ഷഷ്ഠിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരത്തില്‍ പോലിസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ഇരിങ്ങാലക്കുട: എസ്.എന്‍.ബി.എസ്. സമാജം വക വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ടി മഹോത്സവം 23 ചൊവാഴ്ച്ച ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരത്തില്‍ പോലിസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലേയും രാത്രിയിലും പ്രാദേശിക ഉത്സവാഘോഷ കമ്മിറ്റികളുടെ കാവടി വരവ്, ഉച്ചതിരിഞ്ഞ് 3:30ന് ആനകളുടെ പൂരം എഴുന്നള്ളിപ്പ് എന്നിവയാണ് നടക്കുന്നത്. പ്രാദേശിക കാവടികള്‍ ഇറങ്ങി പ്രധാന റോഡുകളില്‍ എത്തുന്ന തിരക്കേറുന്ന സമയം നോക്കിയാണ് പോലിസ് രാവിലെ പത്ത് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിന്‍ പ്രകാരം ചാലക്കുടി ഭാഗത്തുനിന്നും കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പുല്ലൂര്‍ ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് അവിട്ടത്തൂര്‍, കൊറ്റനെല്ലൂര്‍, വെള്ളാങ്കല്ലൂര്‍ വഴി കൊടുങ്ങല്ലൂരിലേക്ക് പോകേണ്ടതാണ്. തൃശ്ശൂര്‍, ഇരിങ്ങാലക്കുട, കാട്ടൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പുല്ലൂര്‍ എസ്.എച്ച്. ആശുപത്രി കഴിഞ്ഞ് മുല്ലക്കാട്, ഗാന്ധിഗ്രാം വഴി തിരിഞ്ഞുപോകണം. ഇരിങ്ങാലക്കുടയില്‍ നിന്നും ചാലക്കുടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പത്തുമൂതല്‍ സുരു ബേക്കറി ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഗാന്ധിഗ്രാം, പുല്ലൂര്‍ അമ്പലനടവഴി പോകേണ്ടതാണ്. തൃശ്ശൂര്‍ ഭാഗത്തുനിന്നും കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ രാവിലെ പത്ത് മുതല്‍ കാട്ടുങ്ങച്ചിറയില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ക്രൈസ്റ്റ് കോളേജ്, ബസ് സ്റ്റാന്റ്, ടൗണ്‍ ഹാള്‍ റോഡുവഴി ചന്തക്കുന്നിലെത്തി തിരിഞ്ഞുപോകണം. മൂന്നുപീടിക ഭാഗത്തുനിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പൂച്ചക്കുളത്ത് നിന്നും തിരിഞ്ഞ് സിവില്‍ സ്റ്റേഷന്‍, പൊറത്തിശ്ശേരി വഴി മാപ്രാണത്ത് എത്തി തിരിഞ്ഞ് പോകേണ്ടതാണെന്ന് ട്രാഫിക് എസ്.ഐ. തോമസ് അറിയിച്ചു.

Leave a comment

Leave a Reply

Top