കർശന നിയന്ത്രണങ്ങളോടെ ശ്രീ കൂടൽമാണിക്യം തിരുവുത്സവം : ഉദ്യോഗസ്ഥതല യോഗം ചേർന്നു

ഇരിങ്ങാലക്കുട : മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ നടക്കുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ മാറ്റിവച്ച തിരുവുത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല യോഗം വ്യാഴാഴ്ച ദേവസ്വം ബോർഡ് ഓഫീസിൽ ചേർന്നു . വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണം യോഗത്തിൽ ഉറപ്പാക്കി. വനം വകുപ്പ്, പോലീസ്, വൈദ്യുതി, ജല അതോറിറ്റി, ആരോഗ്യം, മൃഗ സംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

ചടങ്ങുകൾ മാത്രമായി നടത്തുന്നതിനാൽ 3 ആനകളുള്ള ശീവേലിക്കും വിളക്കെഴുന്നെള്ളിപ്പുകൾക്കും ഇത്തവണ മേളം ഉണ്ടാകില്ല, പ്രദക്ഷണങ്ങൾ മാത്രമേ ഉണ്ടാകു . കലാപരിപാടികളും ഉണ്ടാകില്ല. അടിയന്തര ചടങ്ങുകളായ പാഠകം ഒരുദിവസവും സൂത്രധാരകൂത്തും, നങ്ങ്യാർകൂത്ത് എന്നിവ 30-ാം തിയതിമുതൽ ഉണ്ടാകും. മാതൃക്കൽബലി ദർശനത്തിനായി പടിഞ്ഞാറേ നടപ്പുരയിൽ ക്യു സംവിധാനം ഏർപ്പെടുത്തും. രാവിലെ 11 മണിയോടെയും രാത്രി 10 മണിയോടെയും എല്ലാ ചടങ്ങുകളും അവസാനിപ്പിക്കും.

ശീവേലി, വിളക്ക് പ്രദക്ഷണങ്ങൾക്ക് പതിവുപോലെ 3 ആനകൾ ഉണ്ടാകും. പള്ളിവേട്ടക്കും ആറാട്ടിനും 3 ആനകൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ കർശന നിയന്ത്രണങ്ങളും ദിവസേനയുള്ള പരിശോധനയും ഉണ്ടാകും. റിസെർവായി മറ്റു 3 ആനകൾകൂടിയുണ്ടാകും. ഇത്തവണ അന്നദാനം ഉണ്ടാകില്ല. പ്രവർത്തിക്കാർക്കുള്ള ഭക്ഷണം മാത്രം ഉണ്ടാകും. ക്ഷേത്രത്തിനു പുറത്ത് ചെറിയ തോതിൽ എക്സിബിഷൻ ഒരുക്കിയിട്ടുണ്ട്. ഇവിടെ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top