിലില്‍ നിന്ന് പൂജിച്ചു കൊണ്ടുവന്ന കൊടിക്കൂറയും മണിയും മാലയും കൊടിമരച്ചുവട്ടില്‍വെച്ച് കൊടിമരത്തിന് പൂജ ചെയ്താണ് കൊടിയേറ്റം നിര്‍വഹിച്ചത്.

Leave a comment

Top