എടതിരിഞ്ഞിയിൽ ഗുരുമന്ദിരത്തിന് നേരെ നടന്ന ആക്രമണത്തിൽ ശക്തമായ പ്രതിഷേധം

എടതിരിഞ്ഞി : എടതിരിഞ്ഞി എസ്.എൻ.ഡി.പി 1640 ശാഖ ഗുരുമന്ദിരത്തിനും ഗുരുദേവ പ്രതിമക്കും നേരെ വീണ്ടും ചൊവ്വാഴ്ച പുലർച്ചെ ആക്രമണം. സംസ്ഥാനപാതയുടെ അരികിലുള്ള ഗുരു മന്ദിരത്തിന്‍റെ ചില്ലുകൾ ആക്രമണത്തിൽ പൊട്ടിയിട്ടുണ്ട്. ഗുരു പ്രതിമയുടെ കഴുത്തും തകർന്നിട്ടുണ്ട്. നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പ് സന്ദർഭങ്ങളിൽ ഈ ഗുരുമന്ദിരത്തിനു നേരെയുള്ള ആക്രമണം ഇപ്പോൾ പതിവായിട്ടുണ്ട്. ചില ഗൂഢ താല്പര്യങ്ങൾക്ക് വേണ്ടി സാമൂഹ്യവിരുദ്ധർ നടത്തുന്ന ഇത്തരം ചെയ്തികൾക്കെതിരെ ശക്തമായ പ്രതിക്ഷേധം ഉയർന്നിട്ടുണ്ട്.

പ്രദേശത്തെ സമാധാന അന്തരീക്ഷവും സാമൂഹിക ഐക്യവും തകർക്കാൻ ഗൂഢലക്ഷ്യത്തോടെയുള്ള പ്രവർത്തിയാണിതെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് എസ്.എൻ.ഡി.പി മുകുന്ദപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പറഞ്ഞു. ഗുരു മന്ദിരത്തിനു മുന്നിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ അദ്ദേഹത്തോടൊപ്പം യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ മുതുപ്പറമ്പിൽ, ശാഖാ പ്രസിഡന്റ് പീതാംബരൻ എടച്ചാലി എന്നിവർ സംസാരിച്ചു. എടതിരിഞ്ഞി എച്ച്.ഡി.പി സമാജം പ്രസിഡണ്ട് ഭരതൻ കണ്ടേങ്കാട്ടിൽ ഗുരു പ്രതിമ തകർത്ത സംഭവത്തിൽ പ്രതിഷേധം അറിയിച്ചു.

 ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു അരുണൻ മാസ്റ്റർ സംഭവസ്ഥലം സന്ദർശിച്ചു. കാട്ടൂർ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും സമാനമായ രീതിയിൽ ഗുരു മന്ദിരത്തിന്‍റെ ചില്ലുകൾ തകർക്കപെട്ടിട്ടുണ്ട്. അന്നത്തെ സംഭവത്തിൽ കുറ്റക്കാരെ ഇതുവരെ കണ്ടുപിടിക്കാൻ ആയിട്ടില്ല.

Leave a comment

Top