ദേശിയ പല്ലാവൂർ താളവാദ്യമഹോത്സവം സമാപിച്ചു, പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : കഴിഞ്ഞ ആറു ദിവസമായി കൂടൽമാണിക്യം ക്ഷേത്രഗോപുരനടയിൽ നടന്നവന്ന പല്ലാവൂർ സമിതിയുടെയും സംസ്‌കാരികവകുപ്പിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പതിനൊന്നാമത് ദേശിയ പല്ലാവൂർ താളവാദ്യമഹോത്സവം സമാപിച്ചു. സമാപന സമ്മേളനം കേരള കലാമണ്ഡലം വൈസ് ചാൻസലർ ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. പല്ലാവൂർ ഗുരുസ്മൃതി അവാർഡ് തിമില ആചാര്യൻ കുനിശ്ശേരി അനിയൻ മാരാർക്കും തൃപ്പേക്കുളം പുരസ്‌കാരം ഇലത്താളപ്രമാണി മണിയാംപറമ്പിൽ മണിനായർക്കും ഗുരുപൂജാ പുരസ്‌കാരം ഇലത്താളപ്രമാണി പറമ്പിൽ നാരായണൻ നായർക്കും വീക്കൻചെണ്ട പ്രമാണി പിണ്ടിയത്ത് ചന്ദ്രൻ നായർക്കും ടി.കെ. നാരായണൻ സമ്മാനിച്ചു. മദ്ദള കലാകാരൻ വടക്കുമ്പാട്ട് രാമൻകുട്ടി, കൊമ്പുകലാകാരൻ വരവൂർ മണികണ്ഠൻ, ഇലത്താളം കലാകാരൻ കാട്ടുകുളം ബാലകൃഷ്ണൻ എന്നിവർക്ക് ജി.എസ്. പോൾ ചികിത്സാസഹായം കൈമാറി. സമിതി പ്രസിഡന്റ് കലാമണ്ഡലം ശിവദാസ് സംസാരിച്ചു.

മേജർ സെറ്റ് പഞ്ചവാദ്യത്തിൽ കുനിശ്ശേരി അനിയൻ മാരാർ, പരയ്ക്കാട് തങ്കപ്പൻ മാരാർ, കോങ്ങാട്ട് മധു എന്നിവർ തിമിലയിലും ചെർപ്പുള്ളശ്ശേരി ശിവൻ, കൃഷ്ണവാര്യർ, കോട്ടയ്ക്കൽ രവി എന്നിവർ മദ്ദളത്തിലും പല്ലാവൂർ രാഘവപിഷാരടി, ചേലക്കര സൂര്യൻ, തോന്നൂർക്കര ശിവൻ എന്നിവർ ഇലത്താളത്തിലും മച്ചാട്ട് മണികണ്ഠൻ, മച്ചാട്ട് പദ്‌മകുമാർ, മച്ചാട്ട് ഹരി എന്നിവർ കൊമ്പിലും കാക്കൂർ അപ്പുക്കുട്ടമാരാർ, തിരുവില്വാമല ഹരി എന്നിവർ ഇടയ്ക്കയിലും പങ്കെടുത്തു. 6 ദിവസങ്ങളിലെ പരിപാടികൾ പല്ലാവൂർ സമിതിയുടെ യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. CLICK TO WATCH VIDEOS

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top