അങ്ങിനെ ഇരിങ്ങാലക്കുടയിലും സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രകടനം, സ്ഥാനമാനങ്ങൾ രാജിവെക്കുമെന്ന് ഭീക്ഷണിയും

ഇരിങ്ങാലക്കുട : മൂന്ന് ദശവത്സരകാലമായി ഇരിങ്ങാലക്കുടയിൽ തുടർച്ചയായി കോൺഗ്രസ് നേതാക്കൾക്ക് നിയമസഭാ സീറ്റ് നിഷേധിക്കുന്ന നേതൃത്വത്തിനെതിരെ വ്യാഴാഴ്ച വൈകുനേരം ഇരിങ്ങാലക്കുടയിൽ പ്രവർത്തകരുടെയും നേതാക്കളുടെയും പ്രതിഷേധ പ്രകടനം നടന്നു. “ഇവിടെനിന്നും പരിഗണിക്കപ്പെടേണ്ടവരെ മറ്റു സ്ഥലങ്ങളിൽ ഇത്തവണ തീർച്ചയായും പരിഗണിക്കുമെന്ന” കോൺഗ്രസ്സ് ഉന്നത നേതാക്കളുടെ ഉറപ്പ് വീണ്ടും ലംഘിക്കപ്പെട്ടതിലുള്ള അമർഷമാണ് പ്രതിഷേധ പ്രകടനത്തിൽ നിഴലിച്ചത്.

കെ.പി.സി.സി ജനറൽ സെക്രട്ടറി ആയിരുന്ന ഇരിങ്ങാലക്കുടയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവായ എം.പി ജാക്‌സന് പലതവണത്തെപ്പോലെയും ഇത്തവണയും ഇരിങ്ങാലക്കുട സീറ്റ് ഘടകകക്ഷി സീറ്റെന്നപേരിൽ ആദ്യമേ നിഷേധിക്കുകയായിരുന്നു. അപ്പോൾ തന്നെ മണ്ഡലം കമ്മിറ്റിയും, ബ്ലോക്ക് കമ്മിറ്റിയും ഇതിൽ പ്രതിഷേധിക്കുകയും, ഇരിങ്ങാലക്കുട സീറ്റ് 1991 ന് ശേഷം കോൺഗ്രസിന് മത്സരിക്കാൻ അവസരം തന്നിട്ടില്ലെന്നും , നിയോജകമണ്ഡലത്തിൽ വേരോട്ടമില്ലാത്ത കേരള കോൺഗ്രസ്സിന് നൽകുന്നതിനുള്ള എതിർപ്പ് മേൽഘടകങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇരിങ്ങാലക്കുട സീറ്റ് മുന്നണി ധാരണകളുടെ പേരിൽ ഇത്തവണ നല്കാനാകില്ലെന്നും, പകരം ചാലക്കുടി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഇരിങ്ങാലക്കുടയിലെ നേതാക്കളെ പരിഗണിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നതായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി വി ചാർളി പറഞ്ഞു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് ഇത്തരത്തിൽ ഉറപ്പുകൾ നൽകിയത്.

എന്നാൽ ഇപ്പോൾ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചാലക്കുടി മണ്ഡലത്തിൽ എം പി ജാക്‌സനെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. പാർട്ടി തന്ന എല്ലാ സ്ഥാനമാനങ്ങളും രാജിവെക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം നേതാക്കൾ. മുൻസിപ്പൽ ചെയർപേഴ്സൺ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്മാർ, മുനിസിപ്പൽ കൗൺസിലർമാർ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങി നൂറുകണക്കിന് പ്രവർത്തകർ പ്രധിഷേധ പ്രകടനത്തിൽ പങ്കെടുത്തു.

കേരള കോൺഗ്രസിന് നൽകിയ ഇരിങ്ങാലക്കുട സീറ്റിൽ യു ഡിഫ് വിജയ പ്രതീക്ഷയെ മങ്ങലേൽപ്പിക്കുന്നതാണ് ഇപ്പോളത്തെ മണ്ഡലത്തിലെ സംഭവവികാസങ്ങൾ.

Leave a comment

Top