പുതിയ കാർഷിക നിയമം കർഷകരെ കൃഷിയിടങ്ങളിൽ നിന്ന് കുടിയിറക്കും – എം.എസ് അനിൽകുമാർ

ഇരിങ്ങാലക്കുട : മോദി സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ കർഷകരെ സ്വന്തം കൃഷിയിടങ്ങളിൽ നിന്ന് കുടിയിറക്കി കുത്തക കോർപ്പറേറ്റ് കമ്പനികൾക്ക് തീറെഴുതി കൊടുക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കിസാൻ കോൺഗ്രസ് ആൽത്തറയിൽ നടത്തിയ കർഷക പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി എം.എസ് അനിൽകുമാർ പറഞ്ഞു. കിസാൻ കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് ജോമി ജോൺ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ കർഷക പ്രേമം തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉള്ള മുതലക്കണ്ണീർ ആണെന്നും പഴം,പച്ചക്കറി കർഷകർക്ക് പ്രഖ്യാപിച്ച താങ്ങുവില പോലും മുഴുവനായി നൽകുവാൻ സർക്കാർ തയ്യാറായിട്ടില്ല എന്നും മുഖ്യപ്രഭാഷണം നടത്തി കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് വിമലൻ അഭിപ്രായപ്പെട്ടു. യോഗത്തിൽ കിസാൻ കോൺഗ്രസ് മുരിയാട് മണ്ഡലം പ്രസിഡന്റ് മോഹൻദാസ് പിള്ളത്ത് സ്വാഗതവും കിസാൻ കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സൈമൺ കാറളം നന്ദിയും അറിയിച്ചു.

Leave a comment

Top