എസ്.എൻ.ജി.എസ്.എസ് യു.പി സ്കൂളിന്‍റെ പുതിയ ഹൈടെക് കെട്ടിട ഉദ്ഘാടനം 18 ന്

എടക്കുളം : 60 വർഷം പഴക്കമുള്ള എടക്കുളം എസ്.എൻ.ജി.എസ്.എസ് യു.പി സ്കൂളിന്‍റെ കെട്ടിടം സർക്കാരിന്‍റെ 25 ലക്ഷം രൂപയുടെ ചലഞ്ച് ഫണ്ട് സഹായ അനുമതിയടക്കം 70 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച രണ്ട് നിലയുള്ള ഹൈടെക് സ്കൂൾ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഫെബ്രുവരി 18 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഓൺലൈനിലൂടെ നിർവഹിക്കുന്നു.1939ൽ സ്ഥാപിച്ച എടക്കുളം ശ്രീനാരായണ ഗുരുസ്മാരക സംഘം രൂപം നൽകിയ എസ്.എൻ.ജി.എസ് യു.പി സ്കൂൾ 1955 ജൂൺ 6 മുതൽ പ്രവർത്തിച്ചു വരുന്നു. 6 ഹൈടെക് ക്ലാസുകൾ, ആധുനിക ലാബ്, സ്റ്റാഫ് റൂം ഉൾപ്പെടെ 5691 സ്ക്വയർഫീറ്റിലാണ് നിർമ്മിതി. സ്കൂളിന്‍റെ ഭാവി വികസനം കണക്കിലെടുത്ത് മൂന്നു നിലകളുള്ള കെട്ടിടത്തിന്‍റെ പ്ലാൻ ആണ് അംഗീകരിച്ച്‌ നിർമ്മാണ അനുമതി ലഭിച്ചിട്ടുള്ളത്. പൂമംഗലം പഞ്ചായത്ത് എൽ.എസ്.ജി.എൻ അസി. എഞ്ചിനീയറുടെ മേൽനോട്ടത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. 2019 ഫെബ്രുവരി 13 ന് എംഎൽഎ പ്രൊഫ. കെ എസ് അരുണൻ ശിലാസ്ഥാപനം നിർവഹിച്ച കെട്ടിടം 2020 മാർച്ചിൽ പൂർത്തിയാക്കി മാർച്ച് 30 ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത് കോവിഡ് മൂലം മാറ്റി വയ്ക്കേണ്ടി വന്നതാണെന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ സ്കൂൾ ഭാരവാഹികളായ ഹെഡ്മിസ്ട്രസ് ദീപ ആന്‍റണി , സ്കൂൾ മാനേജർ കെ.വി ജിനരാജാദാസൻ , എസ്.എൻ.ജി.എസ്.എസ് പ്രസിഡന്‍റ്  കെ.കെ വത്സലൻ,പി.ടി.എ പ്രസിഡന്‍റ്  വിജി ജയൻ , ബിൽഡിങ്
കൺസ്ട്രക്ഷൻ കമ്മിറ്റി അംഗം സി.പി ഷൈലനാഥൻ എന്നിവർ പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top