സാന്ത്വന സ്പർശം അദാലത്തിന് വ്യാഴാഴ്ച ഇരിങ്ങാലക്കുടയിൽ സമാപനം

ഇരിങ്ങാലക്കുട : നൂലാമാലകളിൽ പെട്ട് വർഷങ്ങളായി ചലനമറ്റു കിടന്നിരുന്ന അപേക്ഷകൾക്കും പരാതികൾക്കും ഉടനടി പരിഹാരം കാണുന്നതിനായി മൂന്നു മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം 2021 അദാലത്ത് വ്യാഴാഴ്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സമാപിക്കും. ഫെബ്രുവരി 1,2 തീയതികളിൽ തൃശൂർ, കുന്നംകുളം ടൗൺഹാളുകളിൽ നടന്ന അദാലത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. രണ്ട് ദിവസം കൊണ്ട് 3328 പരാതികൾക്കാണ് പരിഹാരമായത്. 5570 പരാതികളാണ് ആകെ ലഭിച്ചത്. പരമാവധി അഞ്ചും പത്തും മിനിറ്റുകൾ കൊണ്ടാണ് മന്ത്രിമാർ ഓരോ പരാതികളിലും തീർപ്പ് കൽപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ആനുകൂല്യം ലഭിക്കുന്നതിനും നിരവധി പേർക്ക് അവസരം ലഭിച്ചു.

ഫെബ്രുവരി 4 ന് മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകൾക്കായി സംഘടിപ്പിക്കുന്ന സാന്ത്വനസ്പർശം പരാതി പരിഹാര അദാലത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10ന് കൃഷിമന്ത്രി അഡ്വ വി എസ് സുനിൽകുമാർ അദാലത്ത് ഉദ്ഘാടനം ചെയ്യും. കെ യു അരുണൻ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ എന്നിവർ കൃഷിമന്ത്രിയോടൊപ്പം അദാലത്തിൽ പരാതിക്കാരുടെ പരാതികൾ കേൾക്കും. എംപിമാരായ ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, എംഎൽഎമാരായ ബി ഡി ദേവസി, വി ആർ സുനിൽകുമാർ, ഇ ടി ടൈസൺ മാസ്റ്റർ, തദ്ദേശ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി, കലക്ടർ എസ് ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ സി ലതിക എന്നിവർ പങ്കെടുക്കും.


മൂന്ന് താലൂക്കുകളിൽനിന്നായി 2525 പരാതികളാണ് ലഭിച്ചിരിക്കുന്നത്. മുകുന്ദപുരം താലൂക്കിൽ നിന്ന് 876 അപേക്ഷകളും ചാലക്കുടി താലൂക്കിൽ നിന്ന് 953 അപേക്ഷകളും കൊടുങ്ങല്ലൂരിൽ നിന്ന് 696 അപേക്ഷകളും ലഭിച്ചു. അപേക്ഷകൾക്കുള്ള മറുപടികൾ ജനറൽ കൗണ്ടറിൽ നിന്ന് ലഭ്യമാകും. മുൻകൂട്ടി നിശ്ചയിച്ചവരുടെ പരാതികൾ, പ്രത്യേകം പരിഗണിക്കേണ്ടവരുടെ പരാതികൾ എന്നിവയാണ് പരിഗണിക്കുക. പരാതികളിൽ കൃത്യമായ മറുപടി ലഭിച്ചവർ അദാലത്തിൽ പങ്കെടുക്കേണ്ടതില്ല.

റവന്യൂ, കൃഷി, തദ്ദേശം, സാമൂഹികനീതി, സപ്ലൈ ഓഫീസ് എന്നിവയെ അധികരിച്ച് നടത്തുന്ന അദാലത്തിൽ 1500 അപേക്ഷകൾ സപ്ലൈ, റവന്യൂ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ്.

സമയക്രമം

രാവിലെ 10 മുതൽ 12 വരെ ചാലക്കുടി താലൂക്കിൽനിന്നുള്ള അപേക്ഷകളും ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെ കൊടുങ്ങല്ലൂർ താലൂക്കിൽനിന്നും 2.30 മുതൽ അഞ്ചുവരെ മുകുന്ദപുരം താലൂക്കിൽനിന്നുമുള്ള അപേക്ഷകളാണ് പരിഗണിക്കുക. ടോക്കൺ അനുസരിച്ചാണ് ഹാളിലേക്ക് പ്രവേശനം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top