
ഇരിങ്ങാലക്കുട : രോഗങ്ങൾ തളർത്തിയ സുമയ്ക്കും കുടുംബത്തിനും ഇരിങ്ങാലക്കുടയിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിൽ ചികിത്സാ സഹായമായി 30,000 രൂപ അനുവദിച്ചു. ആറു വർഷം മുൻപ് ഹൃദയാഘാതം വന്ന സുമയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും വർഷങ്ങൾക്കു മുൻപേ കിഡ്നി രോഗബാധിതയായതിനാൽ ഓപ്പറേഷൻ സാധ്യമല്ല. കൂടാതെ രക്തം കുറയുന്ന അപൂർവരോഗവും സുമയെ തളർത്തി. രക്തം കയറ്റാനും മറ്റുമായും വർഷങ്ങളായി ആശുപത്രികൾ കയറി ഇറങ്ങുകയാണ് സുമ. മൂന്നു വർഷം മുൻപ് അപൂർവവും അവ്യക്തവുമായ രോഗങ്ങൾ മൂലം കാഴ്ച നഷ്ടപ്പെടാൻ തുടങ്ങിയ സുമ ഇപ്പോൾ പൂർണമായും അന്ധയാണ്.
കൂലിപ്പണിക്കാരനായ ഭർത്താവ് കയ്പമംഗലം സ്വദേശി രത്നനും സുമയ്ക്കും രണ്ട് പെൺമക്കളാണ്. ഇരിങ്ങാലക്കുടയിൽ നടക്കുന്ന സാന്ത്വനസ്പർശം അദാലത്തിലേക്ക് അമ്മ സത്യയോടൊപ്പമാണ് സുമ എത്തിയത്. പരാതി മന്ത്രി വി എസ് സുനിൽകുമാർ ഏറ്റെടുത്ത് സുമയ്ക്ക് ചികിത്സാ സഹായമായി 20,000 രൂപയും അമ്മ സത്യക്ക് പതിനായിരം രൂപയും അനുവദിച്ചു. ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെയാണ് അദാലത്തിൽ നിന്ന് സുമയേയും അമ്മയെയും വീട്ടിലെത്തിച്ചത്.
