ഇരിങ്ങാലക്കുടയിലെ ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോൺ – കർശന നിയന്ത്രണങ്ങൾ

ഇരിങ്ങാലക്കുട : കോവിഡ് 19 രോഗവ്യാപന വർദ്ധനവിനെ തുടർന്ന് ഇരിങ്ങാലക്കുടയിൽ ക്രിട്ടിക്കൽ കണ്ടെയ്‌ൻമെൻറ് സോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട നഗരസഭയിൽ എം.എൽ.എ പ്രൊഫ. കെ .യു അരുണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. കഴിഞ്ഞ 2 ദിവസങ്ങളിലായി നഗരസഭ പ്രദേശത്ത് പോസറ്റീവ് കേസുകൾ വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിലും, ഉറവിടമറിയാത്ത രോഗികൾ കൂടുതലായി ഉണ്ടാകുന്നതിന്റെ അടിസ്ഥാനത്തിലുമാണ് നഗരസഭ പ്രദേശം ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോൺ ആക്കിയതെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. കഴിഞ്ഞ ട്രിപ്പിൾ ലോക്ക് ഡൗണിനു ശേഷം രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിരുന്നെങ്കിലും ഇപ്പോഴത്തെ സ്‌ഥിതി ആശങ്കജനകമാണെന്നും അതിനാൽ കർശന നിയന്ത്രണങ്ങൾ എടുക്കേണ്ടി വരുമെന്നും കളക്ടർ പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ നഗരസഭ പ്രദേശം 27–28 തിയതികളിൽ പൂർണ്ണമായി അടച്ചിടുന്നതിനു തീരുമാനിച്ചു.

ഈ ദിവസങ്ങളിൽ റവന്യു, തദ്ദേശ്ശഭരണ വിഭാഗം, വാട്ടർ അതോറിറ്റി, വൈദ്യുതി വിഭാഗം, പോലീസ്, ആരോഗ്യം, ഫയർ ഫോഴ്സ്, കോടതി എന്നിവ ഒഴികെയുള്ള എല്ലാ സ്‌ഥാപനങ്ങളും അടച്ചിടണമെന്നും, ബാങ്കുകൾ പൊതുജനങ്ങളെ ഒഴിവാക്കി 2 മണി വരെ മാത്രം പ്രവൃത്തിക്കാമെന്നും, നഗരസഭയുടെ നാലതിർത്തികളിലും യാത്രാ നിയന്ത്രണം ഏർപ്പെടുത്തണമെന്നും, ദീർഘദൂര സർവീസുകൾക്ക് നഗരസഭ അതിർത്തയിൽ സ്റ്റോപ്പ്‌ അനുവദിക്കില്ലെന്നും, പൊതു ഗതാഗതം ഒഴിവാക്കണമെന്നും, കമ്പനികൾ മെഷീനറി സംവിധാനം പ്രവത്തിപ്പിക്കുന്നതിനു മാത്രം തുറക്കാമെന്നും തീരുമാനിച്ചു. ഒരു വാർഡിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന 2 കടകൾ മാത്രം തുറക്കും. സാധനങ്ങൾ വളണ്ടിയർമാർ വഴി മാത്രം വാങ്ങണം. അനാവശ്യമായി ആരും പുറത്തിറങ്ങരുത്. ഇക്കാര്യങ്ങളെല്ലാം കാണിച്ചു നഗരസഭ അനൗണ്സ്മെന്റ് നടത്തണമെന്നും യോഗത്തിൽ തീരുമാനിച്ചു.

നഗരസഭ കൗൺസിൽ ഹാളിൽ വച്ച് നടന്ന യോഗത്തിൽ ചെയർപേഴ്സൺ നിമ്യ ഷിജു, താഹസിൽദാർ ഐ. ജെ. മധുസൂദനൻ, നോഡൽ ഓഫീസർ ഷോജൻ, സി. ഐ. എം. ജെ. ജിജോ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ, കൗൺസിലർമാർ, വ്യാപാരപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top