നവകേരള മിഷന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ പൊതു വിദ്യാലയങ്ങളും ഹൈ ടെക്ക് ആയി മാറിയതിന്‍റെ പ്രഖ്യാപനം ഒക്ടോബര്‍ 12 ന്

ഇരിങ്ങാലക്കുട : നവകേരള മിഷന്‍റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെ സംസ്‌ഥാനത്തെ മുഴുവൻ പൊതു വിദ്യാലയങ്ങളും ഹൈ ടെക്ക് ആയി മാറിയതിന്റെ പ്രഖ്യാപനം ഒക്ടോബർ 12 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും . വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ അദ്ധ്യക്ഷത വഹിക്കും. അക്കാദമിക മികവാണ് വിദ്യാലയത്തിന്‍റെ മികവ് എന്ന ആശയത്തിലൂന്നിയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി ഭൗതികവും, അക്കാദമികവും, സാമൂഹികവുമായ മേഖലകളിലെ വികസനം സാധ്യമാകുന്ന വിവിധ കർമ്മ പരിപാടികളാണ് നടപ്പിലാക്കിയിട്ടുള്ളത്. അദ്ധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, സാമൂഹ്യ — രാഷ്ട്രീയ — സാംസ്കാരിക — സന്നദ്ധ സംഘടനാ പ്രവർത്തകർ വിവിധ സർക്കാർ — സർക്കാരിതര ഏജൻസികൾ എന്നിവയുടെ കൂട്ടായ്മയിലൂടെ സമയബന്ധിതമായിട്ടാണ് ഈ വികസന പ്രവർത്തികൾ നടന്നിട്ടുള്ളത്.

കേരളം സമ്പൂർണ്ണ ഹൈ ടെക്ക് ആയി മാറുന്ന പ്രഖ്യാപനത്തോടൊപ്പം ഇരിഞ്ഞാലക്കുട നിയോജക മണ്ഡലവും സമ്പൂർണ്ണ ഹൈ ടെക്ക് ആയി മാറും ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഗേൾസ് ഹൈ സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽവച്ച് പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ ഔദ്യോഗിക പ്രഖ്യാപനം നടത്തും

കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലും പൊതു വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലായി നിരവധി വികസന പ്രവർത്തികൾ നടന്നിട്ടുണ്ട്. നടവരമ്പ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അന്താരാഷ്ട്ര പദവിയിലേക്കുയർത്തുന്നതിനായി കിഫ്‌ബിയിൽ നിന്നും അനുവദിച്ച 5 കോടി രൂപയും, എം. എൽ. എ. ഫണ്ടിൽ നിന്നും അനുവദിച്ച 1.70 കോടി രൂപയും ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തികൾ നടന്നു വരുന്നു. മാടായിക്കോണം ശ്രീ. പി. കെ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവണ്മെന്റ് യു. പി. സ്കൂളിന്‍റെ 1 കോടി രൂപയുടെയും വടക്കുംകര ഗവണ്മെന്റ് യു. പി. സ്കൂളിന്‍റെ 50 ലക്ഷം രൂപയുടെയും നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചു. ഇരിങ്ങാലക്കുട ഗവണ്മെന്റ് ഗേൾസ് എൽ. പി. സ്കൂളിന് അനുവദിച്ച 2.70 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുകയാണ്.

ഇതിന് പുറമെ ഇരിങ്ങാലക്കുട ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് 1.25 കോടി, ഇരിങ്ങാലക്കുട ഗവണ്മെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് 1 കോടി, ഇരിങ്ങാലക്കുട ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന് 1 കോടി, ആനന്ദപുരം ഗവണ്മെന്റ് യു. പി. സ്കൂളിന് 1 കോടി, കാട്ടൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് 1.53 കോടി എന്നിങ്ങനെ വിവിധങ്ങളായ ഫണ്ടുകളാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിലെ 305 ക്ലാസ്സ് മുറികൾ 3.01 കോടി രൂപ ചെലവഴിച്ചു ഹൈ ടെക്ക് ക്ലാസ്സ് മുറികളാക്കി മാറ്റിയിട്ടുണ്ട്.

Leave a comment

Top