ആനകളുടെ തലപൊക്ക മൽസരം – വനം വകുപ്പ് കേസെടുത്തു

ഇരിങ്ങാലക്കുട : ആനകളെ നിർബന്ധിപ്പിച്ചും, വടികൊണ്ട് കുത്തിയും തലപൊക്കി മത്സരിപ്പിക്കുന്നത് തീർത്തും നിയമവിരുദ്ധമായിരിക്കെ ഇത്തരത്തിൽ ആനകളുടെ തലപൊക്ക മൽസരം നടത്തിയതിന് പുറനാട്ടുക്കര ദേവിതറ ശ്രീ ഭദ്ര ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന രണ്ട് ആനകളുടെ പാപ്പാന്മാർക്കെതിരെ തൃശൂർ സോഷ്യൽ ഫോറെസ്റ്ററി വിഭാഗം കേസെടുത്തു. കോട്ടയം ഭാഗത്തുള്ള പാമ്പാടി രാജൻ എന്ന പ്രസിദ്ധമായ ആനയുടെ പാപ്പാൻമാരായ പെരുമ്പാവൂർ പറമ്പിൽപീടിക കുഴിയാലുങ്കൽ വീട്ടിൽ രജീഷ്, ചാലക്കുടി പോട്ട ഞാറക്കൽ വീട്ടിൽ സജീവൻ, എന്നിവരുടെ പേരിലും, തൃശൂർ ഉള്ള ‘നന്ദിലത്ത് ഗോപാലകൃഷ്ണൻ’ എന്ന ആനയുടെ പാപ്പാന്മാനമ്മരായ പാലക്കാട് കൊല്ലംകോട് മാമനീ വീട്ടിൽ ചന്ദ്രൻ, ചിറ്റൂർ പാറക്കുളം ദേശം മീനികോഡ് വീട്ടിൽ മനോജ് എന്നിവർക്കെതിരെ യാണ് കേസെടുത്തിട്ടുള്ളത്.

തലപൊക്കത്തിനിടെ ആനയുടെ മുകളിൽ തിടമ്പ് പിടിച്ചിരിക്കുന്ന ആൾക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ആനപ്പുറത്ത് നിന്നും വീഴാൻ പോകുകയും ചെയ്തു. ആനകളെ നിർബന്ധിപ്പിച്ചും, വടികൊണ്ട് കുത്തിയും തലപൊക്കി മത്സരിപ്പിക്കുന്നത് തീർത്തും നിയമവിരുദ്ധമാണ്. ഇപ്രകാരം ആനകളെ പീഡിപ്പിക്കുന്നത് 2012ലെ നാട്ടാന പരിപാലന ചട്ടം പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണെന്ന് തൃശൂർ സോഷ്യൽ ഫോറസ്ട്രി അസി.ഫോറസ്റ്റ് കൺസവേറ്റർ പി എം പ്രഭു അറിയിച്ചു.

തുടർന്ന് കേസന്വേഷണം പൂർണമാകുന്നത് വരെ ആനകളെ പരിപാടികൾക്ക് പങ്കെടുപ്പിക്കുന്നതിൽ നിന്നും പാപ്പാന്മാരെ വനം വകുപ്പ് വിലക്കിയിട്ടുണ്ട്. ഇപ്രകാരം പ്രകോപനപരമായി ആനകളെ എഴുന്നള്ളിച്ച ദേശത്തിൻ്റെയും, ഉടമകളുടെയും പങ്ക് അന്വേഷിച്ചു വരുന്നു. ചൂട് കൂടിയതിനാലും, കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാലും ആനയെഴുന്നള്ളത്തുകൾക്ക് നിയന്ത്രണങ്ങൾ ഉണ്ട്. പകൽ പത്ത് മണിക്ക് ശേഷമോ വൈകുന്നേരം നാല് മണിക്ക് മുൻപോ ആനയെഴുന്നള്ളത്തുകൾ പാടുള്ളതല്ല. മതിയായ വിശ്രമവും, ആരോഗ്യവും ഉറപ്പ് വരുത്തി മാത്രമേ ആനകളെ എഴുന്നള്ളിക്കന്നത് അനുവദിക്കുകയുള്ളൂ.

ആനകളുടെ തലപൊക്ക മൽസരം – വനം വകുപ്പ് കേസെടുത്തു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top