നഗരസഭക്ക് ഹരിത കേരള മിഷന്‍റെ പച്ചതുരുത്ത് അനുമോദന പത്രം ലഭിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്‍റെ ഹരിതകേരളമിഷൻ ആവിഷ്ക്കരിച്ച പച്ചതുരുത്ത് പദ്ധതിയിൻ കീഴിൽ ജൈവ വൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനായി മാതൃകാപരമായ പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങൾ നടത്തിയ ഇരിങ്ങാലക്കുട നഗരസഭക്കുള്ള ഹരിത കേരള മിഷൻ പച്ചതുരുത്ത് അനുമോദന പത്രം ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഫേമസ് വർഗ്ഗീസ് മുനിസിപ്പൽ ചെയർ പേഴ്സൺ നിമ്യ ഷിജുവിന് സമ്മാനിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിന് മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു. പുരസ്ക്കാര ചടങ്ങിൽ റിട്ടയർ ചെയ്യുന്ന ഡി വൈ എസ് പി ക്ക് നഗരസഭയുടെ സ്നേഹോപഹാരം ചെയർപേഴ്സൺ നൽകി. യോഗത്തിന് മുനിസിപ്പൽ സെക്രട്ടറി കെ.എസ്. അരുൺ റിപ്പോർട്ട് അവതരിപ്പിച്ചു.

ആശംസകളർപ്പിച്ചുകൊണ്ട് വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുരിയൻ ജോസഫ്, പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൽസല ശശി, കൗൺസിലർമാരായ സോണിയ ഗിരി, പി.വി. ശിവകുമാർ, വി.സി. വർഗ്ഗീസ്, കെ. കെ. അബ്ദുള്ള കുട്ടി എന്നിവർ സംസാരിച്ചു. പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. ബേബി, അനിൽ. കെ.ജി, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ സിജിൻ. ടി.എസ്, നിത്യ എന്നിവർ നേതൃത്വം നൽകി. യോഗത്തിന് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അബ്ദുൾ ബഷീർ സ്വാഗതവും ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലി നന്ദിയും രേഖപ്പെടുത്തി.

Leave a comment

Top