പാറേക്കാട്ടുക്കരയിലെ അപൂർണ റോഡ് നിർമാണം: കോൺഗ്രസ് പ്രക്ഷോപം ആരംഭിച്ചു

മുരിയാട് : പൂവ്വശ്ശേരിക്കാവ് അമ്പലം ജംഗ്ഷനിൽ നിന്നാരംഭിച്ച് പാറേക്കാട്ടുക്കര വഴി സഹൃദയ കോളജ് വരെ ചെയ്തു തീർക്കേണ്ടിയിരുന്ന മുരിയാട് – കാരൂർ – കൊപ്രക്കളം റോഡ് അപൂർണമായി നിർമാണം നടത്താനുള്ള ശ്രമത്തിനെതിരെ കോൺഗ്രസ് പാറേക്കാട്ടുക്കര ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണയും പ്രകടനവും ഇരിങ്ങാലക്കട ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. 2013-14 ബജറ്റിൽ യു ഡി എഫ് സർക്കാരാണ് റോഡ് നിർമാണം പ്രഖ്യാപിച്ചത്.അന്നത്തെ എസ്റ്റിമേറ്റ്’ പ്രകാരം ഈ റോഡ് നിർമാണം പൂർത്തീകരിക്കുന്നതിനുള്ള സംഖ്യയും ബജറ്റിൽ നീക്കിവച്ചിരുന്നു. പിന്നീട് സാങ്കേതിക അനുമതി ലഭിച്ച് പണി ആരംഭിച്ചപ്പോൾ റോഡ് നിർമാണം ഏകദേശം 500 മീറ്റർ മുമ്പേ അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ആവശ്യമായ സ്ഥലങ്ങളിൽ കാന നിർമിക്കുന്നതിനു പകരം തൽപരകക്ഷികളുടെ സൗകര്യാർത്ഥമാണ് കാന നിർമിച്ചിട്ടുള്ളത്.

പ്രസിഡന്റ് സി.പി.ലോറൻസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മുരിയാട് മണ്ഡലം പ്രസിഡൻറ് ഐ.ആർ.ജെയിംസ്, ബ്ലോക്ക് സെക്രട്ടറി സി.വി. ജോസ്, ഭാരവാഹികളായ പി.മാധവൻകുട്ടി ,ജോമി ജോൺ, ലിന്റോ കണ്ണംപിള്ളി, പഞ്ചായത്തംഗങ്ങളായ കെ.വൃന്ദകുമാരി,ജസ്റ്റിൻ ജോർജ് എന്നിവർ പ്രസംഗിച്ചു. നിർമിച്ച കാനയിൽ നിന്നും വെള്ളം ഒഴുകി പോകുന്നതിനുള്ള സൗകര്യവുമില്ലാത്തതിനാൽ ഈ വെള്ളം റോഡിലേക്ക് ഒഴുകി അപകടമുണ്ടാകും. റോഡ് നിർമാണത്തിന്റെ അപാകത ചൂണ്ടി കാണിച്ചപ്പോൾ ഈ സംഖ്യ നേരത്തെ അനുവദിച്ചതാണെന്നും അനുവദിച്ചിട്ടുള്ള സംഖ്യക്ക് ഇപ്പോൾ ഇത്രമാത്രമെ ചെയ്യാൻ സാധിക്കുവെന്നുമാണ് അധികൃതർ പറയുന്നത്. നേരത്തെ തീരുമാനിച്ചിരുന്നതു പോലെ റോഡ് പൂർണമായും നിർമിക്കണമെന്നും റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന വൈദ്യുതി കാലുകൾ റോഡിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്നും നിലവിലുള്ള കലുങ്ക് വീതി കൂട്ടി പുതുക്കി പണിയണമെന്നും കാന ശാസ്ത്രീയമായ രീതിൽ ആവശ്യമായ സ്ഥലങ്ങളിലെല്ലാം നിർമിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോപത്തിന്റെ ആദ്യ ഘട്ടമായാണ് ധർണയും പ്രകടനവും നടത്തിയത്.

കഴിഞ്ഞ യു ഡി എഫ് സർക്കാർ അനുവദിച്ച സംഖ്യയിലേക്ക് ഒരു പൈസ പോലും കൂട്ടി നൽകാതെയാണ് മന്ത്രിയും എം എൽ എ യും റോഡിന്റെ നിർമാണോദ്ഘാടനം കെങ്കേമമാക്കിയതും തങ്ങളുടേതാണെന്ന് കൊട്ടിഘോഷിച്ചതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. റോഡ് നിർമാണം പൂർത്തിയാക്കാൻ ചെറിയൊരു സംഖ്യ പോലും സംഘടിപ്പിക്കാൻ സാധിക്കാത്ത എം എൽ എ ഇത് താൻ കൊണ്ടുവന്നതാണെന്ന് പറഞ്ഞ തെറ്റിദ്ധരിപ്പിച്ചതിൽ നാട്ടുക്കാരോട് മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Leave a comment

Leave a Reply

Top