സ്ഥാനാർത്ഥിയെ അറിയുക : പ്രൊഫ. ആർ. ബിന്ദു (LDF)

സ്ഥാനാർത്ഥിയെ അറിയുക – പ്രൊഫ. ആർ. ബിന്ദു (LDF) : തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രിൻസിപ്പൽ ഇൻചാർജുമായി പ്രവർത്തിക്കുന്നു. സി.പി.ഐ(എം) തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗവും, അഖിലേന്ത്യാ ജനാധിപത്യ, മഹിളാ അസോസിയേഷൻ കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും, കോളേജ് അദ്ധ്യാപക സംഘടനയായ എ.കെ.പി.സിടിയുടെ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവുമാണ്. പത്ത് വർഷം തൃശ്ശൂർ കോർപ്പറേഷൻ അംഗം, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തൃശ്ശൂരിലെ ആദ്യ വനിതാ മേയറായിരുന്നു.

2017-2019 കാലഘട്ടത്തിൽ അദ്ധ്യാപകരെ പ്രതിനിധീകരിച്ച് സെനറ്റ് അംഗവും സിൻഡിക്കേറ്റ് അംഗവുമായിരുന്നു. ദേശീയ സാക്ഷരതാ മിഷൻ,സംസ്ഥാന റിസോഴ്സ് സെൻ്റർ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. എസ്.എഫ്.ഐ യുടെ സംസ്ഥാന വിദ്യാർത്ഥിനി സബ് കമ്മിറ്റി കൺവീനറായിരുന്നു. കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റിൽ വിദ്യാർത്ഥി പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി മാതൃഭൂമി വാരിക നടത്തിയ സംസ്ഥാനതല ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ – സംസ്ഥാന- യൂണിവേഴ്സിറ്റി തലത്തിൽ കലാ-സാഹിത്യ രംഗങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചു. കഥകളിയിലും ചെറുകഥാ രചനയിലും യൂണിവേഴ്സിറ്റി തലത്തിൽ തുടർച്ചയായി ജേതാവായിരുന്നു.

ഇരിങ്ങാലക്കുട ഗവൺമെൻ്റ് ഗേൾസ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജ്, കോഴിക്കോട് സർവ്വകലാശാല ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇംഗ്ലീഷ്, ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇരിങാലക്കുട സെൻ്റ് ജോസഫ് കോളേജിനെ പ്രതിനിധീകരിച്ച് തുടർച്ചയായി മൂന്ന് വർഷം (1984- 87 കാലഘട്ടത്തിൽ ) യു.യു.സിയായും 1983-84 കാലയളവിൽ കോളേജ് യൂണിയൻ ഫൈൻ ആർട്സ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലീഷ് സാഹിത്യത്തിൽ റാങ്കോടു കൂടി ബിരുദാനന്തര ബിരുദം എം.ഫിൽ, പി.എച്ച്.ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൃശ്ശൂർ ജില്ലാ കൗൺസിൽ അംഗവും, സി.പി.ഐ.(എം) ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റി അംഗവുമായിരുന്ന ഇരിങ്ങാലക്കുട നാഷണൽ ഹൈസ്ക്കൂൾ മുൻ പ്രധാനാദ്ധ്യാപകൻ എൻ.രാധാകൃഷ്ണനാണ് പിതാവ്. അമ്മ കെ.കെ ശാന്തകുമാരി മണലൂർ ഗവൺമെൻ്റ് ഹൈസ്ക്കൂളിലെ പ്രധാന അദ്ധ്യാപികയുമായിരുന്നു. എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ ജീവിത പങ്കാളിയാണ്. മകൻ വി. ഹരികൃഷ്ണൻ മഞ്ചേരി ജില്ലാ കോടതിയിൽ അഭിഭാഷകനാണ്.

Leave a comment

Top