പുസ്തകങ്ങള്‍ അണുവിമുക്തമാക്കാന്‍ സഹൃദയ എന്‍ജിനീയറിംഗ് കോളേജ് വികസിപ്പിച്ചെടുത്ത ബുക്ക് ഡിസിന്‍ഫെക്ടറിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു

കൊടകര : കോവിഡ് വ്യാപനം കൂടി കൊണ്ടിരിക്കുന്ന ഈ സമയത്ത് പുസ്തകങ്ങള്‍ അണു നശീകരണം നടത്താനുള്ള ബുക്ക് ഡിസിന്‍ഫെക്ടർ എന്ന പുതിയ സംവിധാനവുമായി കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജ്. ബുക്ക് ഡിസിന്‍ഫെക്ടറിന്റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ അദ്ധ്യക്ഷത വഹിച്ചു. കടലാസിലും പുസ്തകങ്ങളിലും നാല് മണിക്കൂര്‍ മുതല്‍ അഞ്ച് ദിവസം വരെ കോവിഡ് 19 വൈറസിന്റെ സാന്നിദ്ധ്യം നിലനില്ക്കാമെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. പുസ്തകങ്ങള്‍ സാനിറ്റൈസറുകളൊ മറ്റ് രാസ ലായനികളൊ മറ്റ് രീതികളൊ ഉപയോഗിച്ച് അണു നശീകരണം നടത്താനാകാത്തത് ലൈബ്രറികള്‍ക്ക് വലിയ വെല്ലുവിളിയാണ്. എന്നാല്‍ ബുക്ക് ഡിസിന്‍ഫെക്ടര്‍ എന്ന ഈ ഉപകരണം യു.വി.സി. സാങ്കേതിക വിദ്യ ഉപയോഗിച്ച് വളരെ കുറഞ്ഞ സമയം കൊണ്ട് പുസ്തകങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കാനാകും.

പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ ഈ ഉപകരണം പ്രവര്‍ത്തിക്കുമ്പോള്‍ യാതൊരുവിധ മാലിന്യങ്ങളൊ വിഷാംശങ്ങളൊ പുറപ്പെടുവിക്കുന്നില്ല.സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവര്‍ക്കും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ ഉപകരണം രൂപകല്പന ചെയ്തിരിക്കുന്നത്.അഞ്ച് മിനിറ്റിനുള്ളില്‍ 50ഓളം പുസ്തകങ്ങള്‍ അണുവിമുക്തമാക്കാം.രാസ വസ്തുക്കള്‍ ഒന്നും ഉപയോഗിക്കാതെ പുസ്തകങ്ങള്‍ക്ക് യാതൊരു കേടുപാടുകളും പറ്റാതെയാണ് അണുനശീകരണം നടത്തുന്നത്. ഈ സംവിധാനം ഉപയോഗിച്ച് കോവിഡ് 19, സാര്‍സ്, മെര്‍സ്, എച്ച് 1 എന്‍ 1, ഇന്‍ഫ്‌ലൂവെന്‍സ തുടങ്ങിയ എല്ലാത്തരം വൈറസുകളും ബാക്ടീരിയ ഫംഗസ് തുടങ്ങിയ സൂക്ഷമ ജീവികളേയും നശിപ്പിക്കാനാകും.സഹൃദയ ടെക്‌നോളജി ബിസിനസ്സ് ഇന്‍കുബേറ്ററിന്റെ നേതൃത്വത്തിലാണ് ബുക്ക് ഡിസിന്‍ഫെക്ടര്‍ വികസിപ്പിച്ചത്.

ഡയറക്ടര്‍ ഡോ. എലിസബത്ത് ഏലിയാസ്,പ്രിന്‍സിപ്പല്‍ ഡോ.നിക്‌സന്‍ കുരുവിള,ലൈബ്രേറിയന്‍ പ്രൊഫ. ജോസഫ് ജെസ്റ്റിന്‍,ഡിസൈന്‍ എന്‍ജിനീയര്‍ ജിയോ ലിയാന്റല്‍ ലോറന്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.കോവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി പെഡല്‍ സാനിറ്റൈസര്‍,ഓട്ടോമാറ്റിക് സാനിറ്റെസര്‍,കോവിഡ് ബാരിയര്‍,മാസ്‌ക ഹണ്ടര്‍ തുടങ്ങി നിരവധി ഉപകരണങ്ങള്‍ സഹൃദയ കോളേജ് നിര്‍മിച്ചിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top