കെ.സി പോൾസൺ , പി.എം ഷാഹുൽ ഹമീദ് വിയോഗം ; ഇരിങ്ങാലക്കുടക്ക് തീരാനഷ്ടം

അടുത്തടുത്ത ദിവസങ്ങളിലായി നമ്മെ വേർപിരിഞ്ഞ പത്രപ്രവർത്തനത്തിന് അന്തസ്സും ആഭിജാത്യവും വർധിപ്പിച്ച കെ.സി പോൾസന്‍റെയും സാമൂഹിക സാംസ്കാരിക പ്രാദേശിക പ്രവർത്തനരംഗത്ത് തനതായ സംഭാവന നൽകിയ പി.എം ഷാഹുൽ ഹമീദിന്‍റെയും ദേഹവിയോഗം ഇരിങ്ങാലക്കുടയ്ക്ക് തീരാനഷ്ടം – ഉണ്ണികൃഷ്ണൻ കിഴുത്താണി എഴുതുന്നു

ഇരിങ്ങാലക്കുടയിലെ പത്രപ്രവർത്തനരംഗത്തേയും സാമൂഹിക സാംസ്കാരികരംഗത്തേയും രണ്ട്  അധികായൻമാർ  അടുത്തടുത്ത ദിവസങ്ങളിലായി നമ്മെ  വേർപിരിഞ്ഞിരിക്കുന്നു. പത്ര പ്രവർത്തനത്തോടൊപ്പം ആത്മാർത്ഥ സൗഹൃദവും  കാത്തുസൂക്ഷിച്ച, കഴിഞ്ഞ തലമുറകളുമായി ബന്ധപ്പെടുത്തിയ ശക്തിയേറിയ കണ്ണിയാണ് ഇരുവരുടേയും വേർപ്പാടിലൂടെ നഷ്ടമായിരിക്കുന്നത്. ഇരിങ്ങാലക്കുടയ്ക്ക് എവിടെയും തലയുയർത്തി നിൽക്കാവുന്ന അന്തസ്സും ആഭിജാത്യവും ഉണ്ടെന്ന് റിപ്പോർട്ടിങ്ങിലൂടെ ബോധ്യപ്പെടുത്തിയ മലയാള മനോരമ ലേഖകൻ  കെ.സി പോൾസനും, 14 വർഷം മുമ്പ് വേർപിരിഞ്ഞുപോയ മൂർക്കനാട് സേവ്യറും ചേർന്ന് ഇവിടെ പത്രപ്രവർത്തനരംഗത്ത് തനതായ വഴിത്താര വെട്ടിത്തുറന്നു. ജനങ്ങളുടെ ഉടനെ പരിഹാരം കാണേണ്ട പരാതികൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഇരുവരും കാണിച്ചുതന്നു. പൊതുജനങ്ങളും പത്രങ്ങളും സഹകരിച്ചു  പ്രവർത്തിക്കേണ്ടതിന്‍റെ  ആവശ്യകത പിന്നീട് വന്നവർക്ക് വഴികാട്ടി ആവുകയും ചെയ്തു.

മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾക്ക് ആക്കവും തൂക്കവും വർദ്ധിപ്പിച്ച് അധ്യാപകനായ പി.എം ഷാഹുൽ ഹമീദ് ഇരിങ്ങാലക്കുട സാംസ്കാരികരംഗത്ത് ചലനം സൃഷ്ടിച്ച ശക്തിയേറിയ സാന്നിധ്യമായിരുന്നു. പ്രൈമറി സ്കൂൾ അധ്യാപകനായിരുന്നുവെങ്കിലും കേരളത്തിലെ സാമൂഹിക സാംസ്കാരികരംഗത്തെ അറിയപ്പെടുന്നവരായി നല്ല സൗഹൃദമായിരുന്നു മാസ്റ്റർക്ക്.  വിദ്യാലയങ്ങളിൽ മികവുപുലർത്തിയ വിദ്യാർത്ഥികളെ അംഗീകാരങ്ങൾ നൽകി സമൂഹത്തിൽ ആദരിക്കുന്നതിന്‍റെ ഭാഗമായി കേരള സിറ്റിസൺ ഫോറം എന്ന സംഘടനയ്ക്ക് രൂപം നൽകി. സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ മികവുപുലർത്തിയവരെ കണ്ടറിയാനും മാതൃകയാക്കാനും ഈ അധ്യാപകൻ തയ്യാറായതും എടുത്തുപറയേണ്ടതാണ്. സംസ്ഥാന സ്കൂൾ കലോൽസവ പ്രതിഭകളെ ആദരിക്കുന്ന പതിവിന് തുടക്കം കുറിച്ചു. മലയാള മനോരമ ലേഖകൻ പോൾസനെ സംബന്ധിച്ചിടത്തോളം ഏവരുമായും സൗഹൃദം നിലനിർത്തി പത്രത്തിന്‍റെ അന്തസ്സും അതുവഴി പ്രചാരവും  വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. കൂടാതെ സമൂഹത്തിൽ വഴക്കും വിദ്വേഷവും ഇല്ലായ്മ ചെയ്യുന്ന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.

ഒറ്റവാക്കിൽ പറഞ്ഞാൽ പത്രപ്രവർത്തനത്തിന് അന്തസ്സും ആഭിജാത്യവും വർധിപ്പിച്ച കെ.സി പോൾസന്‍റെയും സാമൂഹിക സാംസ്കാരിക പ്രാദേശിക പ്രവർത്തനരംഗത്ത് തനതായ സംഭാവന നൽകിയ പി.എം ഷാഹുൽ ഹമീദിന്‍റെയും ദേഹവിയോഗം ഇരിങ്ങാലക്കുടയ്ക്ക് തീരാനഷ്ടം എന്ന് പറയേണ്ടിയിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ആത്മാർത്ഥ സുഹൃത്തുക്കൾ ആയിരുന്നു പോൾസനും ഷാഹുൽ ഹമീദ് മാഷും.  മറ്റുള്ളവരുടെ കഴിവുകൾ കണ്ടറിഞ്ഞ് സമൂഹത്തിന്‍റെ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്തിയ ഇവരുടെ സേവനം മാതൃകയാകട്ടെ എന്നാഗ്രഹിക്കുന്നതിനോടൊപ്പം ഇരുവരുടെയും നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു – ഉണ്ണികൃഷ്ണൻ കിഴുത്താണി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top