മാലിന്യങ്ങൾ തള്ളുന്നത് തടയാൻ കാനയിൽ സ്ലാബ്  ഇടുന്ന പണി പുരോഗമിക്കുന്നതിനിടയിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി

നടവരമ്പ് : സംസ്ഥാനപാതയിൽ നടവരമ്പ് സീഡ് ഫാമിന് സമീപം കക്കൂസ് മാലിന്യങ്ങൾ സ്ഥിരമായി തള്ളുന്നത് തടയാൻ പൊതുമരാമത്ത് വകുപ്പ് റോഡരികിലെ കാനയുടെ ഭിത്തി ഉയർത്തിക്കെട്ടി സ്ലാബ് ഇടുന്നതിന്‍റെ പണികൾ പുരോഗമിക്കുന്നതിനിടയിൽ വീണ്ടും അജ്ഞാതർ രാത്രിയുടെ മറവിൽ ഇവിടെ കക്കൂസ് മാലിന്യം തള്ളി. പിഡബ്ല്യുഡി കൊടുങ്ങല്ലൂർ ഡിവിഷന്‍റെ കീഴിൽ വരുന്ന കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ അണ്ടാണികുളം റോഡ് മുതൽ നടവരമ്പ് സീഡ് ഫാം വരെയുള്ള മേഖലയിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവായതോടെയാണ് വൃത്തിയാക്കൽ ആരംഭിച്ചത്. സമീപവാസികളുടെ വർഷങ്ങളായുള്ള പരാതിയെ തുടർന്ന് വേളൂക്കര പഞ്ചായത്തിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് പണികൾ ആരംഭിച്ചത്.

കക്കൂസ് മാലിന്യങ്ങൾ കൊണ്ടുപോകുന്ന ടാങ്കർലോറികൾ സീഡ് ഫാമിന്‍റെ മതിലിനോട് ചേർന്നുള്ള കാനയ്ക് സമീപം രാത്രി വാഹനം പാർക്ക് ചെയ്യുകയും, ടാങ്കറിന്‍റെ വശങ്ങളിലുള്ള ഔട്ട്ലെറ്റ് തുറന്ന് മാലിന്യം തള്ളുന്നത് തടയിടാനാണ് കാനയുടെ ഭിത്തി ഉയരത്തിൽ കെട്ടി സ്ലാബ് ഇടുന്ന പണികൾ ആരംഭിച്ചത്. ഇതിന്‍റെ മുന്നോടിയായി കാന വൃത്തിയാക്കിയതിന്‍റെ അടുത്ത ദിവസമാണ് വീണ്ടും അജ്ഞാത വാഹനം രാത്രി ഇവിടെ കക്കൂസ് മാലിന്യം തള്ളിയത്. ഒഴിഞ്ഞ പ്രദേശമായതിനാൽ കാലങ്ങളായി ഇവിടെ മാലിന്യങ്ങൾ തള്ളുന്നത് പതിവാണെന്നും സീഡ് ഫാം ഉൾപ്പെടെ സമീപ പ്രദേശങ്ങളിലെല്ലാം മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിന്‍റെ ദൂഷ്യഫലങ്ങൾ നാട്ടുകാരുണ് സീഡ് ഫൺ ജീവനക്കാരും അനുഭവിക്കുകയാണെന്നും സമീപവാസികൾ പറഞ്ഞു. നിർമാണപ്രവൃത്തി തടസ്സപ്പെടുത്തുന്ന വിധം കക്കൂസ് മാലിന്യം തള്ളിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഇരിങ്ങാലക്കുട പോലീസിന് പരാതി നൽകിയിട്ടുണ്ട് .


Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top