ഇന്ന് ലളിതാംബിക അന്തർജനത്തിന്‍റെ 34 -ാം ചരമവാർഷികം

ലളിതാംബിക അന്തർജനം (1909-1987)

കെ. സരസ്വതിയമ്മക്ക് ശേഷം സ്ത്രീ എഴുത്തുകാരികൾ എഴുത്തിന്‍റെ മണ്ഡലത്തിൽ കാര്യമായ പങ്കുവഹിച്ചിരുന്നില്ല. അന്തർജനത്തിന്‍റെ അരങ്ങേറ്റം രൂപത്തിലും ഭാവത്തിലും ഈ പ്രസ്ഥാനത്തിന് സംഭവിച്ച വലിയ മാറ്റത്തെ പ്രതിനിധാനം ചെയ്യുന്നു. നമ്പൂതിരിസമുദായത്തിലെ അടിമത്തം, സ്ത്രീകളെ വിലയ്ക്കുവാങ്ങുന്ന വസ്തുക്കളെ പോലെ കണക്കാക്കുന്ന അവസ്ഥ, സമുദായത്തിലെ ഉച്ചനീചത്വം, അസഹിഷ്ണുതകൾ, തീണ്ടലും തൊടീലും തുടങ്ങിയ അനാചാരങ്ങൾ പ്രതിഭാശാലിയായ ഈ എഴുത്തുകാരിയുടെ തൂലികക്ക് കരുത്തു പകർന്നു. അന്തപുരത്തിലും അകത്തളങ്ങളിലും മാത്രം ഒതുങ്ങിനിന്ന ആശ്വാസ വിശ്വാസങ്ങൾ കഴിച്ചിരുന്ന ഒരു കൂട്ടം മനുഷ്യാത്മാക്കളുടെ മാനസിക വ്യാപാരങ്ങളെ ഹൃദയ ദ്രവീകരണം ആയി അനുഭവത്തിന്റെ തീച്ചൂളയിൽ നിന്ന് എടുത്ത് അനുവാചകൻ പകർന്നു നൽകി എന്നത് തലമുറകളോളം ഓർമ്മയിൽ സുഗന്ധമായി നിലനിൽക്കും.

അന്തർജനത്തെ സംബന്ധിച്ചിടത്തോളം യാഥാസ്ഥിതികമായ സമുദായ തലമുറകളായി പിന്തുടർന്നു വന്നിരുന്ന അന്ധവിശ്വാസങ്ങളാൽ പ്രചോദിതമായ വെളിച്ചപ്പാടൻ മാരുടെ അരുളപ്പാടുകൾ അവരുടെ ഹൃദയത്തിൽ ആഴത്തിലുള്ള മുറിപ്പാടുകൾ സൃഷ്ടിച്ചു. സഹജീവികളായ അകത്തമ്മമാരുടെ അകം നിറയുന്ന അനിയന്ത്രിതമായ വിദ്വേഷങ്ങൾ കഥയിലൂടെ ആവിഷ്കരിച്ച് ഒരുപാടു സാന്ത്വനപ്പെടുത്താൻ അവർ ശ്രമിച്ചു. പരിണതഫലമായി 100% ആത്മാർത്ഥതയും അതിലേറെ സത്യസന്ധതയും വേദേതിഹാസങ്ങൾക്ക് സമശീർഷമായ അനുഭവമായ് ആയ ശൈലിയും ഒത്തിണങ്ങിയ ഒരു കാലം മറക്കാത്ത കഥാകാരിയെ മലയാളത്തിന് ലഭിച്ചു. കൈലാസനാഥൻ കടന്നുപോന്ന മുടിക്കെട്ടിൽ കുടുങ്ങി കിടക്കുകയായിരുന്ന ഒരു ബിന്ദു പോലെ പവിത്രമായ ഗംഗയുടെ പാദസ്പർശത്തിലൂടെ ഇരു പര്യന്തം കടന്നുപോന്ന ഭാരതീയ സംസ്കൃതിയെ പൂർണമായി അനുഭവിപ്പിക്കുന്ന അഗ്നിസാക്ഷിയുടെ ആരംഭം അനുവാചകന്റെ മനസ്സും വപുസും വിമലികരി ക്കുന്നു. മാത്രമല്ല യുഗങ്ങളായി അടിമത്തത്തിന്റെ ആഴക്കടലിൽ ആണ്ടു കിടന്നിരുന്ന വ്യവസ്ഥിതിയെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറ്റവും യോജ്യമായ സന്ദർഭവും മനുഷ്യമനസ്സാക്ഷിയെ വേട്ടയാടി കൊണ്ടിരുന്ന സമുദായത്തിലെ അരുതായ്മകളുടെ അഗാത തലങ്ങളെ അവധാനതയോടെ അവതരിപ്പിച്ച അന്തർജ്ജനം ഗംഗയിലെ ഓരോ പടവിറങ്ങി ആത്മാവിന്റെ ആഴങ്ങളെ ആർദ്രമാക്കുന്നു. ഈ കൃതിയിലുടനീളം എഴുത്തുകാരി ഭാഷയെ തന്നെ അഴിച്ചു പണിയുന്നു. സ്പുടം ചെയ്ത സന്ദർഭങ്ങളിലൂടെ ഗംഗാജലം പോലെ അക്ഷരങ്ങൾ ഒഴുകിയെത്തി അനുവാചകൻ ആത്മാവിനെ പവിത്രമാക്കുന്നു. – ഉണ്ണികൃഷ്ണൻ കിഴുത്താന്നി

Leave a comment

Top