വൃദ്ധ ദമ്പതികളെ ആക്രമിച്ച് കവർച്ചക്ക് ശ്രമിച്ച പ്രതികൾ അറസ്റ്റിൽ – കഥകൾ മാറ്റി പറഞ്ഞ് പ്രതികൾ, പൊളിച്ചടക്കി പോലീസ്

ഇരിങ്ങാലക്കുട : ഞായറാഴ്ച പുലർച്ചെ 2 മണിയോടെ വൃദ്ധ ദമ്പതികളെ വീടിനകത്ത് കയറി അക്രമിച്ച് കവർച്ചാ ശ്രമം നടത്തിയ പ്രതികൾ അറസ്റ്റിലായി. മതിലകം പുന്നക്കച്ചാലിൽ മഹു എന്ന ജിഷ്ണു ( 21 വയസ്സ്) പൊരി ബസാർ തൈക്കൂട്ടത്തിൽ വിഷ്ണു (20 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്. പി ടി.ആർ. രാജേഷും സംഘവും അറസ്റ്റു ചെയ്തത്. വൃദ്ധ ദമ്പതികളായ 68 വയസ്സുള്ള സുബൈദ, 84 വയസുള്ള ഭർത്താവ് ഹമീദ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. സംഭവമറിഞ്ഞ് നിമിഷങ്ങൾക്കകം ഡി.വൈ എസ്.പി. അടക്കമുള്ളവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പോലീസ് ടീം അന്വേഷണം നടത്തി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.

മതിലകത്തെ ധനകാര്യ സ്ഥാപനത്തില് പണയം വച്ച വളകൾ തിരിച്ചെടുക്കുന്നതിന് പണം കണ്ടെത്താനായിരുന്നു പ്രതികൾ ആക്രമണത്തിനും കവർച്ചയ്ക്കും പദ്ധതിയിട്ടത്. ഇരുവരും കഞ്ചാവിനും മദ്യത്തിനും അടിമകളാണ്. സംഭവ ശേഷം നിമിഷങ്ങൾക്കുള്ളിൽ പ്രതികളെ പോലീസ് കസ്റ്റഡിയിലാക്കിയിരുന്നു. പത്തോളം തവണ പോലീസിനോട് കഥകൾ മാറ്റി പറഞ്ഞും കൂട്ടുകാരുടെ പേരുകൾ പറഞ്ഞും രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമങ്ങളും പോലീസ് പൊളിച്ചു. പ്രതികളുടെ കള്ള മൊഴികൾ ഓരോന്നായി പൊളിച്ച് ക്ഷമയോടെയുള്ള പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾക്ക് പിടിച്ചു നില്ക്കാനായില്ല.പ്രതികളുടെ മൊഴിയിൽ പറഞ്ഞ ഓരോ കാര്യവും പോലീസ് കൃത്യമായി പരിശോധിച്ചാണ് അറസ്റ്റിലേയ്ക്ക് നീങ്ങിയത്.
സമീപവാസികളായ പ്രതികൾ ദിവസങ്ങൾക്ക് മുമ്പേ ആസൂത്രണം നടത്തിയാണ് കൃത്യം ചെയ്തത്.
ഓരാഴ്ചക്ക് മുമ്പ് വീട്ടിൽ അർബാന വാടകയ്ക്ക് ചോദിച്ചു പോയിരുന്നതായും ഇത് വീടും പരിസരവും കൃത്യമായി മനസ്സിലാക്കി വാതിലുകളുടെ ഉറപ്പ് പരിശോധിക്കാനുമായിരുന്നുവെന്ന് പോലീസിനോട് പ്രതികൾ പറഞ്ഞു.

ചെന്ത്രാപ്പിന്നിയിൽ സുഹൃത്തിന്റെ വർക്ക് ഷോപ്പിൽ അർദ്ധരാത്രി വരെ ഇരുന്നാണ് പ്രതികൾ കൃത്യത്തിന് തയ്യാറെടുത്തെത്തിയത് കറുത്ത മുണ്ട് കീറി കയ്യിൽ ചുറ്റി. പിടിവലിയിൽ ഇതു അഴിഞ്ഞു വീണു. ജിഷ്ണു തന്നെയാണ് കത്തിയും ഇലക് ട്രിക് വയറും സംഘടിപ്പിച്ചത്. മതിൽ ചാടിയെത്തിയ പ്രതികൾ പിൻ വാതിൽ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വീടിന്റെ മുൻവശത്തുള്ള ഗ്രില്ലിനു മുകളിലെ ചെറിയ ദ്വാരത്തിലൂടെ വരാന്തയിലേയ്ക്ക് ഇറങ്ങി കോളിങ്ങ് ബെല്ലടിച്ച് ദമ്പതികളെ ഉണർത്തുകയായിരുന്നു.വാതിലിന്റെ ഇരുവശത്തും ഒളിച്ചു നിന്ന പ്രതികൾ വാതിൽ തുറന്നയുടനെ ദമ്പതികളെ ആക്രമിച്ച് കീഴ്പെടുത്തുകയായിരുന്നു. ഹമീദിനെ ചവിട്ടി വീഴ്ത്തുന്നത് കണ്ട് തടയാനെത്തി സുബൈദയെ ഇലക്ട്രിക് വയർ കഴുത്തിൽ ചുറ്റി വലിച്ച് നിലത്തിട്ട് കത്തി കൊണ്ട് കഴുത്തിലും തലയിലും കുത്തുകയായിരുന്നു. കത്തി തടഞ്ഞ സുബൈദ പ്രതികളെ ശക്തമായി എതിർത്ത് അലറി വിളിച്ചു.

സുബൈദയുടെ എതിർപ്പിൽ പകച്ച് പോയ പ്രതികൾ ബഹളം കേട്ട് ആളുകൾ എത്തുമെന്ന് ഭയന്ന് വീടിന്റെ പിൻ വാതിൽ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് സംശയത്തിന്റെ പേരിൽ കസ്റ്റഡിയിൽ എടുത്തവർ തന്നെയാണ് പ്രതികളെന്നത് പോലീസിന് അഭിമാനമായി. എസ്.പിയുടെ നിർദ്ദേശ പ്രകാരം വിവിധ സംഘങ്ങളായി തിരിഞ്ഞ് സംഭവ സ്ഥലവും പരിസരവും അരിച്ചു പെറുക്കി പോലീസ് തെളിവുകൾ ശേഖരിച്ചും നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റ സമ്മതം നടത്തിയത്. ഇൻസ്പെക്ടർമാരായ കെ.എസ്. സുമേഷ്, എ.അനന്തകൃഷ്ണൻ, പത്മരാജൻ, അനീഷ് കരിം ,എസ്. ഐ മാരായ കെ.എസ്. സൂരജ്, ക്ലീസൻ തോമസ്, കെ.കെ ബാബു, എ.എസ്.ഐ മാരായ ടി.ആർ.ജിജിൽ, പി. ജയകൃഷ്ണൻ, വി.എസ്.ഗോപി, സി.കെ.ഷാജു, സി. ആർ പ്രദീപ്, സി.ഐ ജോബ്, സീനിയർ സി.പി.ഒ മാരായ സൂരജ്. വി ദേവ്, കെ.ഡി.രമേഷ്, ഷെഫീർ ബാബു, ഇ.എസ്. ജീവൻ, പി.എം. ഷാമോൻ, അനുരാജ്, സി.പി.ഒ മാരായ കെ..എസ്.ഉമേഷ് , ഷിഹാബ്, വൈശാഖ് മംഗലൻ , എയ്ഞ്ചൽ,വിജയ് മാധവ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top