മാപ്രാണത്ത് തണൽ മരങ്ങൾ വെട്ടുവാനുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ നീക്കം ചെറുക്കും – ബി.ജെ.പി

മാപ്രാണം : സംസ്ഥാനപാതയിലെ ബ്ലാക്ക് സ്പോട്ട് റെക്ടിഫിക്കേഷന്‍റെ മറവിൽ കൊടുങ്ങല്ലൂർ – ഷൊർണ്ണൂർ സംസ്ഥാന പാത കടന്നുപോകുന്ന മാപ്രാണം ജംഗ്ഷനിൽ റോഡുപണിയുടെ ഭാഗമായി വലിയതോതിൽ തണൽ മരങ്ങൾ മുറിച്ച് മാറ്റുവാൻ പി.ഡബ്ലിയൂ.ഡി ഇരിങ്ങാലക്കുട അസിസ്റ്റൻ്റ് എൻജിനിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾക്കെതിരെ പ്രതിരോധം തീർക്കുവാൻ ബി.ജെ.പി ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി കമ്മറ്റി തീരുമാനിച്ചു. മാപ്രാണം സെൻറററിൽ നന്തിക്കര റോഡിൽ ഇരുവശങ്ങളിലായി നിൽക്കുന്ന തണൽ മരങ്ങൾ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സം നിൽക്കുന്നുവെന്നാരോപിച്ചാണ് മരങ്ങൾ വെട്ടിനീക്കാൻ അനുവാദം ചോദിച്ച് ഇരിങ്ങാലക്കുട പി.ഡബ്ലിയൂ.ഡി അസിസ്റ്റൻ്റ് എൻജിനിയർ തൃശൂരിലെ സോഷ്യൽ ഫോറെസ്റ്ററി വകുപ്പിന് കത്ത് നൽകിയിരിക്കുന്നത്.

മാപ്രാണം സെൻ്ററിലെ ആൽമരം, അത്തി, മഹാഗണി ,പൂമരം, പ്ലാവ് തുടങ്ങിയ നിരവധി വർഷങ്ങൾ പഴക്കമുള്ള തണൽമരങ്ങളാണ് വിലയിട്ട് ലേലം വിളിച്ച് വെട്ടാൻ അനുവാദം ചോദിച്ചിരിക്കുന്നത്. ഈ മരങ്ങൾ തടസ്സമോ ബുദ്ധിമുട്ടോ ആണെന്ന് ആരെങ്കിലുംപരാതി നൽകിയതായി അപേക്ഷയിൽ പറയുന്നില്ല. ചുട്ടുപഴുക്കുന്ന വെയിലിൽ മാപ്രാണത്തിന് തണലേകുന്ന അവസാനത്തെ മരങ്ങൾ കൂടി വെട്ടാനുള്ള നീക്കത്തിനെതിരെ മാർച്ച് 11-ാം തിയ്യതി വൈകീട്ട് 6 ന് ബി.ജെ.പി മരങ്ങളെ തൊട്ടു വണങ്ങി പ്രകൃതി ആരാധന നടത്തും. പ്രകൃതി ആരാധന റിട്ടയേർഡ് ഡി.ജി.പി ഡോ: ജേക്കബ് തോമാസ് ഉദ്ഘാടനം ചെയ്യും. ബി.ജെ.പി.നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട പങ്കെടുക്കും. മുൻസിപ്പാലിറ്റി പ്രസിഡണ്ട് സന്തോഷ് ബോബൻ അദ്ധ്യക്ഷത വഹിക്കും.

Leave a comment

Top