കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സ് ഉദ്‌ഘാടനം നവംബർ 1 ഞായറാഴ്ച

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സ് ഉദ്‌ഘാടനം നവംബർ 1 ഞായറാഴ്ച ദേവസ്വം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. പ്രൊഫ. കെ.യു അരുണൻ അദ്ധ്യക്ഷത വഹിക്കും. കേരളത്തിലെ ഏറ്റവും വലിയ താളിയോല ഗ്രന്ഥശേഖരം ഉള്ള ക്ഷേത്രമാണ് കൂടൽമാണിക്യം ക്ഷേത്രം. തച്ചുടയക്കൈമളുടെ കൊട്ടിലായ്ക്കൽ ബംഗ്ലാവ് ഇന്ന് കേരളീയ വാസ്തുവിദ്യയുടെ ശേഷിപ്പുകളിൽ ഒന്നാണ് . ജീർണാവസ്ഥയിലുള്ള ഈ കൊട്ടാരം അതിൻ്റെ തനിമ ഒട്ടും തന്നെ നഷ്ടപ്പെടാതെ നിലനിർത്തിക്കൊണ്ട് കേരളത്തിൻ്റെ സാംസ്കാരിക പൈതൃകമായി നിലനിർത്തണം.

കേരളത്തിലെ തന്നെ ഏറ്റവും അപൂർവ്വമായ താളിയോല ഗ്രന്ഥങ്ങളുടെ വൻശേഖരം ഉൾക്കൊള്ളുന്ന കൊട്ടാരം ലൈബ്രറിയിലെ മുഴുവൻ താളിയോല ഗ്രന്ഥങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തണം. പൊടിഞ്ഞു കൊണ്ടിരിക്കുന്ന താളിയോല ഗ്രന്ഥങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിച്ചു സൂക്ഷിക്കുകയും അതിൻറെ ഡിസ്ക്രിപ്റ്റീവ് കാറ്റലോഗ് തയ്യാറാക്കുകയും വേണം. ഈ അപൂർവമായ വിജ്ഞാനസമ്പത്ത് ആധുനിക സാങ്കേതികവിദ്യകളുടെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തി ഡിജിറ്റൽ ഫോർമാറ്റിൽ ആക്കി റിമോട്ട് സെർവറുകളിൽ സൂക്ഷിച്ച് വരുംതലമുറയ്ക്ക് സുരക്ഷിതമായി കൈമാറണം എന്ന ലക്ഷ്യമാണ് കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സിന് .

ഇതേ രീതിയിൽ തന്നെ ദേവസ്വം സ്വത്തുവകകൾ സംബന്ധിച്ച മാപ്പ്, ലാൻ്റ് മാപ്പ് ,ദേവസ്വം വസ്തുവകകളുടെ ആധാരങ്ങൾ, ഭൂമി ഇടപാടുകളുടെ രേഖകൾ, രജിസ്റ്ററുകൾ,പാട്ടചീട്ടുകൾ,പാട്ടം സംബന്ധിച്ച രജിസ്റ്ററുകൾ എന്നിവയും ശാസ്ത്രീയമായി സംരക്ഷിച്ച് ശേഷം ഇതെല്ലാം സ്കാൻ ചെയ്ത് ഡിജിറ്റൽ രൂപത്തിലാക്കി സൂക്ഷിക്കുകയും വേണം.ദേവസ്വവുമായി ബന്ധപ്പെട്ട മുഴുവൻ പുരാവസ്തുക്കളും, ദേവസ്വം ലൈബ്രറിയിലുള്ള മുഴുവൻ ആർക്കൈവൽ ഡോക്യുമെൻ്റുകളും , മാനുസ്ക്രിപ്റ്റ് കളും, പുസ്തകങ്ങളും സംരക്ഷിക്കുകയും അതോടൊപ്പം ഈ അപൂർവ ഡോക്യുമെൻ്റുകൾ എല്ലാം സ്കാൻ ചെയ്ത്‌ ഇമേജുകളാക്കി ഇൻ്റേണൽ സെർവറുകളിലും റിമോട്ട് സർവീസുകളിലുമായി സൂക്ഷിക്കണം. തുടർന്ന് ഇരിങ്ങാലക്കുടയുടെ സാംസ്കാരിക പൈതൃകവും,ചരിത്രവും ഉൾക്കൊള്ളുന്ന രേഖകൾ കണ്ടെത്തി സംരക്ഷിക്കുന്നതിനും ശ്രമിക്കണം. ഇതെല്ലാം ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷണ വിദ്യാർത്ഥികൾക്കും സഹായകമായ രീതിയിൽ പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതിനും ലോകസമക്ഷം എത്തിക്കുന്നതിനുമാണ് കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സ് ലക്ഷ്യമിടുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top