അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷി കലാകാരന്മാർ പങ്കെടുക്കുന്ന ചിത്രരചന എൻ ഐ പി എം ആറിൽ

കല്ലേറ്റുംകര : അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ ഡിസംബർ 3 ന് എൻ ഐ പി എം ആറിൽ സജ്ജമാക്കിയിട്ടുള്ള ആർട് എബിലിറ്റി സെന്ററിൽ ഭിന്ന ശേഷി കലാകാരന്മാരുടെ ചിത്ര രചനാ സംഗമം സംഘടിപ്പിക്കുന്നു. വ്യത്യസ്തമായ കഴിവുകൾ കൊണ്ട് ലോകശ്രദ്ധയാകർഷിച്ച കാലുകൾ കൊണ്ട് ചിത്രം വരയ്ക്കുന്ന സ്വപ്ന അഗസ്റ്റിൻ, പൂർണമായ കാഴ്ച ശക്തിയിലെങ്കിലും കാർട്ടൂൺ രചനയിൽ മികവ് പുലർത്തുന്ന അഞ്ജന സതീഷ് രണ്ടു കൈ ഇല്ലെങ്കിലും മികച്ച ചിത്രകാരിയെന്നു പേരെടുത്തിട്ടുള്ള നൂർ ജലീല എന്നിവരാണ് സാമൂഹ്യ വകുപ്പിന് കീഴിലുള്ള കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ ചിത്രം വരച്ച് ഭിന്നശേഷി ദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

ഇവർക്കൊപ്പം എൻ ഐ പി എം ആറിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളും ചിത്ര രചന പരിപാടിയിൽ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി എഡ്യൂക്കേഷൻ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസുകൾ, വെബ്ബിനാറുകൾ, മോട്ടിവേഷൻ ക്ലാസുകൾ, എൻ ഐ പി എം ആർ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം എന്നിവയും ഉണ്ടായിരിക്കും. എൻ ഐ പി എം ആർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി മുഹമ്മദ് അഷീൽ, ജോയിന്റ് ഡയറക്ടർ സി ചന്ദ്ര ബാബു, അക്കാദമിക് ഓഫീസർ ഡോ. വിജയലക്ഷ്മി ‘അമ്മ, എന്നിവർ ചടങ്ങിൽ പങ്കെടുക്കും. എൻ ഐ പി എം ആർ സ്ഥാപിച്ചിട്ടുള്ള ആർട് എബിലിറ്റി സെന്ററിൽ ഭിന്ന ശേഷി കലാകാരന്മാരുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ചിത്ര രചന , കാർട്ടൂൺ രചന, ശില്പ നിർമ്മാണം സ്റ്റുഡിയോ പോട്ടറി നിർമ്മാണം, ഇതര കരകൗശല വസ്തുക്കളുടെ നിർമ്മാണം എന്നിവയിൽ പരിശീലനം നൽകുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top