ഗുരുമന്ദിരം ആക്രമണം: നാട്ടുകാരനായ പ്രതി പിടിയിൽ

എടതിരിഞ്ഞി : എടതിരിഞ്ഞിയിലെ ഗുരുമന്ദിരം കഴിഞ്ഞ ദിവസം രാത്രി ആക്രമിച്ച പ്രതിയെ പോലീസ് പിടികൂടി. എടതിരിഞ്ഞി സ്വദേശിയായ എടച്ചാലി സഹിൽ (23) നെയാണ് കാട്ടൂർ പോലീസ് പ്രതിയുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. സമീപത്തെ സി.സി.ടി.വി കളുടെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടുപിടിച്ചത്.  പ്രതി കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഫിംഗർ പ്രിന്റ്, ഡോഗ് സ്ക്വാഡ്, ഫോറൻസിക്  എന്നിവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണ സംഘത്തിൽ കാട്ടൂർ സി.ഐ. സജീവ് എംകെ, കാട്ടൂർ എസ്.ഐ. വിമൽ വി.വി, എസ്.സി.പി.ഒ പ്രസാദ് ഷാനവാസ്, നിഖിൽ ജോൺ, സന്ദീപ്, സിപിഒ വിനീത്, വിജോഷ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഫെബിൻ എന്നിവരുമുണ്ടായിരുന്നു.

എടതിരിഞ്ഞി എസ്.എൻ.ഡി.പി 1640 ശാഖ ഗുരുമന്ദിരത്തിനും ഗുരുദേവ പ്രതിമക്കും നേരെയാൻ കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. സംസ്ഥാനപാതയുടെ അരികിലുള്ള ഗുരു മന്ദിരത്തിന്‍റെ ചില്ലുകൾ ആക്രമണത്തിൽ പൊട്ടിയിട്ടുണ്ട്. ഗുരു പ്രതിമയുടെ കഴുത്തും തകർന്നിട്ടുണ്ട്. നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പ് സന്ദർഭങ്ങളിൽ ഈ ഗുരുമന്ദിരത്തിനു നേരെയുള്ള ആക്രമണം ഇപ്പോൾ പതിവായിട്ടുണ്ട്. ചില ഗൂഢ താല്പര്യങ്ങൾക്ക് വേണ്ടി സാമൂഹ്യവിരുദ്ധർ നടത്തുന്ന ഇത്തരം ചെയ്തികൾക്കെതിരെ ശക്തമായ പ്രതിക്ഷേധം ഉയർന്നിരുന്നു

Leave a comment

Top