കാട്ടൂർ – കാറളം ലിഫ്റ്റ് ഇറിഗേഷന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു

കാട്ടൂർ : പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ പ്രാദേശിക വികസന ഫണ്ടും, ബ്ലോക്ക്‌ പഞ്ചായത്തിന്‍റെ ഫണ്ടുമുപയോഗിച്ച് പൂർത്തീകരിച്ച കാട്ടൂർ — കാറളം ലിഫ്റ്റ് ഇറിഗേഷന്‍റെ ഉദ്ഘാടനം എം. എൽ. എ നിർവഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എ. മനോജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ട്രാൻസ്‌ഫോർമർ സ്‌ഥാപിക്കുന്നതിനും പൈപ്പ് ലൈൻ നീട്ടുന്നതിനുമായി 16,66,000 രൂപയാണ് എം. എൽ. എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നത്. കൂടാതെ ബ്ലോക്ക്‌ പഞ്ചായത്തിന്‍റെ 35 ലക്ഷം രൂപയും ഗുണഭോക്തൃ വിഹിതമായ 3,33,333 രൂപയും ഉപയോഗിച്ചാണ് പ്രസ്തുത പദ്ധതി പൂർത്തീകരണം ചെയ്തിട്ടുള്ളത്.

ഈ പദ്ധതി നടപ്പിലായതോടെ കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ 6,7,8,9 വാർഡുകളിലും കാറളം ഗ്രാമ പഞ്ചായത്തിലെ 12,13 വാർഡുകളിലും അനുഭവപ്പെട്ടിരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുകയും കാർഷിക മേഖലക്ക് പുത്തനുണർവ്വ് പകരുകയും ചെയ്യും. കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ ദുബായ് മൂലയിൽ നടന്ന ഉദ്ഘാടനചടങ്ങിൽ കാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. കെ. രമേഷ് മുഖ്യാഥിതി ആയിരുന്നു. വാർഡ് മെമ്പർമാരായ വി. കെ. മനോജ്‌, ജയശ്രീ സുബ്രഹ്മണ്യൻ, രാജലക്ഷ്‌മി കുറുമാത്ത് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കമറുദ്ദീൻ വലിയകത്ത് സ്വാഗതവും രാജീവ് വേങ്ങശ്ശേരി നന്ദിയും പറഞ്ഞു.

Leave a comment

Top