വധശ്രമം – കോൺഗ്രസ്സ് പ്രവർത്തകരുടെ ശിക്ഷ ശരിവെച്ചു

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ കോൺഗ്രസ്സ് പ്രവർത്തകരായ കൊടുങ്ങലൂർ പുഴങ്കരയില്ലത്ത് സാദത്ത്, ഷെഫീക്ക്, അബ്‌ദുൾ ഖാദർ,പള്ളിപ്പറമ്പിൽ റാസിക്ക്, അബ്‌ദുൾ റഹിം,തൈവളപ്പിൽ മുഹമ്മദ് സലിം, എന്നിവരെ വിവിധ വകുപ്പുകളിലായി 3 വര്ഷം വീതം കഠിന തടവിനും,പിഴ ഒടുക്കുവാനും ഇരിങ്ങാലക്കുട അസിസ്റ്റന്റ് സെഷൻസ് കോടതിയുടെ ശിക്ഷ വിധിക്കെതിരെ പ്രതികൾ ബോധിപ്പിച്ച അപ്പീൽ ഇരിങ്ങാലക്കുട ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ രാജീവ് തള്ളിക്കളഞ്ഞുകൊണ്ട് ശിക്ഷ ശരി വച്ച് വിധിയായി.

1991 മെയ് 22ന് രാവിലെ 10:30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജീവ് ഗാന്ധി വധത്തിനു ശേഷം നടന്ന വിവിധ അക്രമങ്ങളുടെ ഭാഗമായി ചളിങ്ങാട് പ്രദേശത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ സംഘം ചേർന്ന് പ്രതികൾ ആക്രമിക്കുകയും രക്ഷപെടാൻ ശ്രമിച്ച പടിഞ്ഞാറേ വീട്ടിൽ അബ്‌ദുൾ റസാഖിനെ പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തു എന്നതാണ് പ്രതികൾക്കെതിരായ പരാതി. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോകുകയും പിന്നീട് പ്രതികളെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. ഒളിവിലായിരുന്ന പ്രതികൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതിക്കാർ അറിയാതെ കേസ് പിൻവലിച്ചുവെങ്കിലും പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് പുനരാരംഭിച്ചത്. പിന്നീട് ഇരിങ്ങാലക്കുട അസിസ്റ്റന്റ് സെഷൻസ് കോടതിയിൽ വിചാരണ നടത്തിയതിനു ശേഷം പ്രതികളെ വിവിധ വകുപ്പുകളിലായി
മൂന്ന് വർഷം വീതം കഠിന തടവിനും 20000 രൂപ വീതം പിഴ അടക്കാനും ശിക്ഷിച്ചു. ശിക്ഷ വിധിക്കെതിരായി പ്രതികൾ ബോധിപ്പിച്ച അപ്പീൽ വാദം കേട്ടതിനു ശേഷം അപ്പീൽ തള്ളിക്കളഞ്ഞു പ്രതികൾക്കെതിരായ ശിക്ഷ വിധി അംഗീകരിച്ചാണ് ജില്ലാ സെഷൻസ് കോടതി ഉത്തരവായത്.

കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.ജെ ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിൻ ഗോപുരൻ, വി.എസ് ദിനൽ, അർജുൻ രവി എന്നിവർ ഹാജരായി.

Leave a comment

Top