മലയാള മനോരമയുടെ മുൻ ലേഖകൻ കെ.സി പോൾസൺ അന്തരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്‍റെ സ്ഥാപക പ്രസിഡന്റും മലയാള മനോരമയുടെ മുൻ ലേഖകനുമായിരുന്ന കെ സി പോൾസൺ (65) ചൊവാഴ്ച പുലർച്ചെ അന്തരിച്ചു. നെഞ്ചുവേദന അനുഭവപെട്ടതിനെ തുടർന്ന് ആദ്യം ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഉച്ചക്ക് 4 മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുവരും. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ്‌ കത്തീഡ്രൽ പള്ളിയിൽ.

1981 മുതൽ മലയാള മനോരമയുടെ ഇരിങ്ങാലക്കുട ലേഖകനായി പ്രവർത്തനമാരംഭിച്ചു. എറണാകുളത്ത് കേരള ടൈംസ് ലേഖകനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഇരിങ്ങാലക്കുടയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വാർത്താ സൗധം പത്രത്തിന്‍റെ ലേഖകനും എഡിറ്ററായിരുന്നു. നിലവിൽ ഇരിങ്ങാലക്കുടയിൽ മനോരമയുടെ പരസ്യവിഭാഗത്തിന്‍റെ ചുമതല വഹിക്കുകയായിരുന്നു.

കെ എസ് യു യിലൂടെ രാഷ്ട്രീയ രംഗത്തെത്തി യൂണിറ്റ് പ്രസിഡന്റ്, താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ക്രൈസ്റ്റ് കോളേജ് സി എസ് എ സെക്രട്ടറി, എൻഎസ്എസ് കോളേജ് യൂണിയൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ്, ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്റ സ്ഥാപക പ്രസിഡന്റ്, കെസിവൈഎം സെനറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

കാട്ടുങ്ങച്ചിറ എസ് എൻ ലൈബ്രറിയുടെ ഭരണസമിതിയിൽ ദീർഘകാലം അംഗമായിരുന്നു. ഇരിങ്ങാലക്കുട കത്തീഡ്രൽ ഭരണസമിതി, രൂപതാ പാസ്റ്ററൽ കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. കത്തീഡ്രൽ കുറീസ് ഡയറക്ടർ, കേരളത്തിലെ വൈഎംസിഎയുടെ യുവജന പ്രസ്ഥാനമായ യൂണിവൈയുടെ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, നാഷണൽ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട രൂപത സി വൈ എം സ്ഥാപക സെക്രട്ടറി ആയിരന്നു. 1987 തൃശ്ശൂർ ജില്ലയിലെ മികച്ച പ്രാദേശിക പത്ര പ്രവർത്തകനുള്ള കരുണാകരൻ നമ്പ്യാർ അവാർഡ് ലഭിച്ചിട്ടുണ്ട്. മികച്ച നാടക അഭിനേതാവ് കൂടിയായിരുന്നു കെ സി പോൾസൺ. ഭാര്യ ബീന ( എസ് എൻ സ്കൂൾ അധ്യാപിക), മകൻ മനു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top