ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം & ആർകൈവ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 1ന്

ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം & ആർകൈവ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 1 രാവിലെ 10 മണിക്ക് ദേവസ്വം, ടൂറിസം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം & ആർകൈവ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 1 രാവിലെ 10 മണിക്ക് ദേവസ്വം, ടൂറിസം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു. ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. യോഗത്തിൽ തൃശൂർ എം.പി. ടി എൻ പ്രതാപൻ മുഖ്യാതിഥിയായിരിക്കും. കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയുടെ മുൻവശത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് പ്രസ്തുത യോഗം സംഘടിപ്പിക്കുന്നതെന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു. മ്യൂസിയം & ആർകൈവ്സിന് ആവശ്യമായ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വേണുഗോപാല മേനോൻ തോട്ടപ്പള്ളി ദേവസ്വത്തിന് സമർപ്പിക്കും. നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു, കൂടൽമാണിക്യം & ശ്രീ പത്മനാഭസ്വാമി ക്ഷേത്രം തന്ത്രിയായ ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാട്, ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ, ഇരിങ്ങാലക്കുട ടൗൺ ജുമാ മസ്ജിദ് ഇമാം ജനാബ് പി എൻ എ കബീർ മൗലവി എന്നിവർ ആശംസകൾ അർപ്പിക്കും.

കേരളത്തിലെ തന്നെ ഏറ്റവും അപൂർവ്വമായ താളിയോല ഗ്രന്ഥങ്ങളുടെ വൻശേഖരം ഉൾക്കൊള്ളുന്ന ക്ഷേത്രം എന്ന ബഹുമതി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിനാണ്. കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞു കൊണ്ടിരിക്കുന്ന താളിയോലഗ്രന്ഥങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിച്ചു സൂക്ഷിക്കുകയും അതിന്റെ ഡിസ്ക്രിപ്റ്റീവ് തയ്യാറാക്കുകയും ചെയ്യുക എന്നതും, അപൂർവ്വമായ വിജ്ഞാന സമ്പത്ത് ആധുനിക സാങ്കേതികവിദ്യകളുടെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തി ഡിജിറ്റൽ ഫോർമാറ്റിൽ ആക്കി റിമോട്ട് സെർവറുകളിൽ സൂക്ഷിച്ചു വരുംതലമുറയ്ക്ക് സുരക്ഷിതമായി കൈമാറണമെന്ന് ഉദ്ദേശത്തോടെയാണ് ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം & ആർകൈവ്സിന്റെ പ്രവർത്തനം ലക്ഷ്യമിടുന്നത് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ പറഞ്ഞു.

കേരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ, മുൻ എംപി പ്രൊഫ. സാവിത്രി ലക്ഷ്മണൻ, സാഹിത്യകാരൻ കെ വി രാമനാഥൻ മാസ്റ്റർ, മുൻ പി.എസ്.സി മെമ്പർ അശോകൻ ചെരുവിൽ, കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്കാരജേതാവ് ഗുരു അമ്മന്നൂർ പരമേശ്വര (കുട്ടൻ) ചാക്യാർ, കൂടൽമാണിക്യം മ്യൂസിയം & ആർകൈവ്സ് ഡയറക്ടർ ഡോക്ടർ കെ രാജേന്ദ്രൻ എന്നിവർ അടങ്ങുന്നതാണ് കൂടൽമാണിക്യം മ്യൂസിയം & ആർകൈവ്സ് ഉപദേശക സമിതി അംഗങ്ങൾ. ചടങ്ങുകൾ കൂടൽമാണിക്യം വെബ്‌സൈറ്റിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. പത്രസമ്മേളനത്തിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ. ഭരണസമിതി അംഗം ഭരതൻ കണ്ടേങ്കാട്ടിൽ, കൂടൽമാണിക്യം മ്യൂസിയം & ആർകൈവ്സ് ഡയറക്ടർ ഡോ. കെ രാജേന്ദ്രൻ, ഉപദേശക സമിതി അംഗം പ്രൊഫ. സാവിത്രി ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top