കൊടകര, ചാലക്കുടി ബസുകൾ ഠാണാവിൽ നിന്ന് ബൈപാസ് വഴി: ഗതാഗത പരിഷ്‌ക്കാരം ഫെബ്രുവരി 1 മുതൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായി ഫെബ്രുവരി 1 മുതൽ പുതിയ ഗതാഗത പരിഷ്‌ക്കാരം നിലവിൽ വരുന്നു. കൊടകര, ചാലക്കുടി ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ ഠാണാവിൽ നിന്നും ബൈപാസ് വഴി ഇടത്തോട്ട് തിരിഞ്ഞ് മാസ്സ് തീയറ്റർ വഴി ക്രൈസ്റ്റ് കോളേജിന് മുന്നിലെത്തി പതിവ്പോലെ എ.കെ.പി. ജംഗ്‌ഷൻ വഴി ബസ് സ്റ്റാന്റിലെത്തണമെന്ന് തിങ്കളാഴ്ച ചേർന്ന മുൻസിപ്പൽ തല ട്രാഫിക് കമ്മിറ്റിയുടെ യോഗത്തിൽ തീരുമാനമായി.

രണ്ട് മാസം മുൻപ് ചേർന്ന കമ്മിറ്റിയിൽ എടുത്ത തീരുമാനം ഇതുവരെ നടപ്പാക്കിയിരുന്നില്ല. ഇന്ന് ചേർന്ന കമ്മിറ്റിയിൽ പോലീസിന്‍റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ഫെബ്രുവരി 1 മുതൽ പുതിയ പരിഷ്‌ക്കാരം നിലവിൽ വരൻ പോകുന്നത്. നഗരസഭയുടെ തീരുമാനം രേഖ മൂലം ലഭിക്കാൻ വൈകുന്നതുകൊണ്ട് മുൻസിപ്പൽ തല ട്രാഫിക് കമ്മിറ്റിയുടെ പല തീരുമാനങ്ങളും പൊലീസിന് സമയബന്ധിതമായി നടപ്പിലാക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. നഗരസഭാതല ട്രാഫിക് കമ്മിറ്റി യോഗത്തിൽ റെവന്യൂ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പോലീസ് വകുപ്പ്, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ,മോട്ടോർ വാഹന വകുപ്പ്, നഗര സഭയിലെ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മാർ എന്നിവരാണ് സാധാരണയായി പങ്കെടുക്കുന്നത് . തിങ്കളാഴ്ച ചേർന്ന യോഗത്തിൽ മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്തു വകുപ്പിൽ നിന്ന് പങ്കെടുക്കാത്തതിനെ ക്കുറിച്ച് യോഗത്തിൽ വിമർശനമുണ്ടായി. ബസ് സ്റ്റാൻഡ് പരിസരത്തെ ഗതാഗത കുരുക്ക് ഒഴിവാക്കി ചെറുവാഹനങ്ങൾക്ക് നേരിട്ട് ടൗൺ ഹാൾ റോഡിൽ പ്രവേശിക്കാൻ പോസ്റ്റ് ഓഫീസിനു മുന്നിലെ ജോളി ബാറിന് അരികിലൂടെയുള്ള വഴി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.ഐ പ്രതിനിധികൾ നിർദേശം വച്ചു. സെന്റ് ജോസഫ്‌സ് കോളേജ്, ലിറ്റിൽ ഫ്ലവർ സ്കൂൾ കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് എന്നിവക്ക് മുന്നിൽ സീബ്ര ലൈൻ വേണമെന്ന് നിർദേശമുണ്ടായി. രണ്ട മാസം മുൻപ് ചേർന്ന യോഗത്തിൽ തീരുമാനമെടുത്ത ചന്തക്കുന്നിലെ ബ്ലിങ്കിങ്‌ ലൈറ്റ് സംവിധാനം എത്രയും പെട്ടെന്ന് നടപ്പിൽ വരുത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ചന്തക്കുമുന്നിലെ വികസനത്തിന് തടസമായി നിൽക്കുന്ന ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങൾ ജീവന് ഭീഷണിയാവുന്നു. ഇവ സ്വമേധയാ പോലീസ് പൊള്ളിച്ചു നീക്കണമെന്ന് സന്തോഷ് ബോബൻ പറഞ്ഞു.

പുതുതായി പണിത ബൈപാസ് വഴി ബസുകൾ അടക്കമുള്ള വാഹനങ്ങൾക്കുള്ള ട്രാഫിക് പരിഷ്കരണം വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയതിനു ശേഷം നടപ്പിലാക്കാമെന്ന് ഇൻസ്‌പെക്ടർ ഓഫ് പോലീസ് സുരേഷ് കുമാർ പറഞ്ഞു. നഗരസഭാ ടൗൺ പ്രദേശത്തെ പുതിയ ഓട്ടോറിക്ഷ പേട്ടകളും പെർമിറ്റുകളും അനുവദിക്കേണ്ട എന്നും അനധികൃത പേട്ടകൾക്കെതിരെ നടപടികൾ എടുക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച നടന്ന മുൻസിപ്പൽതല ട്രഫിക് കമ്മിറ്റിയുടെ യോഗത്തിന് ബി.ജെ.പി.യുടെ പ്രതിനിധിയായി പേര് കൊടുത്തിട്ടുള്ള തന്നെ യോഗ വിവരം അറിയിച്ചില്ലെന്നും ഇത് മൂലം പങ്കെടുക്കാൻ പറ്റിയില്ലെന്നും വിജയൻ പാറേക്കാട്ട് പറഞ്ഞു. നഗരസഭാ ചെയർ പേഴ്സൺ നിമ്യ ഷിജു അധ്യക്ഷയായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top